സഭയുടെ സമ്മര്‍ദ്ദ തന്ത്രമോ?... സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രമോ?

സഭയുടെ സമ്മര്‍ദ്ദ തന്ത്രമോ?... സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രമോ?

ന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഏറെ കരുത്തുറ്റതാണ് കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസ രംഗം.

എയിംസും ഐഐടിയും പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയ പകപോക്കലിന്റെ കാണാച്ചരടുകളില്‍ കുരുങ്ങി നമുക്ക് അന്യമായി തുടരുമ്പോഴും അടിസ്ഥാന വിദ്യാഭ്യാസ മേഖല അതിശക്തമാണ് കേരളത്തില്‍. അങ്ങനെയാണ് സാക്ഷര കേരളം പിറവി കൊണ്ടത്.

ഈ അഭിമാന നേട്ടത്തിന് പിന്നില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നപോലെ, ഒരുപക്ഷേ അതിലും ഉപരിയായ പ്രവര്‍ത്തന മികവ് കാഴ്ച വയ്ക്കുന്നതാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍. അതില്‍ തന്നെ ക്രൈസ്തവ സഭകള്‍ നടത്തുന്ന സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ മുന്നിലാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

കേരളത്തില്‍ ഇന്നെത്തി നില്‍ക്കുന്ന പൊതു വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതില്‍ വിവിധ ക്രൈസ്തവ സഭകള്‍ തുടക്കം മുതല്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. ഇരുനൂറ് വര്‍ഷങ്ങള്‍ക്കും മുന്‍പ് 1803 ല്‍ തുടങ്ങിയതാണ് ആ മിഷന്‍.

1803 ലാണ് ആദ്യമായി കോട്ടയത്ത് സി.എം.എസ് മിഷണറിമാര്‍ ഒരു പള്ളിക്കുടം സ്ഥാപിച്ചത്. 1819 ല്‍ പെണ്‍കുട്ടികള്‍ക്കായുള്ള പള്ളിക്കുടവും സ്ഥാപിച്ചു. വിശുദ്ധനായ ചാവറ പിതാവിലൂടെ പിന്നീട് കേരളത്തില്‍ പള്ളിക്കുടങ്ങള്‍ വ്യാപകമായി. അങ്ങനെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമായി. ഇപ്പോള്‍ രാഷ്ട്രീയ ഭരണ നേതൃത്വം ആവര്‍ത്തിച്ച് ഊറ്റം കൊള്ളുന്ന സാക്ഷര കേരളത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത് അവിടെ നിന്നാണ്.

എന്നാല്‍ 'തല മറന്ന് എണ്ണ തേക്കുന്ന' പരിപാടിയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭാഗത്തു നിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രിയുടെ അതിരുകടന്ന 'അഭ്യാസ പ്രകടനങ്ങള്‍'.

ഇതുമായി ബന്ധപ്പെട്ട് മന്ത്രി ശിവന്‍കുട്ടി നടത്തിയ വസ്തുതാ വിരുദ്ധമായ ചില പ്രസ്താവനകളാണ് ഇപ്പോള്‍ വിഷയം വിവാദമാക്കിയിരിക്കുന്നത്. 1996 മുതല്‍ 2017 വരെ എയ്ഡഡ് മാനേജ്‌മെന്റുകള്‍ നടത്തിയിട്ടുള്ള നിയമനങ്ങളുടെ മൂന്ന് ശതമാനവും 2018 മുതല്‍ ഇതുവരെ നടത്തിയ നിയമനങ്ങളുടെ നാല് ശതമാനവും ഭിന്നശേഷിക്കാരായ ആളുകള്‍ക്കു വേണ്ടി നീക്കി വയ്ക്കണമെന്നതാണ് സര്‍ക്കാര്‍ ഉത്തരവ്.

വിവിധ ക്രൈസ്തവ സഭകള്‍ നടത്തുന്ന എല്ലാ സ്‌കൂള്‍ മാനേജ്‌മെന്റുകളും ഈ ഉത്തരവ് കൃത്യമായി പാലിക്കുകയും വിദ്യാഭ്യാസ വകുപ്പിനെ അക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഭിന്നശേഷിക്കാര്‍ക്കുള്ള ഒഴിവുകള്‍ സര്‍ക്കാരിന്റെ തന്നെ സംവിധാനങ്ങളായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും സമന്വയ വെബ്‌പോര്‍ട്ടലിലും സമയാസമയം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ആവശ്യത്തിന് ആളെ കിട്ടാത്തതിനാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മാത്രമല്ല, ഇതര സമുദായങ്ങള്‍ നടത്തുന്ന സ്‌കൂളുകളിലും ഒഴിവുകള്‍ നികത്താനായിട്ടില്ല. ഇതിനാവശ്യമായ യോഗ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്താന്‍ സര്‍ക്കാരിനുമായിട്ടില്ല. ഇതാണ് വസ്തുത എന്നിരിക്കേ ഭിന്നശേഷി നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മറ്റ് അധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തി നല്‍കൂ എന്ന അന്യായമായ ദുശാഠ്യമാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കാണിക്കുന്നത്.

