മധുരമലയാളം ഉയരങ്ങളിലേക്ക്: ശ്രേഷ്ഠഭാഷ വളരുകയാണ്, സമുദ്രദൂരങ്ങള്‍ക്കപ്പുറം...

മധുരമലയാളം ഉയരങ്ങളിലേക്ക്:  ശ്രേഷ്ഠഭാഷ വളരുകയാണ്, സമുദ്രദൂരങ്ങള്‍ക്കപ്പുറം...

ജോസ് ഇല്ലിപ്പറമ്പില്‍

മെല്‍ബണില്‍ സ്ഥിരതാമസമായ ലേഖകന്‍ കഴിഞ്ഞ 19 വര്‍ഷമായി ലവാല കാത്തലിക് കോളജില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. ഇതിനു പുറമേ VSL ല്‍ സെക്കന്ററി തലത്തില്‍ 4 വര്‍ഷമായി ശനിയാഴ്ചകളില്‍ മലയാളം പഠിപ്പിക്കുന്നു. VCE പാഠ്യപദ്ധതിയില്‍ മലയാളം ഒരു വിഷയമായി അംഗീകാരം നേടുന്നതിനുള്ള ശ്രമങ്ങള്‍ക്ക് Teacher in Charge എന്ന നിലയില്‍ നേതൃത്വം നല്‍കുകയും മലയാളത്തിന് VET അംഗീകാരം കിട്ടുന്നതിലേക്കു നയിച്ച പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കുകയും ചെയ്തു.


നിതാന്തമായ ഒരു വളര്‍ച്ചയുടെ കഥയാണ് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന് പറയാനുള്ളത്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒരു പാഠ്യ വിഷയമായി മലയാളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന ശുഭവാര്‍ത്തയാണത്. സമൂഹമാധ്യമങ്ങളില്‍ ആ വാര്‍ത്ത ഇത്രത്തോളം ഇടംപിടിക്കുന്നത്, ആ അംഗീകാരം എത്രത്തോളം മലയാളി സമൂഹം നെഞ്ചിലേറ്റുന്നു എന്നതിന്റെ ഉദാഹരണമാണ്.

പന്ത്രണ്ടാം തരം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിക്ടോറിയയില്‍ നല്‍കിവരുന്ന Victorian Certificate of Education (VCE) പാഠ്യപദ്ധതിയില്‍ മലയാളത്തെ ഒരു വിഷയമായി അംഗീകരിച്ചു കിട്ടുകയെന്നതായിരുന്നു ആദ്യ ശ്രമം. വിപുലമായ തയ്യാറെടുപ്പുകള്‍കൊണ്ടും വിഭവശേഖരംകൊണ്ടും അധികൃതരുടെ പ്രശംസപിടിച്ചുപറ്റിയ ആ അപേക്ഷ ചില സാമ്പത്തിക കാരണങ്ങളാല്‍ ഉടനെ അംഗീകരിച്ചു നല്‍കാന്‍ VCAAയ്ക്ക് കഴിയാതെപോയി. അപ്പോള്‍ ഒരു ബദല്‍ സംവിധാനമെന്ന നിലയിലാണ് നമ്മുടെ ഭാഷ VET (Vocational Education & Training) വിഭാഗത്തില്‍ അംഗീകരിക്കപ്പെട്ടത്.

മറ്റു VCE വിഷയങ്ങള്‍ പോലെയല്ല VET കോഴ്‌സിന്റെ പരീക്ഷാസമ്പ്രദായവും മൂല്യനിര്‍ണ്ണയവും. VET കോഴ്‌സുകള്‍ക്ക് പരീക്ഷയില്ല. ഭാഷയിലെ പലതരം പ്രാവീണ്യങ്ങള്‍ (Competencies) ആണ് മലയാളം VET കോഴ്‌സില്‍ പരിശീലിപ്പിക്കുന്നതും, പരീക്ഷിക്കുന്നതും. അവ Certificate II Applied Language എന്നും Certificate III Applied Language  എന്നും അറിയപ്പെടുന്നു. ഓരോ കോഴ്‌സിനും നാല് യൂണിറ്റുക ളാണുള്ളത്. തൊഴില്‍ ഇടങ്ങളിലും സാമൂഹ്യ ആവശ്യങ്ങളിലും എഴുത്ത്, വായന, സംസാരം എന്നിവയിലൂടെ ആശയ വിനിമയം നടത്താനുള്ള പ്രാവീണ്യമാണ് ഈ കോഴ്‌സ് പ്രദാനം ചെയ്യുന്നത്.

ഇംഗ്ലീഷും, ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന മറ്റു മൂന്നു വിഷയങ്ങളും പ്രാഥമിക വിഷയങ്ങള്‍ ((Primary 4) എന്നാണ് അറിയപ്പെടുന്നത്. അവയുടെ 100% മാര്‍ക്കും ATAR ലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. ഏറ്റവും കുറഞ്ഞ മാര്‍ക്കുള്ള അഞ്ചാമത്തെയും ആറാമത്തെയും വിഷയങ്ങളുടെ 10% വീതമാണ് ATAR ലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്. തൃപ്തികരമായി മലയാളം VET കോഴ്‌സ് പൂര്‍ത്തിയാക്കുന്ന പക്ഷം നാലാമതായി മാര്‍ക്കുവാങ്ങിയ വിഷയത്തിന്റെ 10% മാര്‍ക്ക് ഇന്‍ക്രിമെന്റായി ATAR ലേക്ക് നേടുന്നു.

