സത്യം ജയിക്കാതെ കാലം കടന്നു പോയ ചരിത്രമില്ല

സത്യം ജയിക്കാതെ കാലം കടന്നു പോയ ചരിത്രമില്ല

'ഈശ്വര അള്ളാ തേരേ നാം, സബ്‌കോ സന്മതി ദേ ഭഗവാന്‍.'

'ഈശ്വരന്‍ എന്നതും അള്ളാഹു എന്നതും അങ്ങയുടെ പേരു തന്നെ. അല്ലയോ ഭഗവാന്‍... അങ്ങ് എല്ലാവര്‍ക്കും സദ്ബുദ്ധി പ്രദാനം ചെയ്യേണമേ.'

ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയിലുള്ള ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള 'രഘുപതി രാഘവ രാജാറാം' എന്ന ഭജനയില്‍ മഹാത്മ ഗാന്ധി കൂട്ടിച്ചേര്‍ത്ത വരികളാണിത്.

ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് പൊരുതി തളരുമ്പോഴും വീണ്ടും പൊരുതാന്‍ രാഷ്ട്ര പിതാവിന് ഊര്‍ജം നല്‍കിയത് നാളത്തെ മതേതര ഇന്ത്യ എന്ന സുന്ദര സ്വപ്‌നമായിരുന്നു.

എന്നാല്‍ ഗാന്ധിജി സ്വപ്‌നം കണ്ട, ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനുമെല്ലാം സഹോദര തുല്യം ജീവിക്കുന്ന ആ മതേതര ഇന്ത്യ ഇന്ന് മത തീവ്രവാദികളുടെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന് ചോര ചിന്തുകയാണ്... ബഹുസ്വരത എന്ന പാവന സങ്കല്‍പ്പത്തില്‍ നിന്നും വെറുപ്പിന്റെ തീക്കുണ്ഡമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം.

അതിന്റെ ഏറ്റവും അവസാനത്തെ നൊമ്പരപ്പെടുത്തുന്ന ഉദാഹരണമാണ് ഛത്തീസ്ഗഡിലെ രണ്ട് മലയാളി കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റും കാരാഗ്രഹ വാസവും.

സിരകളില്‍ ഒഴുകുന്ന തീവ്ര ഹിന്ദുത്വം ദേശ സ്‌നേഹമായി സ്വയം പ്രഘോഷിക്കുന്ന സംഘപരിവാര്‍ സംഘടനകളില്‍ ഒന്നായ ബജറംഗ്ദളിന്റെ പ്രവര്‍ത്തകര്‍ ഉന്നയിച്ച 'മത പരിവര്‍ത്തനവും മനുഷ്യക്കടത്തും' എന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് നിരപരാധികളായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെട്ടിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമല്ല. കാരണം വംശീയ കലാപത്തില്‍ കത്തിയെരിഞ്ഞ മണിപ്പൂരില്‍ നിന്നുയര്‍ന്ന നിലവിളികള്‍ കേട്ടവരല്ല അവര്‍... മെയ്‌തേയി അക്രമികള്‍ പൂര്‍ണ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച കുക്കി യുവതിയുടെ ദൈന്യതയാര്‍ന്ന കണ്ണീരും കണ്ടവരല്ല അവര്‍.

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിളംബരം ചെയ്യുന്ന സംഘപരിവാര്‍ സന്താനങ്ങളായ മോഡിയും ഷായും അടക്കമുള്ള ബിജെപി നേതൃത്വത്തില്‍ നിന്ന് നീതി ലഭിക്കുമെന്ന് അക്രമത്തിന് ഇരയായവരോ, അല്ലാത്തവരോ ആയ ക്രൈസ്തവര്‍ പ്രതീക്ഷിക്കേണ്ടതില്ല.

റായ്പൂരിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനമായ ലയോള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അറിവിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചിറങ്ങിയ ഇപ്പോഴത്തെ ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് ആ സംസ്ഥാനത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നല്‍കി വരുന്ന സേവനങ്ങള്‍ അറിയാഞ്ഞിട്ടല്ല. കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളും വ്യാജമാണെന്നറിയാം. എന്നാല്‍, അദേഹവും നീതിക്ക് നിരക്കാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

പക്ഷേ, ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിലെത്തി നിറത്തിന്റെയും ജാതിയുടെയും പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ രാപകല്‍ ഭേദമന്യേ സേവനം ചെയ്യുന്ന മലയാളി സന്യാസിനി സമൂഹത്തില്‍ പെട്ട രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാരും മൗനവൃതം തുടരുന്നത് ആശ്ചര്യകരം തന്നെ.

കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും ഇടപെട്ടിരുന്നുവെങ്കില്‍ കന്യാസ്ത്രീകള്‍ക്ക് ഇന്നലെ തന്നെ ജാമ്യം ലഭിക്കുമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ അതിശക്തമായി എതിര്‍ത്തതിനാലാണ് ജാമ്യം ലഭിക്കാതെ പോയത്.

പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ എന്ത് പറയണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം എന്നിരിക്കെ ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രിയുമായി രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും മുന്‍കൂട്ടി സംസാരിക്കാമായിരുന്നെങ്കിലും അതുണ്ടായില്ല. 'കേക്ക് തരാം... വോട്ട് തരൂ' എന്ന നിലപാടാണ് ബിജെപി നേതൃത്വം കേരളത്തിലെ ക്രൈസ്തവരോട് സ്വീകരിച്ചിട്ടുള്ളതെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്.

നിരപരാധികളുടെ നീതിക്കായുള്ള നിലവിളി സാധാരണക്കാരുടെ മനസിനെ അസ്വസ്ഥമാക്കുന്നു എന്നതിന് തെളിവാണ് കന്യാസ്ത്രീകളെ കല്‍ത്തുറങ്കില്‍ അടച്ചതിനെതിരെ രാജ്യമെമ്പാടും ഉയര്‍ന്നു വരുന്ന പ്രതിഷേധം. ഹിന്ദു മേധാവിത്വ പ്രമാണിമാര്‍ക്ക് അത് കണ്ടില്ലെന്ന് നടിക്കാമെങ്കിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിക്ക് അങ്ങനെ ചെയ്യാനാവില്ലല്ലോ. നീതിപീഠം മാത്രമാണ് ഇനി ആശ്രയം. വൈകിയാണെങ്കിലും സത്യം ജയിക്കാതെ കാലം കടന്നു പോയ ചരിത്രമില്ല... സത്യമേവ ജയതേ.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.