ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ തീവ്ര ഹിന്ദുത്വ വാദികളുടെ അതിക്രമങ്ങള്‍ പതിവാണ്. അത്തരം സംഭവങ്ങളില്‍ വാദിയെ പ്രതിയാക്കുന്ന പൊലീസിന്റെ തലതിരിഞ്ഞ നിലപാടില്‍ പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്.
കേരളത്തിലെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ മുറപോലെ 'നടുങ്ങാറുണ്ട്'... മൈക്ക് വച്ചുകെട്ടി ഇതെന്ത് പൊലീസെന്ന് ആക്രോശിക്കാറുണ്ട്... കേരളത്തിലെങ്ങാനുമാണെങ്കില്‍ അക്രമികളും അവര്‍ക്ക് കൂട്ടുനിന്ന പൊലീസും 'വിവരം അറിഞ്ഞേനെ' എന്ന് നേതാക്കള്‍ ഊറ്റം കൊള്ളാറുമുണ്ട്.
എന്നാല്‍ അതേ കേരളത്തില്‍ ഇരുട്ടിന്റെ മറവിലെത്തി ഒരു സംഘമാളുകള്‍ ഒരു ക്രൈസ്തവ സന്യാസ ഭവന്റെ ചുറ്റുമതില്‍ പൊളിച്ച് അതിക്രമിച്ചു കയറി ഷെഡുകള്‍ നിര്‍മിച്ച് തമസം തുടങ്ങിയിട്ട് ഇന്ന് ഇരുപത് ദിവസമായി. ഭരണപക്ഷത്തെയോ, പ്രതിപക്ഷത്തെയോ നേതാക്കള്‍ക്ക് നടുക്കമില്ല... പ്രശ്‌നത്തില്‍ ഇടപെടാന്‍ തീരെ സമയവുമില്ല.
കോടതി ഉത്തരവിനെപ്പോലും വെല്ലുവിളിച്ചാണ് അറുപതിലധികം വരുന്ന ക്വട്ടേഷന്‍ സംഘം കളമശേരി കൈപ്പടമുഗളിലുള്ള മാര്‍ത്തോമ ഭവന്റെ ഭൂമി കൈയ്യേറിയിരിക്കുന്നത്. മാത്രമല്ല, സമീപമുള്ള കോണ്‍വെന്റിലെ കന്യാസ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം പൂര്‍ണമായി തടഞ്ഞാണ് പ്രധാന ഗേറ്റിന് മുന്നില്‍ ഷെഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. കോണ്‍വെന്റിന്റെ സിസി ടിവി ക്യാമറകളും കുടിവെള്ള പൈപ്പും പാടേ തകര്‍ക്കുകയും ചെയ്തു.
അക്രമികള്‍ അവിടെ തുടരുമ്പോഴും ഇത്രയും ഗുരുതരമായ ക്രമസമാധാന ലംഘനം നടന്ന സ്ഥലത്ത് ആകെയുള്ളത് വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രം.
മാര്‍ത്തോമ ഭവനിലെ വൈദികരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ക്കായി വല വിരിച്ചിരിക്കുകയാണത്രേ. പൊലീസ് വല വിരിച്ച് കാത്തിരിക്കുമ്പോഴും ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പലരും സംഭവ സ്ഥലത്തെ നിത്യ സന്ദര്‍ശകരാണ്. അവര്‍ക്ക് കാവല്‍ നില്‍ക്കുകയും കഞ്ഞിവച്ച് കൊടുക്കുകയും ചെയ്യുന്ന നാണംകെട്ട പരുവത്തിലാണ് പൊലീസ്.
കേരളാ പൊലീസിന്റെ വാല് മുറിച്ചത് ആരാണ്?.. നാട്ടില്‍ ക്രമസമാധാനം ആഗ്രഹിക്കുന്ന ഏതൊരു പൗരനും അതറിയാനുള്ള അവകാശമുണ്ട്. റോഡരുകില്‍ നിന്ന യുവാക്കളെ വിരട്ടിയോടിച്ച പൊലീസിനോട് കാര്യം തിരക്കിയ യുവ നേതാവിനെ ഇടിച്ച് പഞ്ഞിക്കിട്ട പൊലീസിന്റെ ആ ശൗര്യം എവിടെപ്പോയി?..
