ഫോര്‍ട്ട് മിയേഴ്‌സ് (ഫ്‌ളോറിഡ): ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പതിറ്റാണ്ടുകളായി നഗര പാതകള്‍ താണ്ടുന്ന മേരി ക്ലെയറിന് , മുത്തശ്ശി പ്രായത്തിലുമില്ല ക്ഷീണവും പരിഭവങ്ങളും. ആസൂത്രിത രക്ഷാകര്‍തൃത്വം അഥവാ റെസ്‌പോണ്‍സിബിള്‍ പാരന്റ്ഹുഡ് ലേബലുമായി യഥേഷടം ഭ്രൂണഹത്യ അരങ്ങേറുന്ന ക്‌ളിനിക്കിന്റെ പരിസരത്താണ് കനത്ത വെല്ലുവിളികള്‍ നേരിട്ടുള്ള ഉത്തമ ശുശ്രൂഷ അവര്‍ അഭംഗുരം തുടരുന്നത്.
സ്രഷ്ടാവില്‍ നിന്നു പ്രപഞ്ചത്തിനു ലഭിച്ച ഏറ്റവും മുന്തിയ വരദാനമാണു മനുഷ്യ ജീവനെന്നതു വിസ്മരിച്ച് മാരകപാപത്തിനു വിധേയരാകാന്‍ ഭ്രൂണഹത്യാ ക്‌ളിനിക്കിലേക്കെത്തുന്ന അമ്മമാരുടെ മുന്നിലേക്ക് 'സൈഡ്വാക്ക് കൗണ്‍സിലറെ'ന്നു സ്വയം പരിചയപ്പെടുത്തി മേരി ക്ലെയര്‍ ഡാന്റ് കടന്നുവരുന്നത് കൈയില്‍ ജപമാല മുറുകെപ്പിടിച്ചാണ്. ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ തേടിയെത്തുന്ന സ്ത്രീയുടെ ശരീര ഭാഷ ഹൃദിസ്ഥമാണവര്‍ക്ക്.
ക്ലിനിക്കിന് സമീപമുള്ള പൊതു നടപ്പാതയിലെ തന്റെ 'കഠിനമായ ശുശ്രൂഷ'യെപ്പറ്റി മേരിയുടെ വാക്കുകള്‍:ഇപ്രകാരം കടന്നുവരുന്നവരുടെ കണ്ണുകളുമായി സമ്പര്‍ക്കം സ്ഥാപിക്കുകയെന്നതാണ് ആദ്യത്തെ സുപ്രധാന ഘട്ടം. ഉദരത്തില്‍ ജീവന്‍ പേറുന്ന ഈ സ്ത്രീകളുടെ ശ്രദ്ധ ആകര്‍ഷിക്കാനായാലേ ഗര്‍ഭച്ഛിദ്രത്തിനെതിരെ ഫലപ്രദായി സംസാരിച്ച് അവരുടെ മനസ്സ് മാറ്റിയെടുക്കാന്‍ കഴിയൂ. ശരിയായ വാക്കുകള്‍ മാത്രം അവസരോചിതമായി പറയുകയെന്നതാണു പ്രധാന കാര്യം.ആ നിര്‍ണ്ണായക നിമിഷങ്ങള്‍ വന്നുപെടാന്‍ വലിയ തോതിലുള്ള നിരീക്ഷണവും പ്രാര്‍ത്ഥനയും ആവശ്യമാണ്.
ജപമാല ചൊല്ലി ബ്രോഷറുകളും പേറി എല്ലാ ആഴ്ചയും 90 മൈലിലധികമാണ് മേരി ക്ലെയര്‍ ഡാന്റ് വണ്ടിയോടിക്കുന്നത്, ഗര്‍ഭച്ഛിദ്രത്തിനിറങ്ങിയവരെ കണ്ടെത്തി മനഃപരിവര്‍ത്തനം സാധ്യമാക്കാന്‍. ആളുകള്‍ എന്റെ പ്രവര്‍ത്തനം വീക്ഷിക്കുകയും ഞാന്‍ ചെയ്യുന്ന കാര്യങ്ങളിലെ മികവിന്റെ പേരില്‍ അഭിനന്ദിക്കുകയും ചെയ്യാറുണ്ട് - ' സൈഡ്വാക്ക് ഔട്ട്റീച്ച് ' പ്രസ്ഥാനത്തിന്‍െ ഭാഗമായി കര്‍മ്മനിരതയായ ഡാന്റ് പറഞ്ഞു. 'ഈ ശുശ്രൂഷയ്ക്ക് മിക്കപ്പോഴും വളരെയധികം പ്രതിരോധ ശക്തി ആവശ്യമാണ്.' തങ്ങള്‍ എത്ര കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തിയെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഡാന്റ് പറയുന്നു.
