ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച 'കറുത്ത സമ്മാനം'

ജീവിതം അടിച്ചു പൊളിക്കാന്‍ കുരുന്നു ജീവനെ കൊലചെയ്ത യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച 'കറുത്ത സമ്മാനം'

സൂചന: ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട സ്വകാര്യത നിലനിര്‍ത്തണമെന്ന് നിയമം അനുശാസിക്കുന്നതിനാല്‍ ഇനിയുള്ള ചില അധ്യായങ്ങളിലെ പേരുകളില്‍ മാത്രം മാറ്റം വരുത്തിയിട്ടുണ്ട്.

മനശാസ്ത്രജ്ഞയുടെ മുന്നിലെത്തിയ സുനിത കണ്ണീരോടെ അവളുടെ മനസ് തുറന്നു വച്ചു... 'ഒരു ട്രെയിന്‍ പതിയെ നീങ്ങുന്ന ശബ്ദമാണ് എപ്പോഴും ചെവിയില്‍. ട്രെയിന്‍ നേരില്‍ കാണുന്നതോ അതില്‍ കയറുന്നതോ ഭയമാണ്'.

ര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഇരുപത്തിരണ്ടുകാരിയായ സുനിത ഗര്‍ഭിണിയായി. പ്രതീക്ഷിക്കാതെ എത്തിയ അഥിതിയെ സ്വീകരിക്കാന്‍ അവളും ഭര്‍ത്താവും തയ്യാറായില്ല. ഈ ഭൂമിയിലേക്ക് പിറന്നു വീഴാന്‍ ആഗ്രഹിച്ച് ഉദരത്തില്‍ ഉരുവായ കുരുന്നിനെ നശിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണങ്ങള്‍ വിചിത്രമായിരുന്നു.

'വിവാഹം കഴിഞ്ഞതല്ലേയുള്ളൂ... ഇപ്പോള്‍ കുട്ടികള്‍ വേണ്ട... അത് സൗന്ദര്യം കെടുത്തും. പ്രണയ സാഫല്യത്തിന്റെ അനന്ത വിഹായസില്‍ കൊക്കുരുമ്മി പറക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും. കുറേക്കാലം അടിച്ചു പൊളിച്ചിട്ടു മതി മക്കളും പ്രാരാബ്ധങ്ങളുമൊക്കെ' - ഭര്‍ത്താവിന്റെ അഭിപ്രായത്തോട് സുനിതയ്ക്കും കട്ട സപ്പോര്‍ട്ട്.

രണ്ടു പേരും ഐ.ടി പ്രൊഫഷണലുകളാണ്. കൊച്ചിയില്‍ ആഡംബര ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസം. കൈ നിറയെ ശമ്പളം. പിന്നെന്തു നോക്കാന്‍. ഉദരത്തില്‍ തുടിയ്ക്കുന്ന ജീവനെ നശിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.

ഗര്‍ഭഛിദ്രം നടത്തുന്ന ആശുപത്രികളെക്കുറിച്ചുള്ള അന്വേഷണമായി പിന്നീട്. അവസാനം എറണാകുളം ജില്ലയില്‍ തന്നെയുള്ള ഒരാശുപത്രിയില്‍ എത്തി ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. ഗര്‍ഭഛിദ്രം നടത്താനുള്ള കാരണമെന്തെന്ന ചോദ്യത്തിന് മുന്നില്‍ ദമ്പതികള്‍ പതറി. അവര്‍ നല്‍കിയ മറുപടിയില്‍ തൃപ്തി വരാത്ത ഡോക്ടര്‍ ആവശ്യം നിക്ഷേധിച്ച് ഇരുവരേയും പറഞ്ഞയച്ചു. നിരാശരായി മടങ്ങിയ സുനിതയും ഭര്‍ത്താവും ഒരു മാസത്തിനു ശേഷം അതേ ഡോക്ടറെ വീണ്ടും ചെന്നു കണ്ടു.

കൊലപാതക ചിന്ത മനസിലിട്ട് കൂടുതല്‍ പാകപ്പെടുത്തിയ ദമ്പതികള്‍ ഇത്തവണ ഡോക്ടറുടെ അടുത്തെത്തിയത് വേണ്ട മുന്‍കരുതലുകളോടെ ആയിരുന്നു. തങ്ങള്‍ കാണുന്ന ഡോക്ടറുടെ അടുത്ത സുഹൃത്തു വഴി സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് എത്തിയത്.

ഗര്‍ഭഛിദ്രത്തിന്റെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാട്ടി അപ്പോഴും ഡോക്ടര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരും തങ്ങളുടെ തീരുമാനത്തില്‍ പാറ പോലെ ഉറച്ചു നിന്നു. അവസാനം അദ്ദേഹം സമ്മതം മൂളി. സുനിതയ്ക്കും ഭര്‍ത്താവിനും സന്തോഷമായി.

