പിണറായിയോടുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് ജോണ്‍ ബ്രിട്ടാസ്: താങ്കളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് യുഡിഎഫ് എംപിമാര്‍

പിണറായിയോടുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് ജോണ്‍ ബ്രിട്ടാസ്: താങ്കളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് യുഡിഎഫ് എംപിമാര്‍

തിരുവനന്തപുരം: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ തര്‍ക്കം. മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങള്‍ക്ക് രാജ്യസഭാ എം പി കൂടിയായ ജോണ്‍ ബ്രിട്ടാസ് മറുപടി നല്‍കിയതാണ് യുഡിഎഫ് എംപിമാരെ ചൊടിപ്പിച്ചത്. താങ്കളാണോ മുഖ്യമന്ത്രി? എന്ന് ചോദിച്ച് യുഡിഎഫ് എംപിമാര്‍ രംഗത്തുവരികയായിരുന്നു.

മുഖ്യമന്ത്രി എംപിമാരുടെ സഹകരണത്തിന് ആത്മാര്‍ഥ കാണിക്കുന്നില്ലെന്നും കെ റെയിലിനോടുള്ള യുഡിഎഫ് എതിര്‍പ്പുമാണ് തര്‍ക്കത്തിന് കാരണമായതെന്ന് എംപിമാര്‍ കുറ്റപ്പെടുത്തുന്നു. എംപിമാരുടെ പല ചോദ്യങ്ങള്‍ക്കും ജോണ്‍ ബ്രിട്ടാസാണ് മറുപടി നല്‍കിയത്. എന്നാല്‍ അത് അവഗണിച്ച് യുഡിഎഫ് എംപിമാര്‍ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് എംപിമാര്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന മുഖ്യമന്ത്രി എംപിമാരെ വിശ്വാസത്തില്‍ എടുക്കാനോ ഡല്‍ഹിയില്‍ എത്തുമ്പോള്‍ കൂടെക്കൂട്ടാനോ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. അതിന് പുറമെ വേഗ റെയിലിനോട് തങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്നും അവര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ ഉന്നയിച്ചു സാധിച്ചെടുക്കണം എന്ന് പറയുന്ന മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കുന്നില്ലെന്ന് എംപിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹന്നാന്‍ ആരോപിച്ചു. കേന്ദ്രമന്ത്രിമാരെ കണ്ട് നിവേദനം നല്‍കുമ്പോള്‍ എംപിമാര്‍ ഒപ്പം പോകാന്‍ തയ്യാറാണ്. എന്നാല്‍ കൊണ്ടു പോകാന്‍ അദ്ദേഹം തയ്യാറല്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തയ്യാറാണ്. സഹകരണം വേണമെന്ന് അഭ്യര്‍ത്ഥിക്കുമ്പോള്‍ തിരികെ അതേപോലെയുള്ള സമീപനമാണ് തങ്ങളോടും സ്വീകരിക്കേണ്ടത്. വേഗ റെയില്‍ പദ്ധതി സംബന്ധിച്ച് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാര്‍ സഹകരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.