ദിവ്യകാരുണ ആരാധനയില്‍ സ്വയം മറന്ന വിശുദ്ധ സ്റ്റാന്‍സിളാവൂസ് കോസ്‌കാ

ദിവ്യകാരുണ ആരാധനയില്‍ സ്വയം മറന്ന വിശുദ്ധ സ്റ്റാന്‍സിളാവൂസ് കോസ്‌കാ

അനുദിന വിശുദ്ധര്‍ - നവംബര്‍ 13

പോളണ്ടിലെ പ്രശസ്തനായ ഒരു സെനറ്ററുടെ മകനാണ് സ്റ്റാന്‍സിളാവൂസ് കോസ്‌കാ. പ്രാഥമിക വിദ്യാഭ്യാസം തന്റെ കുടുംബ മാളികയില്‍ തന്നെയായിരുന്നു. പിന്നീട് സഹോദരന്‍ പോളിനൊപ്പം വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്ന അദ്ദേഹം അവിടെ മറ്റെല്ലാവര്‍ക്കും മുന്നില്‍ മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നത്. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി.

ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട് മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നല്‍കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം സ്റ്റാന്‍സിളാവൂസിന് പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയാവുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സ്റ്റാന്‍സിളാവൂസിന്റെ പിതാവിന്റെ കോപം ഭയന്ന് അദ്ദേഹത്തെ സഭയില്‍ ചേര്‍ക്കുന്നതിന് വിയന്നായിലെ ജെസ്യൂട്ട് ആശ്രമാധികാരി വിസമ്മതിച്ചു.

അതിനാല്‍ സ്റ്റാന്‍സിളാവൂസ് ഏതാണ്ട് 350 മൈലുകളോളം സഞ്ചരിച്ച് ഓഗ്‌സ്ബര്‍ഗിലേക്കും അവിടെ നിന്ന് ഡില്ലിന്‍ജെന്നിലേക്കും പോയി. ജര്‍മ്മനിയിലെ ജെസ്യൂട്ട് ആശ്രമാധികാരിയായ വിശുദ്ധ പീറ്റര്‍ കനീസിയസ് അദ്ദേഹത്തെ ആശ്രമത്തിലെടുത്തു. മൂന്നാഴ്ചക്ക് ശേഷം അദ്ദേഹത്തെ റോമിലെ ജസ്യൂട്ട് ജനറലായ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ഗിയയുടെ അടുക്കലേക്കയച്ചു. പിതാവിന്റെ ഇഷ്ടത്തിന് വിപരീതമായി തന്റെ പതിനേഴാമത്തെ വയസില്‍ അദ്ദേഹം റോമില്‍ വച്ച് ജസ്യൂട്ട് സഭയില്‍ ചേര്‍ന്നു.

പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഉള്ള ആത്മനിര്‍വൃതി മൂലം ദിവ്യകാരുണ ആരാധനയോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി സകലര്‍ക്കും പ്രകടമായിരുന്നു. സഭയില്‍ ചേര്‍ന്ന് ഒമ്പത് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും രോഗത്തിന് പിടിയിലാകുകയും മരണമടയുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ചില്ലിയെന്‍

2. ഓര്‍ലീന്‍സുകാരിയായ അബ്ബോ

3. ടൂഴ്‌സ് ബിഷപ്പായിരുന്ന ബ്രൈസ്

4. ഫേണ്‍സ് ബിഷപ്പായിരുന്ന കയില്ലിന്‍

5. സ്‌പെയിന്‍കാരായ അര്‍കേഡിയൂസ് പാസ്‌കാഡിയൂസ്, പ്രോബൂസ്, എവുടീക്യന്‍, പൗളില്ലൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26