ആസൂത്രിതമായി നടത്തിയ കൈയ്യേറ്റത്തിന് ഭരണകൂടത്തിന്റെ പിന്തുണയുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നതാണ് പൊലീസിന്റെ ഭാഗത്തു നിന്നുള്ള നിഷ്‌ക്രീയത്വം. മന്ത്രി പി. രാജീവിന്റെ മണ്ഡലത്തില്‍പ്പെട്ട സ്ഥലമാണിത്.
അവിടെ ഇത്രയും ഗുരുതരമായ ഒരു അതിക്രമം നടത്തിയ പ്രതികള്‍ നാട്ടില്‍ പരസ്യമായി വിലസുമ്പോഴും പൊലീസ് 'വല വിരിച്ച്' കാത്തിരിപ്പ് തുടരുകയാണ്. മന്ത്രിയുടെ ഒരു ഫോണ്‍ കോള്‍ മാത്രം മതി പ്രതികള്‍ അകത്താകാന്‍. പക്ഷേ, അതുണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
മട്ടാഞ്ചേരി സ്വദേശിയും ചെന്നൈയില്‍ ബിസിനസുകാരനുമായ ഹനീഫ എന്നയാളില്‍ നിന്ന് 1982 ലാണ് മാര്‍ത്തോമ ഭവന്‍ അധികൃതര്‍ നാല് ഏക്കര്‍ വരുന്ന ഈ ഭൂമി വാങ്ങിയത്. കരാര്‍ പ്രകാരുള്ള പണം മുഴുവന്‍ വാങ്ങിയ ഹനീഫ ഭൂമി ആധാരം ചെയ്തു കൊടുക്കാതെ വിശ്വാസ വഞ്ചന കാണിക്കുകയായിരുന്നു.
തുടര്‍ന്ന് മാര്‍ത്തോമ ഭവന്‍ കേസിന് പോവുകയും കേസ് കോടതിയില്‍ നിലനില്‍ക്കേ തന്നെ 2010 ല്‍ ഹനീഫയുടെ കുടുംബം സ്വന്തം സമുദായത്തില്‍പ്പെട്ട മൂന്ന് പേര്‍ക്ക് ഈ ഭൂമി മറിച്ചു വില്‍ക്കുകയുമായിരുന്നു.
സ്ഥലത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ മാര്‍ത്തോമാ ഭവന്‍ തന്നെയെന്ന് എറണാകുളം സബ് കോര്‍ട്ട് ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാര്‍ട്ടിക്കോ അവരുടെ പേരില്‍ മറ്റാര്‍ക്കുമോ പ്രസ്തുത ഭൂമിയില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല എന്ന പ്രൊഹിബിറ്ററി ഇന്‍ജക്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.
ഇത്തരത്തില്‍ വ്യക്തമായൊരു കോടതി ഉത്തരവ് നിലവിലുള്ളപ്പോഴാണ് നാട്ടിലെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് നടത്തിയ കടന്നു കയറ്റത്തെ ചെറുക്കാനാകാതെ പൊലീസ് അക്രമികള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. പ്രശ്‌നം ഒരു സാമുദായിക സംഘര്‍ഷമായി മാറാതിരിക്കാന്‍ മാര്‍ത്തോമ ഭവനിലെ വൈദികരും കത്തോലിക്ക സഭയും പുലര്‍ത്തുന്ന സംയമനം അഭിനന്ദനാര്‍ഹമാണ്.
പക്ഷേ, അതൊരു സൗകര്യമായി കണ്ട് കൈയ്യേറ്റക്കാര്‍ക്ക് ഓശാന പാടുന്ന നിലപാടാണ് ഭരണ നേതൃത്വവും പൊലീസും തുടരുന്നതെങ്കില്‍ സൂചികൊണ്ട് എടുക്കേണ്ടത് പിന്നീട് തൂമ്പകൊണ്ട് എടുക്കേണ്ട സാഹചര്യമുണ്ടായേക്കാം... അത് ഈ നാടിന് ഭൂഷണമല്ല. അതിനാല്‍ സര്‍ക്കാരും പ്രതിപക്ഷവും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം... ഇനിയും അമാന്തം അരുത്... കാരണം 'അള മുട്ടിയാല്‍ ചേരയും കടിക്കും'.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.