മലയാളം ഓസ്‌ട്രേലിയന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു

മലയാളം ഓസ്‌ട്രേലിയന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു

മെല്‍ബണ്‍: നമ്മുടെ മാതൃഭാഷയായ മധുര മലയാളം ഓസ്‌ട്രേലിയന്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മാറുന്നു. വിക്‌ടോറിയ സംസ്ഥാനത്താണ് വൊക്കേഷണല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗിന്റെ (വി.ഇ.ടി) ഔദ്യോഗിക ഭാഷാ വിഷയമായി മലയാളത്തെ ഉള്‍പ്പെടുത്തിയത്. വിക്‌ടോറിയന്‍ കരിക്കുലം അസസ്‌മെന്റ് അതോറിട്ടിയാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതോടെ അടുത്ത വര്‍ഷം മുതല്‍ വിക്‌ടോറിയന്‍ സംസ്ഥാനത്ത് ഉടനീളം വൊക്കേഷണല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഭാഷയായി (വി.ഇ.ടി) മലയാളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമായാണ് ഈ തീരുമാനത്തെ കണക്കാക്കുന്നത്.

പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മലയാള ഭാഷയില്‍ സര്‍ട്ടിഫിക്കറ്റ് രണ്ടും പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മൂന്നും പഠിക്കാവുന്നതാണ്. പന്ത്രണ്ടാം ക്ലാസിനു മുന്‍പായി വി.ഇ.ടി മലയാളം കോഴ്‌സ് പൂര്‍ണമായും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് (ഓസ്ട്രേലിയന്‍ ടെര്‍ഷ്യറി അഡ്മിഷന്‍ റാങ്ക്) പത്തു ശതമാനം മാര്‍ക്ക് അധികമായി ലഭിക്കും.

മലയാള ഭാഷയെ അറിയാനും നമ്മുടെ നാടിന്റെ സംസ്‌കാരവും പൈതൃകവും മൂല്യങ്ങളും അടുത്തറിയാനും ഈ പാഠ്യപദ്ധതി അവസരമൊരുക്കും. മലയാളി അസോസിയേഷനുകളുടെയും വിക്ടോറിയ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് (വി.എസ്.എല്‍.) മലയാളം പ്രോഗ്രാമിന്റെയും ആഭിമുഖ്യത്തില്‍ മലയാള ഭാഷയെ ഓസ്‌ട്രേലിയന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് വിക്‌ടോറിയന്‍ പാര്‍ലമെന്റില്‍ നിരവധി പേരുടെ ഒപ്പോടു കൂടി നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിനായി വി.എസ്.എല്‍ മലയാളത്തിന്റെയും മറ്റു നിരവധി ക്ലബുകളുടെയും നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. മെല്‍ബണ്‍ സിറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഈ നിവേദനത്തില്‍ പങ്കുചേരാന്‍ ഓസ്‌ട്രേലിയയിലെ മലയാളി വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു.

വിക്‌ടോറിയന്‍ കരിക്കുലം അസസ്‌മെന്റ് അതോറിട്ടിയുമായി കഴിഞ്ഞ കുറേ മാസങ്ങളായി വി.എസ്.എല്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ അനുകൂലമായ തീരുമാനമുണ്ടായത്.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജെയിംസ് മര്‍ലിനോ, സംസ്ഥാന എംപിമാരായ കൗസല്യ വാഗേല, മര്‍ലിന്‍ കൈറോസ്, പൗളിന്‍ ലൂയിസ് റിച്ചാര്‍ഡ്‌സ്, സീറോ മലബാര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, എസ്.ബി.എസ്. മലയാളം റേഡിയോ സില്‍വി മനീഷ് തുടങ്ങി ഈ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുകയും സഹായിക്കുകയും ചെയ്തവര്‍ക്ക് വി.എസ്.എല്‍ മലയാളം ഭാരവാഹികളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായ വേണുഗോപാലന്‍ നായര്‍ (വിന്താം മലയാളി കമ്യൂണിറ്റി), ജോസ് ഇല്ലിപ്പറമ്പില്‍ (വി.എസ്.എല്‍ മലയാളം അധ്യാപകന്‍), മദനന്‍ ചെല്ലപ്പന്‍ (വിക്‌ടോറിയ മലയാളി അസോസിയേഷന്‍ സെക്രട്ടറി), ജോണി വര്‍ക്കി (വിക്ടോറിയ സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് മലയാളം കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ നന്ദി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.