ന്യൂയോര്‍ക്ക്/വാഴ്‌സോ:പോളണ്ടുമായുള്ള അതിര്‍ത്തിയില്‍ കുടിയേറ്റക്കാര്‍ കുടുങ്ങിക്കിടക്കുന്നതു മൂലമുള്ള പ്രതിസന്ധി രൂക്ഷമായതിന് ബെലാറസിനെതിരെ ആഞ്ഞടിച്ച് യു.എന്‍ സുരക്ഷാ സമിതിയിലെ പാശ്ചാത്യ രാജ്യ പ്രതിനിധികള്‍.യൂറോപ്യന്‍ യൂണിയന്റെ കിഴക്കന്‍ അതിര്‍ത്തി അസ്ഥിരപ്പെടുത്താന്‍ കുടിയേറ്റക്കാരെ ബെലാറസ് ഉപയോഗിക്കുന്നതായി രൂക്ഷ വാക്കുകളുള്ള പ്രസ്താവനയില്‍ അവര്‍ ആരോപിച്ചു.
കുടിയേറ്റ ഭീകരതയുടെ തന്ത്രമാണ് ബെലാറസ് പുറത്തെടുത്തിരിക്കുന്നതെന്ന ആരോപണം യു.എന്‍ സുരക്ഷാ സമിതിയില്‍ ഉയര്‍ന്നു. അതേസമയം, ബെലാറസിന്റെ പ്രധാന സഖ്യകക്ഷിയായ റഷ്യ ആരോപണങ്ങള്‍ നിരസിച്ചു. പുതിയ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തുമെന്ന് ബെലാറസിന്റെ ഏകാധിപത്യ നേതാവായ അലക്‌സാണ്ടര്‍ ലുകാഷെങ്കോ ഭീഷണിപ്പെടുത്തിയതിനിടെയാണ് യു.എന്‍ സുരക്ഷാ സമിതിയിലെ സംഭവ വികാസം.
ബെലാറസില്‍ നിന്നു യൂറോപ്യന്‍ യൂണിയനിലേക്കുള്ള അഭയാര്‍ഥി പ്രവാഹം പോളണ്ടും ബെലാറസും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുന്നതിനിടെ ഒട്ടേറെ രാജ്യങ്ങള്‍ക്കു കടുത്ത തലവേദനയായി മാറുകയാണ്. ബെലാറസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അഭയാര്‍ഥികളെന്നും ഭീകര പ്രസ്ഥാനങ്ങളെപ്പോലെ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് അയല്‍ രാജ്യമെന്നും പോളണ്ട് ആരോപിച്ചിരുന്നു.ബെലാറസിനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ യൂണിയന്‍.
പോളണ്ടിലേക്കോ പടിഞ്ഞാറന്‍ യൂറോപ്പിലേക്കോ പോകാമെന്ന പ്രതീക്ഷയില്‍ ബെലാറസിന്റെ അതിര്‍ത്തിയിലേക്ക് ഒഴുകിയെത്തി കുടുങ്ങിക്കിടക്കുന്നവരുടെ ണ്ണെം നാലായിരമെന്നാണ് ഏകദേശ കണക്ക്.ധാരാളം സ്ത്രീകളും കുട്ടികളുമുണ്ട് ഇക്കൂടെ. മുള്ളുവേലി കടക്കാനാകാതെ അതിര്‍ത്തിയില്‍ അതിശൈത്യവും പട്ടിണിയും നേരിടുന്നു ഇവര്‍.വിടവുകളുണ്ടാക്കി മുള്ളുവേലി കടന്നവരെ സൈന്യം പിടികൂടി മുന്നോട്ടു പോകുന്നതു തടയുകയും ചെയ്തു. മേഖലയില്‍ അഭയാര്‍ത്ഥികളുടെ എട്ട് മരണങ്ങള്‍ സ്ഥിരീകരിച്ചു.
നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാനുള്ള മുന്നൂറോളം ശ്രമങ്ങള്‍ ഇതുവരെയുണ്ടായതായി പോളണ്ട് അതിര്‍ത്തി സംരക്ഷണവിഭാഗം ആരോപിച്ചു. പോളണ്ടിനു പുറമേ നാറ്റോ അംഗരാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളിലേക്കും മറ്റ് ഇ.യു രാജ്യങ്ങളിലേക്കും ബെലാറസ് വഴി നിയമവിരുദ്ധമായി കുടിയേറാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വലുതാണ്. ഇതിനു പിന്നില്‍ ബെലാറസ് ഭരണകൂടം ആണെന്ന ആരോപണം യു എസും നാറ്റോയും ഉന്നയിച്ചു കഴിഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും 5,000 മുതല്‍ 20,000 വരെ കുടിയേറ്റക്കാര്‍ക്ക് ഇടയില്‍ ബെലാറസ് ആതിഥേയത്വം വഹിക്കുന്നു. ബെലാറസിലെ ടൂറിസം സേവന ഏജന്‍സികള്‍ വന്‍ തുക പ്രതിഫലം കൈപ്പറ്റി കുടിയേറ്റക്കാര്‍ക്ക് വിസ പിന്തുണ നല്‍കുന്നു.അതിര്‍ത്തിയിലെത്താന്‍ ഇവരെ സഹായിക്കുന്നതായും ബെലാറഷ്യന്‍ പ്രതിപക്ഷ അംഗമായ പവേല്‍ ലതുഷ്‌ക പറഞ്ഞു.
