തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ മോഷണ വിവാദം പുതിയ വഴിത്തിരിവില്‍. ചെമ്പ് പാളികള്‍ എന്ന് പറഞ്ഞ് സ്വര്‍ണം പൂശാന്‍ 2019 ജൂലൈയില്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ കവചങ്ങള്‍ സ്വര്‍ണമായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നു.
2019 മാര്‍ച്ചിലെ ദ്വാരപാലക ശില്‍പങ്ങളുടെ ചിത്രങ്ങള്‍ ചില വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു. മാര്‍ച്ചില്‍ ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൂശിയ വാതിലുകള്‍ സ്ഥാപിക്കുന്നതിന്റെ ചിത്രങ്ങളാണിത്. ഈ ചിത്രങ്ങളില്‍ ശ്രീകോവിലിന്റെ വാതിലിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്ന ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞ നിലയിലായിരുന്നു.
1998 ല്‍ വിജയ് മല്യ സ്വര്‍ണം പൂശിച്ച അതേ കവചമാണ് 2019 മാര്‍ച്ചിലും അതേ പ്രഭയോടെ അവിടെ ഉണ്ടായിരുന്നത് എന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 20 വര്‍ഷം പഴക്കമുള്ള പാളികളായിരുന്നിട്ടും അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യം ഈ ചിത്രങ്ങളില്‍ കാണുന്നില്ല.
മാര്‍ച്ചില്‍ സ്വര്‍ണമായി കണ്ട ഈ കവചങ്ങള്‍, നാല് മാസം കഴിഞ്ഞ് 2019 ജൂലൈയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാനായി അഴിച്ചു നല്‍കുന്നത്. എന്നാല്‍, ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയ അനുമതി കത്തില്‍ ഇത് '12 കോപ്പര്‍ പ്ലേറ്റ്‌സ്' (ചെമ്പു പാളികള്‍) ആയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മാര്‍ച്ചില്‍ സ്വര്‍ണമായിരുന്ന കവചം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ എങ്ങനെ ചെമ്പായി മാറി എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റി 39 ദിവസത്തിനു ശേഷമാണ് പാളികളുമായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ എത്തുന്നത്. കിട്ടിയത് ഒറിജിനല്‍ ചെമ്പ് തന്നെയായിരുന്നു എന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പ്രതിനിധികള്‍ പറയുന്നത്. കാരണം, പഴയതോ, സ്വര്‍ണം പൂശിയതോ, ക്ലാവ് പിടിച്ചതോ ആയ ചെമ്പ് അവരുടെ ഇലക്ട്രോപ്ലേറ്റിങ് മെഷീനില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.
തനി ചെമ്പിലാണ് ഇലക്ട്രോപ്ലേറ്റ് ചെയ്ത് സന്നിധാനത്തേക്ക് അയച്ചതെന്ന് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ, 2019 ജൂലൈയില്‍ കൊണ്ടുപോയത് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ തന്നെയായിരുന്നു എന്നും തിരിച്ചെത്തിച്ചത് പുതിയ ചെമ്പ് പാളികളാണോ എന്നതുമാണ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.