വിഷാദ രോഗികള്‍ക്കായി പ്രാര്‍ത്ഥനയും പ്രവൃത്തിയും ഉണ്ടാകണം:നവംബറിലെ പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ

വിഷാദ രോഗികള്‍ക്കായി പ്രാര്‍ത്ഥനയും പ്രവൃത്തിയും ഉണ്ടാകണം:നവംബറിലെ  പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിഷാദ രോഗത്തിലും ജീവിത നൈരാശ്യത്തിലും അകപ്പെട്ട സഹജീവികള്‍ക്കു രക്ഷാമാര്‍ഗ്ഗമൊരുക്കാനുള്ള കടമ തിരിച്ചറിയാനും അവര്‍ക്കായി തിക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാനുമുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാനസികവും വൈകാരികവും ശാരീരികവുമായി തളര്‍ന്ന മനുഷ്യരുടെ കൂടെനില്‍ക്കാന്‍ കഴിയണം - നവംബറിലെ പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ചുകൊണ്ടുള്ള 'പോപ്സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ്' വീഡിയോയില്‍ പാപ്പ പറഞ്ഞു.

'അധിക ജോലിയും അനുബന്ധ സമ്മര്‍ദ്ദവും മൂലം പലര്‍ക്കും കടുത്ത ക്ഷീണം അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. ഇന്നത്തെ പ്രത്യേക ജീവിത ക്രമത്തില്‍ അമിതഭാരം വഹിക്കേണ്ടിവരുന്നതിനാല്‍ ആളുകളുടെ ജീവിതത്തില്‍ സങ്കടം, നിസ്സംഗത, ആത്മീയ ക്ഷീണം എന്നിവയുടെ ആധിപത്യമുണ്ടാകുന്നു. വടക്കന്‍ അര്‍ദ്ധഗോളത്തില്‍ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ശരത്കാല, ശീതകാല സീസണുകളില്‍ പ്രവേശിക്കുമ്പോള്‍ ഈയവസ്ഥ ഏറെ സങ്കീര്‍ണ്ണമായി മാറുന്നു' - മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

പ്രതീക്ഷയറ്റും നിരാശ ഗ്രസിച്ചും നമുക്ക് ചുറ്റും കഴിയുന്ന വിഷാദ ബാധിതരുമായി ബന്ധപ്പെടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. പക്ഷേ, അമിത ഭാഷണത്തിലൂടെ മറ്റുള്ളവരെ ആശ്വസിപ്പിക്കാനാവുമെന്നു കരുതരുത്. 'ഞാന്‍ പറയുന്നത് കേള്‍ക്കൂ, ഞാന്‍ നിങ്ങള്‍ക്ക് പരിഹാരം തരാം' എന്ന പിടിവാശി ഫലമുണ്ടാക്കില്ല. നമ്മള്‍ നിശബ്ദമായി കേള്‍ക്കാന്‍ സന്നദ്ധമാകണം. ആരോടെങ്കിലും പോയി പറയാന്‍ കഴിയുന്നതായിരിക്കില്ല അവരുടെ പ്രശ്‌നങ്ങള്‍. വാക്കിലൂടെ നല്‍കാനാവുന്ന പരിഹാരമുണ്ടാകണമെന്നുമില്ല. പെട്ടെന്ന് സുഖപ്പെടുത്തുവാന്‍ തക്ക പ്രത്യേകമായ രഹസ്യ പോംവഴികളില്ല ഇതിന്. മനഃശാസ്ത്രപരമായ കൗണ്‍സിലിംഗ് ആണാവശ്യം.

'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കല്‍ വരൂ, ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസമേകാം' എന്ന യേശുവിന്റെ വാക്കുകള്‍ ഇത്തരം സാഹചര്യങ്ങളില്‍ ശക്തിയേകും. ആ തിരുവചനം മനസ്സില്‍ വെച്ചുകൊണ്ട്, നാം ചുറ്റുമുള്ളവരെ സഹായിക്കണം.'വിഷാദമോ നൈരാശ്യമോ ഒക്കെ അനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണയും ജീവിതത്തിലേക്ക് തുറക്കുന്ന വെളിച്ചവും ലഭിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.'
വിവിധ തരത്തിലുള്ള മാനസിക രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ആത്മീയ പിന്തുണ വാഗ്ദാനം ചെയ്യുന്ന കത്തോലിക്കാ മാനസികാരോഗ്യ മിനിസ്ട്രിയുമായി ചേര്‍ന്നാണ് പോപ്സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ് വീഡിയോയുടെ നവംബര്‍ പതിപ്പ് സൃഷ്ടിച്ചത്. വീഡിയോയ്ക്കൊപ്പമുള്ള പത്രക്കുറിപ്പ് അനുസരിച്ച്, ലോകമെമ്പാടുമുള്ള 10 ആളുകളില്‍ ഒരാള്‍ക്കു വീതം മാനസികാരോഗ്യ പ്രശ്‌നമുണ്ട്. ഇത് 792 ദശലക്ഷം വരും. വിഷാദ, ഉത്ക്കണ്ഠ രോഗ ബാധിതര്‍ യഥാക്രമം 3 ഉം 4 ഉം ശതമാനമാണ്


ചികിത്സിച്ചില്ലെങ്കില്‍ ഇവരില്‍ ചിലര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകവ്യാപകമായി ഓരോ വര്‍ഷവും 700,000 ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കോവിഡ് -19 മഹാമാരിയും ദൈനംദിന ജീവിതത്തില്‍ അതിനോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളും നിരവധി ആളുകളുടെ മാനസികവും വൈകാരികവുമായ പ്രതിരോധശേഷിയെ കഠിനമായി പരീക്ഷിച്ച കാലഘട്ടമാണിത്.

