കോട്ടയം: കുറവിലങ്ങാട് നിന്ന് കാണാതായ 50 വയസുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് സാം കെ. ജോര്‍ജ്(54) പൊലീസ് കസ്റ്റഡിയിലാണ്. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സെപ്റ്റംബര്‍ 26 മുതലാണ് ജെസി സാമിനെ കുറവിലങ്ങാട്ട് നിന്ന് കാണാതായത്. 26 ന് വിദേശത്തുള്ള മകനുമായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ സെപ്റ്റംബര്‍ 29 ന് ജെസിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചു. തുടര്‍ന്ന് പൊലീസ് ജെസിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയത്.
ഭര്‍ത്താവ് നല്‍കിയ മൊഴി അനുസരിച്ച് കരിമണ്ണൂരിലെ റോഡരികില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സെപ്റ്റംബര്‍ 26 നാണ് പ്രതി കൃത്യം നടത്തിയതെന്നാണ് വിവരം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെപ്പുക്കുളം ചക്കുരംമാണ്ടി ഭാഗത്ത് എത്തിച്ച് റോഡരികില്‍ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് തള്ളുകയായിരുന്നു. ഇവിടെ ജനവാസമില്ലാത്ത മേഖലയാണ്.
ജെസിയും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഒരു വീട്ടിലാണ് താമസമെങ്കിലും ഇവരുടെ വിവാഹ മോചനക്കേസ് നടന്ന് വരികയായിരുന്നു. വിവാഹ മോചന കേസില്‍ ജെസിക്ക് അനുകൂലമായി വിധി വരുമെന്നാണ് ഭര്‍ത്താവ് കരുതിയത്. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ജെസിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ചാണ് ജെസി കുറവിലങ്ങാട്ടെ വീട്ടില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.