നൈപുണ്യ കര്‍മ്മസേന വഴി പതിനായിരത്തോളം സേനാംഗങ്ങളുടെ സേവനം സമൂഹത്തിന് ലഭ്യമാക്കും: തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

നൈപുണ്യ കര്‍മ്മസേന വഴി പതിനായിരത്തോളം സേനാംഗങ്ങളുടെ സേവനം  സമൂഹത്തിന് ലഭ്യമാക്കും: തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

സര്‍ക്കാര്‍ ഐടിഐകളിലെ ട്രെയിനികളും പരിശീലകരും ഉള്‍പ്പെടുന്ന നൈപുണ്യകര്‍മ്മസേന ഇനി സ്ഥിരം സംവിധാനം പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ഏത് അടിയന്തരഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ഐടിഐകളിലെ ട്രെയിനികളും പരിശീലകരും ഉള്‍പ്പെടുന്ന നൈപുണ്യ കര്‍മ്മസേനയെ സ്ഥിരം സംവിധാനമാക്കി ഉപയോഗപ്പെടുത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമാക്കുന്നതിന്റെ ജില്ലാ-സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രളയക്കെടുതികളുടെ കാലത്ത് പ്രതിരോധ-പുനരധിവാസദൗത്യങ്ങളില്‍ സജ്ജരായിരുന്ന സേനയെ സ്ഥിരം സംവിധാനമാക്കുന്നതുവഴി സമൂഹപുനര്‍ നിര്‍മ്മിതിക്ക് മുതല്‍ക്കൂട്ടായി മാറുമെന്ന് മന്ത്രി പറഞ്ഞു.രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം നിലവില്‍ വരുന്നത്. നിലവില്‍ 14 ജില്ലാതല നോഡല്‍ ഐടിഐകള്‍ കേന്ദ്രീകരിച്ചാണ് നൈപുണ്യകര്‍മ്മസേനയുടെ പ്രവര്‍ത്തനം. 25 ലക്ഷം രൂപ വിനിയോഗിച്ച് 14 നോഡല്‍ ഐടിഐകളിലും നൈപുണ്യകര്‍മ്മസേനയ്ക്ക് ആവശ്യമായ യൂണിഫോമും ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കാര്‍ഷികമേഖലയിലും നൈപുണ്യകര്‍മ്മസേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും അതിജീവനദൗത്യത്തിലും നൈപുണ്യകര്‍മ്മസേനാംഗങ്ങള്‍ പങ്കാളികളാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു . അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഐടിഐകളിലേക്കും നൈപുണ്യകര്‍മ്മസേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ ആറ് കോളനികളിലെ വീടുകളിലാണ് നൈപുണ്യകര്‍മ്മസേനാംഗങ്ങള്‍ തങ്ങളുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്ഥിരം സംവിധാനമാകുന്നതോടെ എല്ലാ ജില്ലയിലും സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഓരോ പ്രവര്‍ത്തനം വീതം നൈപുണ്യകര്‍മ്മസേന ഏറ്റെടുക്കും.സ്‌കൂളുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍, കോളനികളിലെ വീടുകള്‍ എന്നിവിടങ്ങളിലെ വിവിധ പ്രവൃത്തികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും മറ്റും അറ്റകുറ്റപ്പണിയും സേനാംഗങ്ങള്‍ ഏറ്റെടുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഹരിതകേരള മിഷന്റെയും സഹകരണത്തോടെയാണ് നൈപുണ്യകര്‍മ്മസേന സേവനരംഗത്തിറങ്ങുകയെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ജനപ്രതിനിധികളും നല്‍കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവൃത്തികള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക വികസനത്തില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന് നൈപുണ്യകര്‍മ്മസേനയുടെ വിജയം തെളിയിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെയും പരിശീലകരുടെയും നൈപുണ്യശേഷിയും സാങ്കേതികജ്ഞാനവും സാമൂഹികാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന സ്ഥിരം സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ഏത് അടിയന്തരഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലനം നേടുന്നതോടൊപ്പം സാങ്കേതികപരിജ്ഞാനം പ്രയോഗത്തില്‍ വരുത്താനും സാമൂഹിക-തൊഴില്‍ മേഖലകളിലെ ഇടപെടലുകളിലൂടെ നൈപുണ്യശേഷി വര്‍ധിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതത് ജില്ലകളില്‍ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഐടിഐകളിലെ ട്രെയിനികളും പരിശീലകരും ഉള്‍പ്പെടുന്ന നൈപുണ്യകര്‍മ്മസേനയ്ക്ക് 2018ലെ പ്രളയത്തെ തുടര്‍ന്നാണ് വ്യാവസായിക പരിശീലനവകുപ്പ് രൂപം നല്‍കുന്നത്. 2018ലും 2019ലും പ്രളയക്കെടുതി നേരിട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഹരിതകേരള മിഷന്റെ സഹകരണത്തോടെ നൈപുണ്യകര്‍മ്മസേന ആശ്വാസം പകര്‍ന്നു. നാശനഷ്ടം നേരിട്ട വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപണി, വയറിംഗ്, പ്ലംബിംഗ്, വെല്‍ഡിങ്, കാര്‍പ്പന്ററി പ്രവൃത്തികള്‍ സൗജന്യമായി നിര്‍വഹിച്ചു. ആറായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി സേവനം നല്‍കി. ഇതിനുപുറമെ പ്രളയദുരന്തമുണ്ടായ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഇവര്‍ അറ്റകുറ്റപണികള്‍ നിര്‍വഹിച്ചു. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വയര്‍മാന്‍, കാര്‍പ്പെന്റര്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍ മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക് തുടങ്ങിയ ട്രേഡുകളില്‍ പരിശീലനം നേടിയവരാണ് കര്‍മ്മരംഗത്തിറങ്ങിയത്.

പ്രകൃതിക്ഷോഭം വന്‍നാശം വിതച്ച ഇടുക്കി എറണാകുളം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സേവനദൗത്യവുമായി രംഗത്തിറങ്ങിയ നൈപുണ്യകര്‍മ്മസേന സമൂഹത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ഐടിഐ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും ഈ ദൗത്യം നിറവേറ്റിയത്. പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പിനു കീഴിലുള്ള ഐടിഐകളിലെയും സ്വകാര്യ ഐടിഐകളിലെയും ഇന്‍സ്ട്രക്ടര്‍മാരും ട്രെയിനികളും അന്ന് സേവനരംഗത്തുണ്ടായിരുന്നു. തൃപ്പൂണിത്തുറ എം എല്‍ എ സ്വരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി എന്‍ സീമ, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ.എസ്.ചിത്ര, ഐ ടി ഐ അഡിഷണല്‍ ഡയറക്ടര്‍ ജസ്റ്റിന്‍ രാജ്, ,സന്ധ്യ സല്‍വാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ട്രെയിനിങ് ഡല്‍ഹി എന്നിവര്‍ പങ്കെടുത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.