ഉപഗ്രഹ ഇന്റര്‍നെറ്റ്; പുതിയ ആന്റിനയുമായി സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക്

ഉപഗ്രഹ ഇന്റര്‍നെറ്റ്; പുതിയ ആന്റിനയുമായി സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക്

ബഹിരാകാശത്ത് വിന്യസിച്ച ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായി പുതിയ ആന്റിന അവതരിപ്പിച്ച് സ്പേസ് എക്സ്. ചതുരത്തിലുള്ള ആന്റിനയാണ് അവതരിപ്പിച്ചത്. വൃത്താഗൃതിയിലുള്ള ആന്റിന നേരത്തെ അവതരിപ്പിച്ചിരുന്നു.

വൃത്താകൃതിയിലുള്ള ആന്റിനയേക്കാൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ് ഈ ആന്റിന. സ്റ്റാർലിങ്ക് ടെർമിനലുകൾ എന്നാണ് ഇതിന് പേര്. സ്റ്റാർലിങ്കിന് വേണ്ടി 12000 ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ ലോ എർത്ത് ഓർബിറ്റിൽ വിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. പരമ്പരാഗത ഇന്റർനെറ്റ് വിതരണ സംവിധാനങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത പ്രദേശങ്ങളിലേക്ക് അതിവേഗ കണക്റ്റിവിറ്റി എത്തിക്കാൻ സ്റ്റാർലിങ്ക് പദ്ധതിയിലൂടെ സാധിക്കും.

ഇന്ത്യയിലും സ്റ്റാർലിങ്ക് സേവനം ആരംഭിക്കാനുള്ള ശ്രമത്തിലാണ്. അടുത്തിടെയാണ് കമ്പനി ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. പ്രാദേശിക ടെലികോം സേവനദാതാക്കളുമായി സഹകരിച്ച് സ്റ്റാർലിങ്ക് സേവനങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. 2020 ഒക്ടോബറിലാണ് സ്റ്റാർലിങ്ക് ബീറ്റാ പതിപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്കയിലെ ചില പ്രത്യേക ഭൂമിശാസ്ത്ര മേഖലകളിലുള്ളവർക്കായി കമ്പനി ഉപകരണങ്ങൾ നൽകി.

ഡിഷ് ആന്റിന അഥവാ ടെർമിനൽ, ഘടിപ്പിക്കുന്ന ഒരു ഉപകരണം, വൈഫൈ റൗട്ടർ എന്നിവ ഉൾക്കൊള്ളുന്നതാണ് സ്റ്റാർലിങ്കിന്റെ കിറ്റ്. കിറ്റിന് 499 ഡോളറും 99 ഡോളറിന്റെ പ്രതിമാസ ചെലവുമാണ് ഇതിന് വേണ്ടിവരിക. ചതുരത്തിലുള്ള ആന്റിനയ്ക്ക് 12 ഇഞ്ച് വീതിയും 19 ഇഞ്ച് നീളവുമുണ്ട്. 4.18 കിലോഗ്രാം ആണ് ഭാരം. ഇതിന്റെ വിലയിൽ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല.

ചെറിയ ടെർമിനിലിന് വേണ്ടിയുള്ള അനുമതി കഴിഞ്ഞ ദിവസമാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ നൽകിയത്. അതേസമയം എതിരാളിയായ പ്രോജക്ട് കുയ്പർ നിർമിക്കാൻ ഉദ്ദേശിക്കുന്ന ആന്റിനയെ വെല്ലുവിളിക്കാനാണ് ഈ ചെറിയ ആന്റിന സ്പേസ് എക്സ് അവതരിപ്പിച്ചത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഉപകരണങ്ങളുടെ ചിലവ് പരമാവധി കുറയ്ക്കാനാണ് കമ്പനികൾ ശ്രമിച്ചുവരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.