അനുദിന വിശുദ്ധര്‍ - നവംബര്‍ 25
ഈജിപ്തില്‍ അലക്‌സാണ്ട്രിയായിലെ സമ്പന്നനായ സെസ്റ്റസിന്റെ മകളായിരുന്നു കാതറിന്‍. സഭയുടെ വിജ്ഞാന സമ്പത്ത് എന്നറിയപ്പെടുന്ന കാതറിന്‍ പുസ്തകത്തെ സ്വന്തം കൂടപ്പിറപ്പായി കണ്ട് വിദ്യ നേടുന്നതില്‍ അത്യുത്സാഹം കാണിച്ചു. തന്റെ പതിനെട്ടാം വയസില്‍ അവള്‍ ശാസ്ത്ര വിജ്ഞാനത്തില്‍ സമകാലികരെ എല്ലാവരെയും പിന്തള്ളി.
അക്കാലത്ത് ക്രിസ്ത്യാനികളായ ഏവരെയും തിരഞ്ഞുപിടിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന മാക്‌സിമിന്റെ അടുത്ത് നേരിട്ടെത്തി അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ രൂക്ഷമായി വിമര്‍ശിച്ച കാതറിനെ തടവിലാക്കാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. ഒപ്പം തന്നെ അവളുമായി വ്യത്യസ്ത വിഷയങ്ങളില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുവാന്‍ നാടിന്റെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം തത്വചിന്തകരേയും മറ്റും ഇദ്ദേഹം ഏര്‍പ്പാടാക്കി.
ക്രിസ്തുവിലുള്ള അവളുടെ അടിയുറച്ച വിശ്വാസത്തില്‍ നിന്നും അവളെ പിന്തിരിപ്പിക്കുന്നവര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ ചക്രവര്‍ത്തി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ തീക്ഷ്ണതയേറിയ അവളുടെ വാക്കുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ വാഗ്വാദത്തിനെത്തിയ ഒരു പണ്ഡിതനും കഴിഞ്ഞില്ല.
ആത്മരക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണം എന്ന് വ്യക്തമായ കാര്യകാരണങ്ങള്‍ നിരത്തി അവള്‍ വാദിച്ചു. ഇവയിലെല്ലാം ആശ്ചര്യഭരിതരായ പല പണ്ഡിതരും അവസാനം ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ തയ്യാറായി എന്നതാണ് ചരിത്രം.
താന്‍ ഏര്‍പ്പെടുത്തിയവരില്‍ ആരും വിജയം കാണാതിരുന്നതിനാല്‍ ചക്രവര്‍ത്തി വീണ്ടും പ്രലോഭനങ്ങളാലും മുഖസ്തുതികളാലും കാതറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവയൊന്നും ഫലം കാണാതെ വന്നതോടെ കോപാകുലനായ ചക്രവര്‍ത്തി ക്രൂരമായ പീഡനങ്ങളാല്‍ അവളെ കഷ്ടപ്പെടുത്തുവാന്‍ ഉത്തരവിട്ടു. ഭക്ഷണമൊന്നും കൊടുക്കാതെ പതിനൊന്ന് ദിവസത്തോളം കാരാഗ്രഹത്തില്‍ പട്ടിണിക്കിടുവാനും കല്‍പ്പിച്ചു. പലവിധ പീഡനങ്ങളാല്‍ വലഞ്ഞ കാതറിനെ സന്ദര്‍ശിക്കുവാന്‍ ചക്രവര്‍ത്തിയുടെ ഭാര്യയും സൈന്യാധിപനും തടവറയില്‍ പോകുമായിരുന്നു.
കാതറിന്റെ വാക്കുകള്‍ അവരെ മെല്ലെ യേശുവിലേക്ക് അടുപ്പിച്ചു. അവരും പൂര്‍ണ ക്രൈസ്തവ വിശ്വാസികളായി മാറി. എന്നാല്‍ പീഡനങ്ങളുടെ കാഠിന്യം കൂട്ടിക്കൊണ്ടുവന്ന് കാതറിനെ ക്രിസ്തീയതയില്‍ നിന്നും പിന്തിരിപ്പിക്കുക എന്നതായിരുന്നു ചക്രവര്‍ത്തിയുടെ ലക്ഷ്യം. അതിനായി അവളെ മൂര്‍ച്ചയേറിയ മുനകളുള്ള കത്തികളാല്‍ നിറഞ്ഞ ഒരു ചക്രത്തില്‍ കിടത്താന്‍ ഉത്തരവിട്ടു.
എന്നാല്‍ കാതറിന്റെ പ്രാര്‍ത്ഥനകളുടെ ഫലമായി ആ യന്ത്രം പല കഷണങ്ങളായി പൊട്ടിച്ചിതറി. പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും അവളെ ഒന്നും ചെയ്യുവാന്‍ സാധിക്കില്ലെന്ന കണ്ട ചക്രവര്‍ത്തി 312 നവംബര്‍ 25 കാതറിനെ തലയറുത്ത് കൊലപ്പെടുത്തി. സിനായ് കുന്നിലാണ് കാതറിനെ സംസ്‌ക്കരിച്ചത്. തത്വചിന്താ വൈജ്ഞാനികരുടെ മധ്യസ്ഥ എന്ന നിലയിലാണ് അലക്‌സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ അറിയപ്പെടുന്നത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഇറ്റലിയിലെ യൂക്കുന്താ
2. ഫ്രാങ്കോണിയായിലെ ഇമ്മ
3. ഗാസ്‌കനിയിലെ അലാനൂസ്
4. ബഗ്‌ബോക്കിലെ അല്‍നോത്ത്
5. അന്തോയോക്യയില്‍ വധിക്കപ്പെട്ട എരാസ്മൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26