ഈ കോഴ്‌സ് ഏറ്റെടുത്തുനടത്തുന്നവര്‍, RTO (Registered Training Organisation) എന്ന പേരിലാണ് അറിയപ്പെടുന്നത്. വിക്ടോറിയയില്‍ VSL (Victorian School of Languages) ആണ് ഈ കോഴ്‌സിന്റെ RTO. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂ ര പഠന (distance education)ത്തിലൂടെ ഈ കോഴ്‌സിന് പ്രവേശനം നേടാവുന്നതാണ്. (ഔപചാരികമായ തീരുമാനം ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടില്ലെങ്കിലും ഇത് ഒരു സാധ്യതയാണ് ). ഇതര സംസ്ഥാനങ്ങളിലെ Curriculum and Assessment Authority ഉചിതമായ നടപടികള്‍ കൈക്കൊണ്ടാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടോറിയയിലെ പോലെ 10% ക്രെഡിറ്റ് നേടാവുന്നതാണ്. വിപുലമായ ചര്‍ച്ചകളും ബോധവത്കരണവും ഇനിയും അനിവാര്യമാണ്.

രാത്രികള്‍ പകലുകളാക്കി, തിരക്കുകളോട് സമരം ചെയ്തു പെരുതി നേടിയതാണ് ഈ വിജയം. അത് അഭിമാനകരമാണ്, ആഹ്ലാദകരമാണ്. ഒന്നുമില്ലായ്മയില്‍ തുടങ്ങി ഇത്രത്തോളം എത്താന്‍ ആ വഴിത്താരയില്‍ കൈത്താങ്ങായി നിന്നവര്‍ക്ക് നന്ദി... പിന്നിട്ട പാത സുഗമമായിരുന്നില്ല. വിഘ്‌നങ്ങളും, വെല്ലുവിളികളും അഭിമുഖീകരിച്ചപ്പോള്‍ കാലിടറിയില്ല. VCAAയുടെ മാര്‍ഗരേഖ അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ വിശദമായി പ്രതിപാദിച്ചു കൊണ്ടു സമര്‍പ്പിച്ച അപേക്ഷ നാനൂറു പേജുള്ളതായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എഴുത്തുകുത്തുകളും, കൂടിക്കാഴ്ചകളും വിഭവസമാഹരണവും എത്രയോ സമയം അപഹരിച്ചു. പ്രൈമറി മുതല്‍ പന്ത്രണ്ടാംതരം വരെയുള്ള പാഠ്യപദ്ധതി തയ്യാറാക്കുകയും വിവിധ ക്ലാസ്സുകളിലേക്കുള്ള പാഠപുസ്തക രചന നടത്തുകയും ചെയ്ത അധ്യാപകരുടെ അക്ഷീണ പ്രയത്‌നം ഇതിന്റെ പിന്നാമ്പുറ കഥകളാണ്.

രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമായപ്പോള്‍ സുഹൃത്തായ സുരേഷ് വല്ലത്തിന്റെ സഹായത്താല്‍ എം.പിയായ കൗസല്യ വഗേലയെയാണ് ആദ്യം സമീപിച്ചത്. അവര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മന്ത്രിതലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ വേണ്ടി വന്നു. ഇതിനായി സുരേഷ് പരിചയപ്പെടുത്തിയ യൂണിവേഴ്‌സിറ്റി അദ്ധ്യാപകനും രാഷ്ട്രീയ പ്രവര്‍ ത്തകനുമായ ജസ്വിന്ദര്‍ സിദ്ദു ഏറെ പിന്തുണച്ചു. ജസ്വിന്ദറിന്റെ നിര്‍ദേശ പ്രകാരം ഇതിനായി ബന്ധപ്പെട്ട അബൊറിജിനല്‍ വകുപ്പ് മിനിസ്റ്റര്‍ ഗബ്രിയേല്‍ വില്യംസ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അവര്‍ വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെര്‍ലിനോയുടെ ശ്രദ്ധ ഇക്കാര്യത്തിലേക്കു ക്ഷണിക്കുകയും മറ്റു ജനപ്രതിനിധികളുടെ പിന്തുണ ആര്‍ജിക്കുന്നതിനുള്ള സത്വര നടപടികള്‍ ചെയ്യുകയും ചെയ്തു. വിവിധ ഇടങ്ങളില്‍ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ കമ്മ്യൂണിറ്റി പ്രതിനിധികളെയും, ഈ സംരംഭത്തെ പിന്തുണച്ച ജനപ്രതിനിധികളെയും നന്ദിയോടെ ഓര്‍ക്കുന്നു.

അധ്യാപകരും, അനധ്യാപകരും, മാതാപിതാക്കളും അടങ്ങുന്ന ഒരു വലിയ നിര പ്രയത്‌നിച്ചു നേടിയ അംഗീകാരമാണിത്. ഭാഷയും, സംസ്‌കാരവും പൈതൃകവും പിന്‍ തലമുറയ്ക്ക് കൈമാറാന്‍ ഈ അംഗീകാരം നമ്മെ പ്രാപ്ത രാക്കട്ടെ...സ്വായത്തമാക്കുന്ന ഭാഷാപരിജ്ഞാനം ഇളം തലമുറ വരുംതലമുറയ്ക്ക് കൈമാറട്ടെ... ഇനിയും ഭാഷ വളരട്ടെ...

ഒത്തിരി ഓടി നേടിയ ഇത്തിരി വെട്ടമാണിത്. എണ്ണ വറ്റാതെ ആ ചിരാത് എന്നും കത്തിനില്‍ക്കട്ടെ... അതില്‍ അല്‍പ്പം എണ്ണ പകരാനായി എന്നത് എളിയവനായ ഈ അധ്യാപകന് ഏറെ സംതൃപ്തി നല്‍കുന്നു.

കൂടുതല്‍ വായനയ്ക്ക്:

മലയാളം ഓസ്‌ട്രേലിയന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.