ഇക്വഡോറിലെ ജയിലില്‍ മയക്കുമരുന്നു സംഘങ്ങള്‍ തോക്കുകളുമായി ഏറ്റുമുട്ടി; 68 മരണം

  ഇക്വഡോറിലെ ജയിലില്‍ മയക്കുമരുന്നു സംഘങ്ങള്‍ തോക്കുകളുമായി ഏറ്റുമുട്ടി; 68 മരണം

ക്വിറ്റോ: ഇക്വഡോറിലെ ജയിലില്‍ മയക്കുമരുന്നു സംഘാംഗങ്ങളായ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 68 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ജയിലായ ലിറ്റോറല്‍ പെനിറ്റന്‍ഷ്യറിയിലാണ് അധോലാക സംഘങ്ങള്‍ ഏറ്റുമുട്ടിയത്. എതിരാളികള്‍ തമ്മില്‍ പരസ്പരം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് മരണസംഖ്യ കൂടാന്‍ കാരണമായത്.

ജയിലിനുള്ളിലെ സ്ഥിതിഗതികള്‍ ഏറെ നേരം നിയന്ത്രണാതീതമായിരുന്നു.എട്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 68 തടവുകാര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ജയിലിലെ 700 ഓളം തടവുകാര്‍ താമസിക്കുന്ന പവലിയന്‍ 2 ലാണ് സംഭവം നടന്നത്.തടവുകാര്‍ ഡൈനാമൈറ്റ് ഉപയോഗിച്ച് മതില്‍ പൊട്ടിച്ച് തീയിടാനും ശ്രമിച്ചു. ജയിലിനുള്ളില്‍ ചെറിയ സ്‌ഫോടനങ്ങള്‍ നടന്നതായും സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാര തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.സംഘര്‍ഷത്തിന്റെ വീഡിയോം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി. ജയിലിനുള്ളില്‍ ചില മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നത് വീഡിയോയില്‍ കാണാം. ഗുയാസ് പ്രവിശ്യയിലെ ഗവര്‍ണര്‍ പാബ്ലോ അറോസെമെന ആക്രമണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തി. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസ്സോ സുരക്ഷാ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഇക്വഡോറിയന്‍ ജയിലുകളില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവാണ്. ഏറ്റുമുട്ടലില്‍ ഈ വര്‍ഷം മാത്രം 300-ലധികം ആളുകള്‍ മരിച്ചുവെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 8000 ത്തിലേറെ തടവുകാരാണ് ലിറ്റോറല്‍ പെനിറ്റന്‍ഷ്യറിയില്‍ കഴിയുന്നത്. മൂന്ന് പവലിയനുകളിലായാണ് തടവുകാരെ പാര്‍പ്പിച്ചിട്ടുള്ളത്. തടവുകാരുടെ കയ്യില്‍ തോക്കുകളും സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നുവെന്ന് ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.