വരന്‍ ന്യൂസിലന്‍ഡില്‍, വധു ചെങ്ങന്നൂരില്‍; വിവാഹം ഓണ്‍ലൈനില്‍

വരന്‍ ന്യൂസിലന്‍ഡില്‍, വധു ചെങ്ങന്നൂരില്‍; വിവാഹം ഓണ്‍ലൈനില്‍

ഷൊര്‍ണൂര്‍: കോവിഡ് മഹാമാരിയുടെ വരവോടെ നാം കണ്ടു ശീലിച്ച പതിവുകള്‍ക്കെല്ലാം മാറ്റംവന്നു. ഡിജിറ്റല്‍ സാധ്യതകളാണ് ലോകത്ത് എവിടെയുമുള്ള മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുന്നത്. ഇപ്പോഴിതാ രണ്ടു ഭൂഖണ്ഡങ്ങളിലുള്ളവര്‍ തമ്മിലുള്ള വിവാഹത്തിനും ഓണ്‍ലൈനിലൂടെ വേദിയൊരുങ്ങി. വരണമാല്യമോ താലിയോ ഇല്ലാതെ ന്യൂസിലന്‍ഡിലിരുന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഷൊര്‍ണൂര്‍ സ്വദേശിയായ വൈശാഖും ചെങ്ങന്നൂരിലുള്ള ഡോ. ലിനു ലക്ഷ്മിയും വിവാഹിതരായത്.

വിവാഹം നിശ്ചയിച്ചുറപ്പിച്ച സമയത്തു കോവിഡ് യാത്രാവിലക്കു മൂലം വരന് നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ വെര്‍ച്വല്‍ വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20-നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചില്‍ പ്രോസസിങ് എന്‍ജിനീയറായ വൈശാഖ് ജോലിസ്ഥലത്തേക്കു മടങ്ങി.

ഇതിനിടെ കോവിഡ് രണ്ടാം തരംഗം വന്നതോടെ വൈശാഖിനു നാട്ടിലെത്താന്‍ സാധിക്കാതായി. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റായ ലിനു കാര്യങ്ങള്‍ വിശദമാക്കി ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെര്‍ച്വല്‍ വിവാഹത്തിന് അനുമതി ലഭിച്ചത്.

ആലപ്പുഴ ജില്ലാ റജിസ്ട്രാര്‍ അജിത് സാം ജോസഫ്, ചെങ്ങന്നൂര്‍ സബ് റജിസ്ട്രാര്‍ ഇന്‍ചാര്‍ജ് സുരേഷ്‌കുമാര്‍ എന്നിവരുടെ സാന്നിധ്യം വിഡിയോ കോണ്‍ഫറന്‍സിലുണ്ടായതോടെ ഔദ്യോഗിക നടപടിക്രമങ്ങളും പൂര്‍ത്തിയായി. വിവാഹ റജിസ്റ്ററില്‍ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പു വച്ചത്. ഇതിന് ന്യൂസീലന്‍ഡ് ഇന്ത്യന്‍ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു.

ഷൊര്‍ണൂര്‍ കവളപ്പാറ ഉത്സവില്‍ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥന്‍ രാജവത്സലന്റെയും ഉഷയുടെയും മകനാണ് ആര്‍. വൈശാഖ്. ചെങ്ങന്നൂര്‍ കാരയ്ക്കാട് കോട്ട അമ്പാടിയില്‍ ലക്ഷ്മണന്‍ നായരുടെയും എം.ജെ. ശ്രീലതയുടെയും മകളാണ് ഡോ. ലിനു ലക്ഷ്മി.

ന്യൂസീലന്‍ഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹ സല്‍ക്കാരം നടത്താനാണു തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.