ജൂലിയസ് ജോണ്‍സന്റെ വധശിക്ഷ ഒഴിവായത് അവസാന മണിക്കൂറില്‍; ജീവപര്യന്തമാക്കി ഗവര്‍ണറുടെ ഉത്തരവ്

ജൂലിയസ് ജോണ്‍സന്റെ വധശിക്ഷ ഒഴിവായത് അവസാന മണിക്കൂറില്‍; ജീവപര്യന്തമാക്കി ഗവര്‍ണറുടെ ഉത്തരവ്

ഒക്ലഹോമ സിറ്റി: വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് ജൂലിയസ് ജോണ്‍സന്റെ ശിക്ഷ ഇളവു ചെയ്ത് ഒക്ലഹോമ ഗവര്‍ണറുടെ ഉത്തരവെത്തി. വധശിക്ഷ റദ്ദാക്കി പരോള്‍ രഹിത ജീവപര്യന്തമാക്കാന്‍ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് തീരുമാനമെടുത്തത്, വിവിധ വിഭാഗം ജനങ്ങളില്‍ നിന്നുയര്‍ന്ന അഭ്യര്‍ത്ഥന മാനിച്ചാണ്.

ജോണ്‍സിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബഹിഷകരിച്ചിരുന്നു.'കേസിന്റെ എല്ലാ വശങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം പരിഗണിച്ചും അവലോകനം ചെയ്തുമാണ് ' താന്‍ ഇടപെട്ടതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ കെവിന്‍ സ്റ്റിറ്റ് പറഞ്ഞു.
ബിസിനസുകാരനായ പോള്‍ ഹോവലിനെ 1999 ല്‍ കൊലപ്പെടുത്തിയതിന് 2002 ലാണ് ജോണ്‍സിന് വധശിക്ഷ വിധിച്ചത്. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചിരുന്നു ഈ 41 കാരന്‍.

ജോണ്‍സിന്റെ ശിക്ഷാവിധി ജീവപര്യന്തമാക്കി മാറ്റാന്‍ സ്റ്റേറ്റ് പാര്‍ഡന്‍ ആന്‍ഡ് പരോള്‍ ബോര്‍ഡ് 3-1 വോട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ശിക്ഷാവിധിയിലേക്ക് നയിച്ച തെളിവുകളില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന നിലപാടാണ് ബോര്‍ഡ് പാനലിലെ ചില അംഗങ്ങള്‍ സ്വീകരിച്ചത്.

നടി വിയോള ഡേവിസ് നിര്‍മ്മിച്ച് 2018-ല്‍ എബിസിയില്‍ മൂന്നു ഭാഗമായി സംപ്രേഷണം ചെയ്ത 'ദി ലാസ്റ്റ് ഡിഫന്‍സ്' എന്ന ഡോക്യുമെന്ററി ജോണ്‍സിന്റെ കേസ് ഇതിവൃത്തമായുള്ളതായിരുന്നു. അതിനുശേഷം, റിയാലിറ്റി ടെലിവിഷന്‍ താരം കിം കര്‍ദാഷിയാന്‍ വെസ്റ്റും ഒക്ലഹോമ ബന്ധമുള്ള കായികതാരങ്ങളും വിഷയം ഏറ്റെടുത്തു. എന്‍ബിഎ താരങ്ങളായ റസ്സല്‍ വെസ്റ്റ്ബ്രൂക്ക്, ബ്ലെയ്ക്ക് ഗ്രിഫിന്‍, ട്രേ യങ് തുടങ്ങിയവരും ജോണ്‍സിന്റെ വധശിക്ഷ ഇളവ് ചെയ്യാനും ജീവന്‍ രക്ഷിക്കാനും സ്റ്റിറ്റിനോട് ആവശ്യപ്പെട്ടിരുന്നു.

കേസിലെ പ്രധാന സാക്ഷിയായി മാറിയ തന്റെ പഴയ സഹപാഠിയാണ് യഥാര്‍ത്ഥ കൊലയാളിയെന്നും അയാള്‍ തന്നെ കുടുക്കിയതാണെന്നും ജോണ്‍സ് ആരോപിച്ചിരുന്നു. എന്നാല്‍ ഒക്ലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഡേവിഡ് പ്രേറ്ററും സംസ്ഥാനത്തിന്റെ മുന്‍ അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടറും ജോണ്‍സിനെതിരായ തെളിവുകള്‍ സംശയാതാതിമാണെന്ന നിലപാടാണെടുത്തത്. സാക്ഷികള്‍ ജോണ്‍സിനെ തിരിച്ചറിഞ്ഞെന്നും ഹോവലിന്റെ മോഷ്ടിച്ച വാഹനത്തില്‍ അയാളെ കണ്ടെന്നും അന്വേഷകര്‍ പറഞ്ഞു. 

ജോണ്‍സിന്റെ കിടപ്പുമുറിക്ക് മുകളിലുള്ള ഒരു തട്ടില്‍ നിന്ന് അയാളുടെ ഡിഎന്‍എ ഉള്ള തൂവാലയില്‍ പൊതിഞ്ഞ കൊലപാതക ആയുധവും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.എന്നാല്‍, കൊലപാതകത്തിന് ശേഷം ജോണ്‍സിന്റെ വീട്ടിലുണ്ടായിരുന്ന യഥാര്‍ത്ഥ കൊലയാളിയാണ് അതവിടെ വച്ചതെന്ന് ജോണ്‍സ് പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.