തിരുവനന്തപുരം: മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനുള്ള സംവരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സംവരണം അട്ടിമറിക്കുകയല്ല ചെയ്യുന്നത്. നിലവിലുള്ളസംവരണ രീതികള്‍ തുടരുകയും മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സര്‍വ്വെ നടത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജാതി സംവരണമല്ല സാമ്പത്തികമാണ് പരിഗണിക്കുന്നത്. എന്നാല്‍ മുന്നാക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ പേരില്‍ ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനങ്ങളെ കൂട്ടി യോജിപ്പിച്ച് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഭിന്നിപ്പിന് അവസരം ഉണ്ടാക്കും.
സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമ ദരിദ്രരാണ്. അവര്‍ക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കുന്നില്ല. ഇതാണ് 10 ശതമാനം സംവരണം വേണം എന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നേക്ക വിഭാഗങ്ങള്‍ക്കും കൂടി നിലനില്‍ക്കുന്നുണ്ട്.
ബാക്കി വരുന്ന 50 ശതമാനം പൊതു വിഭാഗത്തില്‍ നിന്ന് പാവപ്പെട്ട 10 ശതമാനത്തിന് പ്രത്യേക പരിഗണന നല്‍കുന്ന നിലയാണ് ഇപ്പോള്‍ വരിക. ഇതൊരു കൈത്താങ്ങാണ്. ആദ്യം പറഞ്ഞ സംവരണത്തിന്റെ ഭാഗമായി പോകുന്ന 50 ശതമാനത്തിന്റെ നില അങ്ങനെത്തന്നെ തുടരും. ഈ 10 ശതമാനത്തിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള ഒരു സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും ദാരിദ്രം അനുഭവിക്കുന്ന ആളുകള്‍ക്കാണ് ഈ സംവരണ ആനുകൂല്യം ലഭിക്കുന്നത്. എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടി യോചിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന നയമാണ് സംവരണത്തിന്റെ കാര്യത്തിലും ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമല്ല, അവരെ പരസ്പരം യോജിപ്പിച്ചു കൊണ്ട് സാമൂഹ്യവും സാമ്പത്തികവുമായ അവശതകള്‍ക്കെതിരേയുള്ള പൊതുവായ സമര നിരയാണ് രാജ്യത്ത് ഉയര്‍ന്നു വരേണ്ടത്.
സംവരണത്തെ ഒരു വൈകാരിക പ്രശ്‌നമാക്കി വളര്‍ത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നവര്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.