പിറ്റേ ആഴ്ച ഒരു ദിവസം തീരുമാനിച്ച് ചെല്ലാന്‍ പറഞ്ഞതനുസരിച്ച് ഇരുവരും മൂന്നാം വട്ടം ഡോക്ടറുടെ അടുത്തെത്തി. ഒടുവില്‍ സ്‌കാന്‍ ചെയ്യാനായി സ്‌കാനിങ് മുറിയിലെത്തി. അവിടെ വച്ച് വയറ്റിലുള്ള കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് നോക്കിയിട്ട് ഡോക്ടര്‍ അത് സുനിതയെ കേള്‍പ്പിച്ചു... ഒരു ട്രെയിന്‍ പതിയെ നീങ്ങുന്ന ശബ്ദം പോലെ കുഞ്ഞു ഹൃദയം മിടിക്കുന്ന നേരിയ ശബ്ദം... 'കേള്‍ക്ക്, ഇതാണ് ഇല്ലാതാക്കാന്‍ പോവുന്നത്' എന്നുകൂടി ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവള്‍ ഞെട്ടി.

എന്നിട്ടും കഴിഞ്ഞില്ല. മുന്നിലിരിക്കുന്ന സിസ്റ്റത്തില്‍ കുഞ്ഞിനെ സ്‌പോട്ട് ചെയ്തിട്ട് ആ സ്‌ക്രീന്‍ അവളുടെ നേരെ തിരിച്ചു. 'ദാ നന്നായി കണ്ടോ, കളയാന്‍ പോകുവല്ലേ' എന്ന് കൂടി പറഞ്ഞതോടെ സുനിത ഭയന്നു വിറച്ചു. മനസ് ചാഞ്ചല്യപ്പെട്ടു. ഭര്‍ത്താവിനോട് ഒന്നൂകൂടി ചോദിക്കട്ടെ എന്നു പറഞ്ഞ് പുറത്തു കാത്തു നിന്ന ഭര്‍ത്താവിന്റെ അടുക്കല്‍ ചെന്ന് അവള്‍ കാര്യം പറഞ്ഞു. ക്ഷുഭിതനായ ആ ചെറുപ്പക്കാരന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. മനസില്ലാ മനസോടെ അവള്‍ അബോര്‍ഷന്‍ ടേബിളിന്റെ മുന്നിലെത്തി.

ഡോക്ടര്‍ പിന്നീടൊന്നും പറയാതെ കാര്യം നടത്തിക്കൊടുത്തു. പിറ്റേന്ന് ഇരുവരും വീട്ടിലേക്ക് മടങ്ങി. 'ഇനി നമുക്കൊന്ന് അടിച്ചു പൊളിക്കണം'. ഭര്‍ത്താവിന്റെ ആവേശം പക്ഷേ, അവള്‍ക്കുണ്ടായില്ല. രണ്ടാഴ്ചത്തെ വിശ്രമത്തിനു ശേഷം ഇരുവരും ജോലിയുടെ തിരക്കിലേക്ക്മാറി. എന്നാല്‍ അവധിക്കു ശേഷം തിരിച്ചെത്തിയ സുനിതയില്‍ ചില മാറ്റങ്ങള്‍ കൂട്ടുകാര്‍ ശ്രദ്ധിച്ചു. പണ്ടത്തെ പ്രസരിപ്പില്ല. അധികം മിണ്ടാട്ടമില്ല. ആകെയൊരു വിഷാദ ഭാവം. ജോലിയിലും ശ്രദ്ധക്കുറവ്.

അമേരിക്കയിലെ പാംലികോ കൗണ്ടിയില്‍ റീല്‍സ്‌ബോറോയിലെ ഹൈവേയ്ക്ക് സമീപം പ്രോ ലൈഫ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ഈ മാസം ആദ്യ ആഴ്ചയില്‍  പ്രദര്‍ശിപ്പിച്ച ബാനര്‍. ഒരു ദിവസം മാത്രം 2,400 കുഞ്ഞുങ്ങള്‍ അവിടെ ഗര്‍ഭഛിദ്രത്തിന് ഇരയായി എന്നാണ് ബാനറില്‍ വ്യക്തമാക്കിയിട്ടുള്ളത്.
 ഓരോ ശിശുക്കളുടെയും മരണത്തെ പ്രതിനിധീകരിച്ച് 2,400 കൊടികളും നാട്ടിയിരുന്നു.

വൈകാതെ സുനിതയും ഭര്‍ത്താവും നഗരത്തിലെ പ്രമുഖ മനശാസ്ത്രജ്ഞയുടെ മുന്നിലേക്ക്. കണ്ണീരോടെ അവള്‍ മനസ് തുറന്നു വച്ചു. 'ഒരു ട്രെയിന്‍ പതിയെ നീങ്ങുന്ന ശബ്ദമാണ് എപ്പോഴും ചെവിയില്‍. ട്രെയിന്‍ നേരില്‍ കാണുന്നതോ അതില്‍ കയറുന്നതോ ഭയമാണ്' - വള്ളിപുള്ളി വിടാതെ അവള്‍ സംഭവങ്ങള്‍ ഒന്നൊന്നായി വിവരിച്ചപ്പോള്‍ മനശാസ്ത്രജ്ഞയ്ക്ക് കാര്യം പിടികിട്ടി.