ഇതുമൂലം ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 16,000 ത്തിലധികവും ഇതര സമുദായങ്ങളുടെ സ്‌കൂളുകള്‍ കൂടി ചേര്‍ത്താല്‍ ഏതാണ്ട് 25,000 ത്തോളം അധ്യാപകരാണ് സ്ഥിര നിയമനം പ്രതീക്ഷിച്ച് വര്‍ഷങ്ങളായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളമോ, മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. അതാണ് പ്രശ്‌നം.

അധികാരത്തില്‍ കയറിയതു മുതല്‍ 'സാമ്പത്തിക പ്രതിസന്ധി' എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് ഈ പ്രശ്‌നം പരമാവധി വലിച്ചു നീട്ടിക്കൊണ്ടു പോകാന്‍ പ്രത്യേക താല്‍പര്യമുണ്ടായിരിക്കാം. പക്ഷേ, ഇത്രയും വരുന്ന അധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും ദയനീയാവസ്ഥയും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നേരിടുന്ന പ്രതിസന്ധിയും കണ്ടില്ലെന്ന് നടിക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് എങ്ങനെ സാധിക്കും?

നിയതവും നിയമപരവുമായ മാര്‍ഗത്തിലൂടെ ഭിന്നശേഷിക്കാരായ അധ്യാപകരെ കിട്ടാത്ത സാഹചര്യത്തില്‍ എവിടെ നിന്നാണ് അവരെ കണ്ടെത്തേണ്ടത്?.. പണ്ട് ഗ്രാമപ്രദേശങ്ങളിലെ തെരുവോരങ്ങളിലൂടെ 'കല്ല് കൊത്താനുണ്ടോ?... കല്ല്' എന്ന് വിളിച്ചു പറഞ്ഞ് ചിലര്‍ നടന്നതു പോലെ 'ഭിന്നശേഷിക്കാരുണ്ടോ?... ഭിന്നശേഷിക്കാര്‍' എന്ന് വിളിച്ച് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തെരുവിലൂടെ അലയണം എന്നാണോ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ഉദേശിക്കുന്നത്?

വെറുമൊരു സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹരിക്കാവുന്ന വിഷയമല്ലേ മന്ത്രീ, അങ്ങ് ഇത്രകണ്ട് വഷളാക്കിയത്. എന്‍.എസ്.എസ് സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്ത ഉത്തരവില്‍ തന്നെ അത് വ്യക്തമല്ലേ. യോഗ്യരായ ഭിന്നശേഷി അധ്യാപകരെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ആ ഒഴിവുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തി മറ്റ് അധ്യാപകരുടെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നല്ലേ പരമോന്നത നീതിപീഠം വിധിച്ചത്.

മാത്രമല്ല, സമാനമായ സൊസൈറ്റികള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ വിധി ബാധകമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതല്ലേ സ്വാഭാവിക നീതി. ഇനി സര്‍ക്കാരിന്റെ ദുഷ്ടലാക്കില്‍ അത് നീതിയല്ല എന്ന് തോന്നിയിരുന്നുവെങ്കില്‍ കോടതിയില്‍ എതിര്‍ക്കാമായിരുന്നല്ലോ.

അത് ചെയ്യാതെ, വിധികേട്ട് തലകുലുക്കി സമ്മതിച്ച് പുറത്തിറങ്ങിയിട്ട് 'എന്‍.എസ്.എസ് ചെയ്തതുപോലെ നിങ്ങളും കോടതിയില്‍ പോ' എന്നൊക്കെ പറയുന്നത് എത്രയോ ബാലിശം. ജോസഫ് മുണ്ടശേരിയെപ്പോലുള്ള മഹാരഥന്മാര്‍ ഇരുന്ന പദവിയിലാണ് താങ്കള്‍ ഇപ്പോള്‍ ഉപവിഷ്ഠനായിട്ടുള്ളത് എന്ന് മന്ത്രി ശിവന്‍കുട്ടി ഇടയ്‌ക്കെങ്കിലും ഓര്‍ക്കണം.

