സ്‌ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താന്‍ വെബ് പോര്‍ട്ടല്‍; കേസെടുക്കാന്‍ താമസിച്ചാല്‍ കാരണം ബോധിപ്പിക്കണം

സ്‌ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താന്‍ വെബ് പോര്‍ട്ടല്‍; കേസെടുക്കാന്‍ താമസിച്ചാല്‍ കാരണം ബോധിപ്പിക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ രേഖപ്പെടുത്താന്‍ പ്രത്യേക വെബ് പോര്‍ട്ടലാണ്‌ ഇതിനായി ഒരുക്കിയിരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകിയാല്‍ കാരണം രേഖപ്പെടുത്തണം. ഇത് കേന്ദ്ര പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും വേണം. ഗാര്‍ഹിക അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പലപ്പോഴും വൈകാറുണ്ട്. അക്രമം ബന്ധുക്കള്‍ അറിയിക്കുന്നത് വൈകുന്നതാണ് കാരണം. ഇത്തരം സംഭവങ്ങളില്‍ എന്തുകൊണ്ട് വൈകി എന്ന കാരണം രേഖപ്പെടുത്തണം.

കുറ്റകൃത്യങ്ങള്‍ക്കെതിരായി നടപടിയെടുക്കുന്നത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെങ്കിലും വിദേശ രാജ്യങ്ങളടക്കം സ്‌ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യമുണ്ട്. ഇതില്‍ കൃത്യമായ നിയന്ത്രണത്തിന് വേണ്ടിയാണ് കേന്ദ്ര ഇടപെടല്‍.

നഗരത്തില്‍ പ്രശ്‌നസാധ്യതയുള‌ളയിടം മേഖല തിരിച്ച്‌ ഹോട്‌സ്‌പോട്ട് ആയി തിരിച്ച്‌ സ്‌ത്രീസുരക്ഷയ്‌ക്ക് കര്‍ശന നടപടിയെടുക്കണം. ക്രൈം മാപ്പിംഗ് എന്നാണ് ഇതറിയപ്പെടുക. നിലവില്‍ ഡല്‍ഹിയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. പരാതി പൊലീസിന് മുന്നിലെത്തിയാല്‍ എഫ്‌ഐആറിട്ട് അന്വേഷിക്കാന്‍ ഒരിക്കലും വൈകരുതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോ കണക്ക് പ്രകാരം ഒരു ദിവസം ഇന്ത്യയില്‍ 77 ബലാല്‍സംഗ കേസുകളാണ് നടക്കുന്നത്. 2020ല്‍ 3,71,503 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്‌തത്. 2019ല്‍ 4,05,326 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ലോക്‌ഡൗണ്‍ കാരണം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതാണ് കഴിഞ്ഞ വര്‍ഷം കുറയാന്‍ കാരണമായത്. റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ കു‌റ്റകൃത്യവും ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ‌വര്‍ക്ക് സിസ്‌റ്റത്തില്‍ അത് ഉള്‍പ്പെടുത്തണം. ആനന്ദ് ശര്‍മ്മ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.