മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ചൈല്‍ഡ് കെയര്‍ സെന്ററില്‍നിന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ പുറത്തു കടന്ന് തിരക്കേറിയ റോഡിനു സമീപമെത്തിയ സംഭവത്തില്‍ സ്ഥാപനത്തിനു പിഴശിക്ഷ. ക്വീന്‍സ്ലാന്‍ഡ് സംസ്ഥാനത്തെ ഗോള്‍ഡ് കോസ്റ്റിലുള്ള ഓക്കീഡോക്കി കിഡ്സ് എന്ന സ്ഥാപനത്തിനാണ് 15,600 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്തിയത്. കുട്ടികളെ സുരക്ഷിതമായി പരിപാലിക്കുന്നതില്‍ സ്ഥാപനം വീഴ്ച്ച വരുത്തിയതായി കോടതി കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു വയസുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ ചൈല്‍ഡ് കെയര്‍ സെന്ററിന്റെ ഗേറ്റ് കടന്ന് പുറത്തെത്തി തിരക്കേറിയ റോഡിലേക്ക് ഓടുകയായിരുന്നു. വഴിയാത്രക്കാര്‍ അവരെ കണ്ട് തടഞ്ഞതുകൊണ്ടു മാത്രമാണ് കുട്ടികളുടെ ജീവന്‍ അപകടത്തില്‍പെടാതിരുന്നത്.
പിഞ്ചുകുട്ടികള്‍ റോഡിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറയില്‍ പതിഞ്ഞിരുന്നു. വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന സമയത്താണ് കുട്ടികള്‍ റോഡിനു സമീപമെത്തിയത്. അതു വഴി വന്ന ഒരു സ്ത്രീയുടെയും സ്‌കൂള്‍ കുട്ടികളുടെയും സമയോചിതമായ ഇടപെടലാണ് കുട്ടികളെ രക്ഷിച്ചത്. ഈ ദൃശ്യങ്ങളാണ് കോടതി പ്രധാന തെളിവായി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് ക്വീന്‍സ്‌ലാന്‍ഡ് വിദ്യാഭ്യാസ വകുപ്പും പോലീസും അന്വേഷണം നടത്തിയിരുന്നു.
സ്ഥാപന നടത്തിപ്പുകാരുടെ അലംഭാവത്തിന്റെ സ്വഭാവം കണക്കിലെടുത്താണ് ഇത്രയും വലിയ തുക പിഴ ചുമത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സൗത്ത്‌പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയാണ് പിഴ ചുമത്തിയത്. നാല് കുറ്റങ്ങളാണ് സ്ഥാപനത്തിനെതിരേ ചുമത്തിയത്.
കുട്ടികളെ പരിപാലിക്കുന്നതില്‍ വീഴ്ച്ചവരുത്തുക, അപകടങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുക, സ്ഥാപനം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
സ്ഥാപനത്തിനു ലഭിച്ച കടുത്ത ശിക്ഷ മറ്റ് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ക്കും കൂടിയുള്ള മികച്ച സന്ദേശമാണെന്നു വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. അവരുടെ സംരക്ഷണയിലുള്ള കുഞ്ഞുങ്ങളെ സൂക്ഷ്മതയോടെ കരുതുന്നതിനും അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്‍മാരാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
രക്ഷിതാക്കള്‍ വലിയ വിശ്വാസമര്‍പ്പിച്ചാണ് കുഞ്ഞുങ്ങളെ ഇത്തരം സേവനകേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കുന്നത്. ഈ സംഭവം കുട്ടികളുടെ മരണത്തിനോ ഗുരുതരമായ പരുക്കിനോ കാരണമായേക്കാവുന്ന ഗുരുതമായ അലംഭാവമാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.