ക്രസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഭിന്നശേഷി സംവരണത്തിന് എതിര് നില്‍ക്കുന്നു എന്നാണ് മന്ത്രി പറയുന്നത്. അത് അദേഹത്തിന് ചരിത്ര ബോധമില്ലാത്തതു കൊണ്ടാണ് എന്ന് പറയാതെ വയ്യ. ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവരെയും അനാഥരെയും ആലംബഹീനരെയും ഇത്രയധികം ചേര്‍ത്തു പിടിക്കുന്ന മറ്റൊരു സമൂഹം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ പോലും ഉണ്ടാവില്ല.

അത് നേരിട്ട് ബോധ്യപ്പെടാന്‍ മന്ത്രിമന്ദിരത്തില്‍ നിന്ന് പുറത്തിറങ്ങി ഇങ്ങ് കന്യാകുമാരി മുതല്‍ അങ്ങ് കാശ്മീര്‍ വരെ ഒന്ന് സഞ്ചരിക്കണം. അങ്ങേയ്ക്ക് ബുദ്ധി ഉപദേശിച്ചു തരുന്ന അനുചരന്മാരെയും ഒപ്പം കൂട്ടാം... അവരും കാണട്ടെ, 'മുറിവേറ്റ ജീവിതങ്ങളെ' ക്രൈസ്തവ സഭ എങ്ങനെയാണ് കാത്ത് പരിപാലിക്കുന്നതെന്ന്.

ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിന്റെ പിടിവാശി മൂലം നീതി നിക്ഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ജാതിയും മതവും നോക്കാതെ ക്രൈസ്തവ സഭ ശബ്ദമുയര്‍ത്തിയപ്പോള്‍ ' ഇത് സര്‍ക്കാരിനെ വിരട്ടലാണ്... തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സമ്മര്‍ദ്ദ തന്ത്രമാണ്... പുതിയ വിമോചന സമരമാണ്' എന്നൊക്കെയാണ് മന്ത്രി പറയുന്നത്.

നീതിക്കു വേണ്ടി നിലകൊള്ളുന്നതാണോ വിരട്ടലും വിമോചന സമരവും?... നീതിക്കും ന്യായത്തിനും നിരക്കാത്ത ഒരാവശ്യത്തിനും വേണ്ടി ക്രൈസ്തവ സഭകള്‍ ഇന്നുവരെ ഏതൊരു ഭരണകൂടത്തിനുമെതിരെ സമരമുഖത്തിറങ്ങിയിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വന്യജീവി ആക്രമണങ്ങള്‍, കുട്ടനാടിന്റെ തീരാദുരിതം തുടങ്ങി തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ക്രൈസ്തവ സഭാ സമൂഹം സമരം ചെയ്തിട്ടുള്ളൂ. അത്തരം സമരങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും.

'തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സമ്മര്‍ദ്ദ തന്ത്രം' എന്നൊക്കെ പറഞ്ഞ് ക്രൈസ്തവ സഭയെ ആക്ഷേപിക്കുമ്പോഴും അടുത്തു വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സര്‍ക്കാരും മുന്നണിയും ചേര്‍ന്ന് ഉരുക്കഴിക്കുന്ന ചില രാഷ്ട്രീയ ഗൂഢതന്ത്രത്തിന്റെ ഭാഗമാണോ ക്രൈസ്തവര്‍ക്കെതിരായ ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രസക്തി നഷ്ടപ്പെട്ട പ്രത്യയശാസ്ത്രം തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുമ്പോള്‍ എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസിലാക്കി തിരുത്താതെ പഴകി ദ്രവിച്ച തത്വചിന്തകളെ വര്‍ഗീയ കാര്‍ഡില്‍ പൊതിഞ്ഞ് മിനുസപ്പെടുത്തി അധികാരത്തില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത് അത്യന്തം അപകടകരമാണ് എന്ന കാര്യം ഓര്‍മിപ്പിക്കട്ടെ.

എന്‍.എസ്.എസിന്റെ പിന്തുണയും അയ്യപ്പ സംഗമം നടത്തിയതിന്റെ പിന്‍ബലവും മതി മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ എന്ന മനക്കോട്ട കെട്ടിയാണ് മന്ത്രി മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ നടത്തിയതെങ്കില്‍ 'എടുത്തു ചാടുന്ന പൂച്ച എലിയെ പിടിക്കില്ല' എന്ന വസ്തുത കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.