സുനിതയെ പുറത്തിരുത്തി അവര്‍ അവളുടെ ഭര്‍ത്താവിനെ മുറിയിലേക്ക് വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു: 'താങ്കളുടെ ഭാര്യ ചെറിയൊരു വിഷാദ രോഗത്തിന് അടിമയാവുകയാണ്'. അയാളുടെ പരുങ്ങല്‍ കണ്ട് സാരമില്ല, ചികിത്സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു.

പിന്നീട് മെഡിസിനും കണ്‍സള്‍ട്ടേഷനുമായി മാസങ്ങള്‍ വര്‍ഷങ്ങളായി നീണ്ടു. ഇതുവരെ സുനിത പൂര്‍ണ മാനസികാരോഗ്യം വീണ്ടെടുത്തിട്ടില്ല. കോഴിക്കോട് സ്വദേശികളായ അവര്‍ പിന്നീട് ട്രെയിന്‍ യാത്ര നടത്തിയിട്ടില്ലെന്നു മാത്രമല്ല സുനിതയെ ഭര്‍ത്താവ് റെയില്‍വേ സ്റ്റേഷന്റെ പരിസരത്തു പോലും കൊണ്ടു പോയിട്ടില്ല. ജോലിക്കും വിട്ടിട്ടില്ല. കൂട്ടിന് എപ്പോഴും അമ്മ കൂടെയുണ്ട്. രണ്ടാമതൊന്ന് ഗര്‍ഭിണിയാകാന്‍ സുനിതയ്ക്ക് ഇപ്പോള്‍ വല്ലാത്ത ഭയമാണ്.

നോക്കുക... തെറ്റായെടുത്ത ഒരു തീരുമാനം ചെറുപ്പക്കാരായ ആ ദമ്പതികളുടെ കുടുംബ ജീവിതം എപ്രകാരം ഉലച്ചു കളഞ്ഞുവെന്ന്. ദാമ്പത്യ ജീവിതത്തെ മധുരിതമാക്കുന്ന ഉദരഫലത്തെ യഥാസമയം വേണ്ടെന്നു വച്ച് അടിച്ചു പൊളിക്കാന്‍ തീരുമാനിച്ച യുവ ദമ്പതികള്‍ക്ക് കാലം കരുതി വച്ച ' കരിപുരണ്ട സമ്മാനം' എത്ര ഭീകരം.

സമ്പത്തോ ഉയര്‍ന്ന ശമ്പളമുള്ള ജോലിയോ ഒന്നുമല്ല കുടുംബ ജീവിതത്തെ സന്തോഷപ്രദമാക്കുന്നത്. അത് നമ്മുടെ മക്കളാണ്... വീടിന്റെ അകത്തളങ്ങളെ എപ്പോഴും മുഖരിതമാക്കുന്ന അവരുടെ കളിചിരികളാണ്... കരച്ചിലുകളാണ്... കുട്ടിക്കുറുമ്പുകളാണ്. സുനിതയേയും ഭര്‍ത്താവിനേയും പോലെ ആ സനാതന സത്യം മനസിലാക്കാതെ ജീവിതം തകര്‍ത്തു കളയുന്ന ദമ്പതിമാര്‍ നമുക്കു ചുറ്റും നിരവധിയുണ്ട്.

ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളില്‍ പകുതിയിലേറെ പേര്‍ക്കും ഇത്തരത്തില്‍ ചെറുതും വലുതുമായ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടന്ന് മനോരോഗ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുറ്റബോധം, വിഷാദം, അപകര്‍ഷത, ഉത്കണ്ഠ, നിസഹായത, അത്മവിശ്വാസമില്ലായ്മ, മനോവിഭ്രാന്തി, അമിത കോപം, സമൂഹത്തില്‍ നിന്നുള്ള സ്വയം പിന്‍വാങ്ങള്‍, ലൈംഗിക താല്‍പര്യക്കുറവ്, സംശയ രോഗം, പേടിസ്വപ്‌നങ്ങള്‍, ഉറക്കമില്ലായ്മ, ആത്മഹത്യാ പ്രവണത തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇവരെ വേട്ടയാടുന്നത്.

കേരളത്തിലെ വിവിധ കൗണ്‍സിലിങ് സെന്ററുകളിലും മനോരോഗ വിദഗ്ധരുടെയും അടുക്കലെത്തുന്ന സ്ത്രീകളില്‍ പകുതിയിലേറെയും ചെറിയ കാരണങ്ങളുടെ പേരില്‍ ഗര്‍ഭഛിദ്രമെന്ന വലിയ തെറ്റ് ചെയ്ത് പിന്നീട് ഗുരുതര മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ടവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉദരത്തില്‍ തുടികൊട്ടിയ ജീവനെ നിര്‍ദ്ദയം മുറിച്ചു മാറ്റിയ സുനിത വെറും ഇരുപത്തിരണ്ടാം വയസില്‍ മാനസിക നില തകര്‍ന്നവളായെങ്കില്‍ കോട്ടയം സ്വദേശിനി ആഗ്നസിന് സംഭവിച്ചത് മറ്റൊരു ദുരന്തമായിരുന്നു.... അതേപ്പറ്റി നാളെ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.