കോയ്‌നോനിയ 2025; അമേരിക്കന്‍ മലയാളി കത്തോലിക്കാ വൈദിക മഹാസംഗമം നവംബര്‍ 18 ന്

കോയ്‌നോനിയ 2025; അമേരിക്കന്‍ മലയാളി കത്തോലിക്കാ വൈദിക മഹാസംഗമം നവംബര്‍ 18 ന്

മയാമി : അമേരിക്കയിൽ വിവിധ രൂപതകളിൽ സേവനം ചെയ്യുന്ന മലയാളി കത്തോലിക്ക വൈദികരുടെ മഹാസമ്മേളനം ‘കോയ്‌നോനിയ 2025’ നവംബർ 18, 19 തിയതികളിൽ ഫ്‌ളോറിഡയിലെ മയാമിയിൽ നടക്കും. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ചരിത്രപരമായ ആത്മീയ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം അഞ്ഞൂറോളം മലയാളി വൈദികർ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പങ്കാളിത്തം, സഹവർത്തിത്വം, ആത്മീയ ഐക്യം എന്നിവ പ്രതിനിധാനം ചെയ്യുന്ന ഗ്രീക്ക് പദമായ ‘കോയ്‌നോനിയ’ എന്ന പേരിലാണ് സമ്മേളനം നടക്കുന്നത്.

സീറോ മലബാർ, സീറോ മലങ്കര, ലാറ്റിൻ റീത്ത്, കാനായ സഭ, വിവിധ സന്യാസ സഭകൾ, കോൺഗ്രിഗേഷനുകൾ എന്നിവയിൽപ്പെട്ട മലയാളി വൈദികരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വൈദികരുടെ ജീവിത സമർപ്പണത്തിന്റെ സംഭാവനകൾ അടയാളപ്പെടുത്തുന്ന അപൂർവമായ വേദിയായി ഇത് കണക്കാക്കപ്പെടുന്നു.

മയാമിയിലെ ഔവർ ലേഡി ഓഫ് ഹെൽത്ത് ഫോറോനാ ദേവാലയമാണ് സമ്മേളനത്തിന്റെ ആതിഥേയത്വം വഹിക്കുന്നത്. ഏതാനും മാസങ്ങളായി ഈ മഹാസമ്മേളനത്തിന്റെ ഒരുക്കത്തിനായി ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം സഹരക്ഷാധികാരിയും ഫോറോനാ വികാരി ഫാ. ജോര്‍ജ് ഇളമ്പാശേരി ചെയര്‍മാനും ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി ഇരുപതോളം വിവിധ കമ്മിറ്റി ചെയര്‍മാന്മാരും കൈക്കാരന്മാരും പള്ളികമ്മിറ്റി അംഗങ്ങളും ഈ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.

നവംബര്‍ പതിനെട്ടിന് വൈകുന്നേരം 4.30ന് കോറല്‍ സ്പ്രിങ്ങ്‌സിലെ സെന്റ് എലിസബത്ത് ആന്‍ സെന്റണ്‍ കാത്തലിക് പള്ളിയിലാണ് പരിപാടികള്‍ നടക്കുന്നത്. (Address: St. Elizabeth Ann Senton Catholic Church 1401 Coral Ridge Drive, Coral Springs Florida-33071). അമേരിക്കൻ ബിഷപ്പ് കോൺഫറൻസ് അംഗമായ പെൻസക്കോള ബിഷപ്പ് വില്യം എ. വാക്ക്, മയാമി ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി, ഇന്ത്യൻ കോൺസൽ ജനറൽ, കോറൽ സ്പ്രിങ്സ് മേയർ സ്കോട്ട് ജെ. ബ്രൂക്ക്, മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരും ഫ്‌ളോറിഡയിലെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.

വൈകുന്നേരം 4.30ന് പള്ളി അങ്കണത്തില്‍ എത്തിച്ചേരുന്ന വിശിഷ്ടാതിഥികളെ താളമേള വാദ്യാഘോഷങ്ങളോടും താലപ്പൊലിയും മുത്തുക്കുടകളുടെ അകമ്പടിയോടും സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും. വൈകുന്നേരം അഞ്ച് മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇരുന്നൂറോളം വൈദികർ ചേര്‍ന്ന് ദിവ്യബലി അർപ്പിക്കും.

തുടര്‍ന്ന് സ്നേഹ വിരുന്ന് ഉണ്ടായിരിക്കും. ഏഴു മണിക്ക് പൊതുസമ്മേളനവും വൈവിദ്ധ്യമാര്‍ന്ന സാംസ്‌കാരിക കലാസന്ധ്യയും. നൂറ്റി ഇരുപതിലധികം കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ''പാവനം'' എന്ന പേരുന്‍കി അണിയിച്ചൊരുക്കുന്ന കലാവിരുന്ന് വേദിയില്‍ അവതരിപ്പിക്കപ്പെടും.

അമേരിക്കയിലാകെ പ്രവർത്തിക്കുന്ന ചിക്കാഗോ സീറോ മലബാർ രൂപത ഇന്ന് 84 ഇടവകകളും 35 മിഷനുകളും 70 ലധികം വൈദികരും ഉൾപ്പെടുന്ന ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികളെ ഉൾക്കൊള്ളുന്ന വലിയ ആത്മീയ സമൂഹമായി വളർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.