മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ തീപിടിത്തമുണ്ടായ വീട്ടില്‍ നാലു പിഞ്ചുകുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് സമീപവാസികളും രക്ഷാപ്രവര്‍ത്തകരും. മെല്‍ബണിലെ വെറീബിയിലെ ഒരു വീട്ടിലാണ് ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ തീപിടിത്തമുണ്ടായത്.
പത്തും മൂന്നും വയസു പ്രായമുള്ള ആണ്‍കുട്ടികളും ആറും ഒരു വയസും പ്രായമുള്ള പെണ്‍കുട്ടികളുമാണ് തീപിടിത്തത്തില്‍ ദാരുണമായി മരിച്ചത്. ഇവരുടെ മാതാപിതാക്കളും എട്ട് വയസുള്ള കുട്ടിയും അപകടത്തില്‍നിന്നു പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തീപിടിത്തത്തില്‍ നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായതിന്റെ ഞെട്ടലിലും വേദനയിലുമാണ് വെറീബി മേഖല. അപകടവിവരം ലഭിച്ച് പുലര്‍ച്ചെ 1.10-ന് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുന്‍പുതന്നെ ഒറ്റനില വീട്ടില്‍ തീ ആളിപ്പടര്‍ന്ന് കഴിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. തീയും പുകയും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്കു വീടിനകത്തേക്കു പ്രവേശിക്കാനായില്ല. വീട് പൂര്‍ണമായും കത്തിനശിച്ചു.
അപകടത്തിനിരയായ കുടുംബത്തിന്റെ ഫയല്‍ ചിത്രം
നിലവിളി കേട്ടാണ് അയല്‍വാസികളായ ബല്‍ജീത് സിംഗും കുടുംബവും ഉണര്‍ന്നത്. തീ വിഴുങ്ങിയ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുന്നതാണ് ഇവര്‍ കണ്ടത്. മാതാപിതാക്കള്‍ നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നെങ്കിലും വീടിനടുത്തേക്കു പോകാന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തകരെ അറിയിച്ചതും ഇവരാണ്. മൂന്നു പേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് ബല്‍ജീത് സിംഗ് പറഞ്ഞു.
കുടുംബം അവിടെ ശാന്തമായി ജീവിക്കുന്നവരാണെന്നും കുട്ടികള്‍ തെരുവില്‍ കളിക്കുന്നതു കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീപിടിത്തമുണ്ടായ വീടിനു മുന്നില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പൂക്കള്‍ അര്‍പ്പിച്ചപ്പോള്‍.
വിക്‌ടോറിയ അഗ്‌നിശമന സേനയിലെ 40 അംഗങ്ങള്‍ ഒരു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് ഫയര്‍ ബ്രിഗേഡ് ലെഫ്റ്റനന്റ് ഡാമിയന്‍ മൊല്ലോയ് പറഞ്ഞു. വീടിനു തീപിടിച്ച സംഭവത്തിനു പിന്നിലെ കാരണം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആളിക്കത്തുന്ന തീയും മേല്‍ക്കൂര തകര്‍ന്നു വീണതുമാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. സമീപത്തെ വീടുകളിലേക്കു തീ പടരാതിരിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ക്കായി. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു അഗ്‌നിശമന സേനാംഗത്തിനു നെഞ്ചുവേദനയും അനുഭവപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.