കൊച്ചി: മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ മരിച്ച സംഭവത്തിൽ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുൾ റഹ്മാനാണ് അറസ്റ്റിലായത്. വാഹനം ഓടിച്ച അബ്ദുള്‍ റഹ്മാന്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.
നവംബര്‍ ഒന്നിനായിരുന്നു വാഹനാപകടം. കൂട്ടുകാര്‍ വിലക്കിയിട്ടും ഇയാള്‍ കാര്‍ ഓടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പാലാരിവട്ടം പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കാര്‍ അമിതവേഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എ. മുഹമ്മദ് ആഷിഖ് ഇന്ന് രാവിലെയായാണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ആഷിഖ്.
അപകടത്തില്‍, കാറില്‍ കൂടെയുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളി ഡേ ഇന്‍ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. മുന്നില്‍പ്പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണം നഷ്ടമായി പ്രധാന റോഡിനേയും സര്‍വീസ് റോഡിനേയും വേര്‍തിരിക്കുന്ന മീഡിയനിലിടിക്കുകയായിരുന്നു. കാറിന് പിന്നില്‍ വലതുവശത്തിരുന്ന ആഷിഖിന് മുന്നോട്ട് തെറിച്ച് ഗുരുതരമായി പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുള്‍ റഹ്മാന്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.