'ഞാന്‍ എപ്പോഴും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നു. ചെറിയ കുട്ടിയായിരുന്നപ്പോള്‍, ആളുകളെ സന്ദര്‍ശിക്കാന്‍ ഞാന്‍ അമ്മയോടൊപ്പം ആശുപത്രിയില്‍ പോകുമായിരുന്നു. എപ്പോഴും ബേബി നഴ്‌സറി ആയിരുന്നു എന്റെ ലക്ഷ്യം.' പ്രായപൂര്‍ത്തിയായ മൂന്ന് കുട്ടികളുടെ അമ്മയും അഞ്ച് പേരക്കുട്ടികളുടെ മുത്തശ്ശിയുമാണ് ജാക്‌സണ്‍വില്ലെ സ്വദേശിയായ ഡാന്റ്.
പബ്ലിക് സ്‌കൂള്‍ സിസ്റ്റത്തില്‍ എലിമെന്ററി സ്‌കൂള്‍ മീഡിയ സ്‌പെഷ്യലിസ്റ്റായി 25 വര്‍ഷം മുഴുവന്‍ സമയ ജോലി ചെയ്ത ശേഷം 2007-ല്‍ ഫ്‌ളോറിഡയിലെ ആവേ മരിയയിലുള്ള ഒരു കത്തോലിക്കാ സ്‌കൂളില്‍ പാര്‍ട്ട് ടൈം ജോലി സ്വീകരിച്ചതോടെയാണ് ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള ശുശ്രൂഷയില്‍ ഏറ്റവും സജീവമായത്. പതിറ്റാണ്ടുകളായി പ്രോ-ലൈഫ് പ്രസ്ഥാനത്തിന്റെ ശക്തയായ പിന്തുണക്കാരി ആവേ മരിയ ഇടവകയിലും കര്‍മ്മ നിരത. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന 'സൈഡ്വാക്ക് അഡ്വക്കേറ്റ്സ് ഫോര്‍ ലൈഫി'ലൂടെ സൈഡ്വാക്ക് കൗണ്‍സിലറാകാനുള്ള പരിശീലനം നേടി.
ഫ്‌ളോറിഡയിലെ മിക്ക സൈഡ്വാക്ക് കൗണ്‍സിലര്‍മാരും വെനീസ് രൂപതയിലെ 'റെസ്പെക്റ്റ് ലൈഫ് മിനിസ്ട്രി'യിലെ അംഗങ്ങളാണെന്ന് ഡയറക്ടര്‍ ജീന്‍ ബെര്‍ദോ പറഞ്ഞു. 'ചെറുതെങ്കിലും ശക്തമായ ഗ്രൂപ്പാണിത്.തികഞ്ഞ അര്‍പ്പണബോധമുള്ളവരാണവര്‍'.ഈ സംഘടനയുടെ കൂടി പിന്തുണയോടെയാണ് ഡാന്റ് നടപ്പാതകളിലേക്ക് പോയി തന്റെ ശുശ്രൂഷ വിപുലമാക്കിയത്.സ്‌കൂളിലെ പാര്‍ട്ട് ടൈം ജോലിയില്‍ നിന്നു വിരമിച്ചശേഷം കോളിയര്‍, ലീ കൗണ്ടികളിലെ സൈഡ്വാക്ക് അഡ്വക്കേറ്റ്സ് ഫോര്‍ ലൈഫിന്റെ കോ ലീഡറായി പ്രവര്‍ത്തിക്കുന്നു ഡാന്റ് . നേപ്പിള്‍സിലും ഫോര്‍ട്ട് മിയേഴ്‌സിലുമുള്ള പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കുകളില്‍ സൈഡ്വാക്ക് കൗണ്‍സിലിംഗ് സംഘടിപ്പിച്ചുവരുന്നു.
' ഈ ഭയാനകമായ കശാപ്പ് തടയാനാകുന്നുണ്ട്.'
'എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രതിഫലമേറിയതും പൂര്‍ണ്ണത അവകാശപ്പെടാനാവുന്നതുമായ സമ്മാനമാണിത്,' കൗണ്‍സിലിംഗിനെക്കുറിച്ച് ഡാന്റ് പറഞ്ഞു. ' ഗര്‍ഭ ധാരണ വിഷയത്തില്‍ സ്ത്രീകളുടെ തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ വിമര്‍ശിക്കുന്നതായുള്ള ആരോപണവുമായി പൊതുസമൂഹത്തിന്റെ രോഷം നേരിടേണ്ടി വരുന്നുണ്ടെങ്കിലും, ഞങ്ങളിലൂടെ വലിയ മാറ്റമുണ്ടാകുന്നതായി എനിക്കറിയാം. നിരവധി ജീവിതങ്ങളാണ് കരിയാതെ വളര്‍ന്നത്്.'ഡാന്റിനെ മാതൃകയാക്കി ഫോര്‍ട്ട് മിയേഴ്സിലെ ക്ലിനിക്കിലേക്ക് അര്‍പ്പണബോധമുള്ള ഒരു കൂട്ടം ആളുകള്‍ ഇപ്പോള്‍ 'സൈഡ്വാക്ക് കൗണ്‍സിലര്‍' ശുശ്രൂഷയുമായി വരുന്നു്.
'ധാരാളം ആക്രോശങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.ചീത്ത കേട്ടതിന് കണക്കില്ല. എന്ത് സംഭവിക്കുമെന്നറിയാതെയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. എന്താണ് പറയാന്‍ പോകുന്നതെന്നും അറിയാറില്ല. ഓരോ സാഹചര്യവും വ്യത്യസ്തമാണ്.പക്ഷേ, പരിശുദ്ധാത്മാവ് നിരന്തരം സഹായിക്കുന്നു.'- സേവന രംഗത്തെ സ്വന്തം അനുഭവത്തെപ്പറ്റി അവരുടെ വിവരണം.ശുശ്രൂഷാ വേളയിലുടനീളം 'പോസിറ്റീവ് 'ആയും ആഹ്ലാദഭരിതമായും നിലകൊള്ളുകയെന്നത് പ്രധാനമാണെന്ന് ഡാന്റ് പറയുന്നു. ' ഈ ഭയാനകമായ കശാപ്പ് തടയാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമാണെന്ന് 100 ശതമാനം ഉറപ്പോടെ പറയാനാകും.'
ഔട്ട്റീച്ച് മിനിസ്ട്രി കടന്നുപോകുന്നത് സംഭവബഹുലമായ ദിനങ്ങളിലൂടെയാണ്. ദൈവകൃപയാല്‍ ഞങ്ങളുടെ ശുശ്രൂഷ വഴി രക്ഷിക്കാന്‍ കഴിഞ്ഞ കുഞ്ഞിനെ കൈകളില്‍ പിടിച്ച് അമ്മ ഗര്‍ഭച്ഛിദ്ര ക്ലിനിക്കിലേക്ക് മടങ്ങി വന്നു നന്ദി പറഞ്ഞ സംഭവവുമുണ്ടായി- അവര്‍ പറഞ്ഞു. 'ദൈവത്തിന്റെ വിലയേറിയ ഒരു ശിശുവിനെ രക്ഷിക്കാന്‍ കഴിയുകയെന്നത് ഞങ്ങള്‍ക്ക് ഏറ്റവും വലിയ സന്തോഷം നല്‍കുന്നു. സ്വന്തമായി ഒരു കുഞ്ഞുണ്ടായത് പോലെ തന്നെയാണിത്. അത്ഭുതകരമാണ് ആ വികാരം. '
നടപ്പാത കൗണ്‍സിലിംഗ് വഴി തനിക്കു കൂടുതല്‍ ദൈവ വിശ്വാസത്തില്‍ വളരാന്‍ കഴിഞ്ഞെന്നും ഡാന്റ് പറയുന്നു. 'ചിലപ്പോള്‍ ഇത് ഭയം ജനിപ്പിക്കുമെങ്കിലും ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കാന്‍ ഞാന്‍ പഠിച്ചു.ദൈവം പരിപാലിക്കുമെന്ന് എനിക്കറിയാം. അവന്‍ എന്നെ ശരിക്കും അനുഗ്രഹിച്ചിരിക്കുന്നു.ഈ ശുശ്രൂഷയിലാണ് എന്റെ ഹൃദയത്തിന്റെ സ്ഥാനം. ഞാന്‍ ഇതില്‍ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.