കുതന്ത്രങ്ങള്‍ തുടര്‍ന്ന് ലുകാഷെങ്കോ
ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ മനഃപൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് പീറ്റര്‍ സ്‌ററാനോ ആരോപിച്ചു. പോളണ്ടിലൂടെ അനധികൃതമായി യൂറോപ്പിലേക്കു കടന്നുകയറാനാണ് അഭയാര്‍ഥികള്‍ ശ്രമിക്കുന്നത്. ലുകാഷെങ്കോ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലെത്തുന്നവരാണ് ഇവരെന്ന് സ്‌ററാനോ പറഞ്ഞു.അതേസമയം, ആരോപണം ലുകാഷെങ്കോ നിഷേധിച്ചു.
ദീര്‍ഘകാലമായി ബെലാറസ് ഭരിക്കുന്ന അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധത്തോടുള്ള പ്രതികാരമെന്ന നിലയിലാണ് ബെലാറസ് സര്‍ക്കാരിന്റെ കുതന്ത്രമെന്നാണ് ആരോപണം. വരും ദിനങ്ങളില്‍ അതിര്‍ത്തിയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പോളണ്ട് മുന്നറിയിപ്പ് നല്‍കി. അഭയാര്‍ഥികളെ ഉപയോഗിച്ച് ബെലാറസ് പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പോളിഷ് വിദേശ സഹമന്ത്രി പിയൊറ്റര്‍ വാവ്‌റിക് പല തവണ ആരോപിച്ചിരുന്നു.
2020 ഓഗസ്റ്റിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ബെലാറസ് വന്‍തോതിലുള്ള പ്രതിഷേധങ്ങളുടെ വേദിയായതും ഇപ്പോഴത്തെ കുടിയേറ്റ പ്രശ്‌നവുമായുള്ള ബന്ധം കേവലം ആരോപണമല്ലെന്നു നിരീക്ഷകര്‍ പറയുന്നു. അധികാരത്തില്‍ ആറാമത്തെ കാലാവധി ഉറപ്പിച്ച അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്‌ക്കെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ചിരുന്നു.പ്രതിഷേധിച്ചതിന് 35,000 പേര്‍ അറസ്റ്റിലായി. ആയിരക്കണക്കിന് ആളുകള്‍ ഭീകര മര്‍ദ്ദനം നേരിട്ടു.ഇതോടെ സര്‍ക്കാരിനെതിരെ യൂറോപ്യന്‍ യൂണിയനും യു എസും ഉപരോധം ഏര്‍പ്പെടുത്തി.
ഗ്രീസില്‍ നിന്ന് ലിത്വാനിയയിലേക്ക് പറന്ന യാത്രാ വിമാനം വഴി മാറ്റി മിന്‍സ്‌കില്‍ ഇറക്കിച്ച് അതില്‍ നിന്ന് വിമത മാധ്യമ പ്രവര്‍ത്തകനെ പിടികൂടി അറസ്റ്റ് ചെയ്യാനും മുതിര്‍ന്നു ബെലാറസ് ഭരണകൂടം. കടല്‍ക്കൊള്ളയുടെ ആകാശപ്പതിപ്പായി ഈ നടപടിയെന്ന ആക്ഷേപവുമായി ബെലാറസിന്റെ വിമാനങ്ങള്‍ക്ക് തങ്ങളുടെ ആകാശത്ത് നിന്ന് വിലക്കേര്‍പ്പെടുത്തിയ യൂറോപ്യന്‍ യൂണിയന്‍ പെട്രോളിയം ഉല്‍പന്നങ്ങളും പൊട്ടാഷും ഉള്‍പ്പെടെയുള്ള ചരക്കുകളുടെ അങ്ങോട്ടുള്ള കയറ്റുമതി തടയുകയും ചെയ്തു.പൊട്ടാഷ് കിട്ടാതായതോടെ രാസവള ക്ഷാമം രാജ്യത്തു രൂക്ഷമായി.
അനധികൃത കുടിയേറ്റത്തിനായുള്ള ഒരു കരാറും തനിക്കു ബാധകമല്ലെന്നു പറഞ്ഞാണ് പ്രകോപിതനായ ലുകാഷെങ്കോ തിരിച്ചടിച്ചത്.ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിന് അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള ക്രമീകരണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നു വാദിച്ചു അദ്ദേഹം .ഇതോടെ ഇറാഖില്‍ നിന്നും സിറിയ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാരെ വഹിക്കുന്ന വിമാനങ്ങള്‍ ബെലാറസില്‍ എത്തിച്ചേരാന്‍ തുടങ്ങി. അവര്‍ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളിലേക്കാണു തല്‍ക്കാലം ലക്ഷ്യമിടുന്നത്.
ഉപരോധത്തിനുള്ള പ്രതികാരമായാണ് 27 രാജ്യ ബ്ലോക്കിനെതിരെ കുടിയേറ്റ ആക്രമണത്തിനു ലുകാഷെങ്കോ കുതന്ത്രം മെനഞ്ഞതെന്നാണ് ആരോപണം.അതേസമയം, കുടിയേറ്റക്കാരുടെ ഒഴുക്ക് താന്‍ പ്രോത്സാഹിപ്പിക്കുന്നതായുള്ള പരാതി ലൂകാഷെങ്കോ നിഷേധിച്ചു.ഇതുവരെ റഷ്യയില്‍ നിന്ന് ബെലാറസിന് ശക്തമായ പിന്തുണയാണു ലഭിച്ചുവരുന്നത്. അതേസമയം, പ്രതിസന്ധിയുടെ ഉത്തരവാദിത്തം റഷ്യക്കാണെന്ന പോളണ്ടിന്റെ വാദം ക്രെംലിന്‍ നിരസിച്ചു.റഷ്യയെ മധ്യസ്ഥ സ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കവുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.