മാർപാപ്പയുടെ ഈ വർഷത്തെ ഓരോ മാസത്തേയും പ്രാര്‍ത്ഥന നിയോഗങ്ങൾ :

ജനുവരി 2021
മനുഷ്യ സാഹോദര്യം: മറ്റു മതങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാരുമായി പൂർണ്ണമായി കൂട്ടായ്മയിൽ ജീവിക്കാനും, എല്ലാവർക്കുമായി പരസ്പരം പ്രാർത്ഥിക്കാനും,കർത്താവ് നമുക്ക് കൃപ നൽകട്ടെ.

ഫെബ്രുവരി 2021
സ്ത്രീകൾക്കെതിരായ അതിക്രമം: അക്രമത്തിന് ഇരയായ സ്ത്രീകൾ സമൂഹത്താൽ സംരക്ഷിക്കപ്പെടാനും അവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കാൻ ശ്രദ്ധിക്കപ്പെടാനും പ്രാർത്ഥിക്കാം.

മാർച്ച് 2021
അനുരഞ്ജനത്തിന്റെ സംസ്കാരം:ദൈവത്തിന്റെ അനന്തമായ കരുണ ആസ്വദിക്കാനും അനുരഞ്ജനത്തിന്റെ കൂദാശ കൂടുതൽ ആഴത്തിൽ അനുഭസവവേദ്യമാക്കാനും സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഏപ്രിൽ 2021
മൗലികാവകാശങ്ങൾ: സ്വേച്ഛാധിപത്യത്തിനും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും പ്രതിസന്ധിയിലായ ജനാധിപത്യ രാജ്യങ്ങൾക്ക് കീഴിലും മൗലികാവകാശങ്ങൾക്കായി പോരാടി ജീവൻ പണയപ്പെടുത്തുന്നവർക്കായി നമുക്ക് പ്രാർത്ഥിക്കാം.

മെയ് 2021
ലോക സാമ്പത്തികം:സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതിനും പൗരന്മാരെ അതിന്റെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ധനകാര്യ മേഖലയിലെ ഉത്തരവാദിത്തപെട്ടവർ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

ജൂൺ 2021

വിവാഹത്തിന്റെ സൗന്ദര്യം: ക്രിസ്തീയ സമൂഹത്തിന്റെ പിന്തുണയോടെ വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുപ്പക്കാർക്കായി നമുക്ക് പ്രാർത്ഥിക്കാം: അവർ ഔദാര്യം, വിശ്വസ്തത, ക്ഷമ എന്നിവയോടുകൂടി സ്നേഹത്തിൽ വളരാൻ പ്രാർത്ഥിക്കാം

ജൂലൈ 2021

സാമൂഹിക സൗഹൃദം:സംഘർഷത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ, സംഭാഷണത്തിൽ സൗഹൃദത്തിന്റെ വാസ്തുശില്പികളാകാൻ നമുക്കാവട്ടെ എന്ന് പ്രാർത്ഥിക്കാം.

ഓഗസ്റ്റ് 2021

സഭ സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം നവീകരിക്കപ്പെട്ട്‌ കൃപയും ശക്തിയും പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കത്തക്കവിധം വ്യാപാരിക്കാൻ നമുക്ക് സഭയ്ക്കായി പ്രാർത്ഥിക്കാം.

സെപ്റ്റംബർ 2021

പരിസ്ഥിതി സുസ്ഥിര ജീവിതശൈലി:ലളിതവും പാരിസ്ഥിതികവും സുസ്ഥിരവുമായ ഒരു ജീവിതശൈലി എല്ലാവരും തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കാം . ഈ കാര്യത്തിൽ യുവജനതയുടെ നിശ്ചയദാർഢ്യത്തിൽ സന്തോഷിക്കാം.

ഒക്ടോബർ 2021

മിഷനറി ശിഷ്യന്മാർ : സുവിശേഷത്തിന്റെ ചുവയുള്ള ഒരു ജീവിതത്തിന്റെ സാക്ഷികളായിക്കൊണ്ട്‌ , സ്നാനമേറ്റ ഓരോ വ്യക്തിയും സുവിശേഷവത്ക്കരണത്തിൽ പങ്കാളിയാകാനും, ദൗത്യനിർവഹണത്തിൽ പങ്ക് ചേരാനും ഇടയാവാനായി പ്രാർത്ഥിക്കാം.

നവംബർ 2021
വിഷാദം അനുഭവിക്കുന്ന ആളുകൾ: വിഷാദം അനുഭവിക്കുന്ന ആളുകൾക്കും അല്ലെങ്കിൽ ജീവിതം എരിഞ്ഞ് തീരുന്നവർക്കും ആവശ്യമായ പിന്തുണയും ജീവിതത്തിലേക്ക് വഴി തെളിക്കുന്ന വെളിച്ചവും ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഡിസംബർ 2021
വചന പ്രഘോഷകർ: ദൈവവചനം പ്രഖ്യാപിക്കാൻ വിളിക്കപ്പെട്ട വചനപ്രഘോഷകർക്കായി നമുക്ക് പ്രാർത്ഥിക്കാം: ധൈര്യവും സർഗ്ഗാത്മകതയും പരിശുദ്ധാ ത്മാവിൽനിന്നു കിട്ടുന്ന ശക്തിയും നിറഞ്ഞ് അവർ വചനത്തിന് സാക്ഷികളാകട്ടെ.
സെപ്റ്റംബർ

മാർപാപ്പയുടെ നവംബർ  മാസ പ്രാർത്ഥനാ നിയോഗം പങ്ക് വച്ച് കൊണ്ടുള്ള വീഡിയോ വത്തിക്കാൻ ന്യൂസ് പുറപ്പെടുവിച്ചത് കാണാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26