സാരഥി കുവൈറ്റ് വാർഷികാഘോഷം; "സാരഥീയം 2021" നവംബർ 26ന്

സാരഥി കുവൈറ്റ്  വാർഷികാഘോഷം;

കുവൈറ്റ് സിറ്റി: മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ ഇരുപത്തിരണ്ടാമത് വാർഷികാഘോഷങ്ങൾ “സാരഥീയം 2021” നവംബർ 26ന് ആഘോഷിക്കുന്നു. അശരണര്‍ക്ക് കരുത്തായി, കരുതലായി, കൈത്താങ്ങായി മാറിയ സാരഥി സേവനത്തിൻ്റെ ഇരുപത്തിരണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.


 നവംബർ 26 ന് ഉച്ചയ്ക്ക് 1 മണി മുതൽ ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന പരിപാടി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിക്കും. തദവസരത്തിൽ കുവൈറ്റ് ക്യാൻസർ സെന്ററിലെ ഡയറക്ടർ ജാസ്സിം ബറക്കാത്ത്, കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻറ്റീരിയർ മാനേജർ ബദർ സൗദ് ഷഹീബ് ഒസ്മാൻ അൽ സെഹാലി, ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, മാർത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത മാർ തിയോഡോഷ്യസ്, വി.കെ മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ  ആദ്യഘട്ടമായി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഒരു കുടുംബത്തെ സാരഥി കുവൈറ്റ് ഏറ്റെടുക്കുകയും സാരഥി സ്വപ്ന വീട് പദ്ധതിയിൽ  ഉൾപ്പെടുത്തി ഒരു വീടും, കുട്ടികളുടെ പഠന ചിലവും സാരഥി വഹിക്കുന്നതായിരിക്കുമെന്നും ഇത്  കൂടാതെ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്ടിന്റെ  ഔദ്യോഗിക പ്രഖ്യാപനവും തദവസരത്തിൽ നടത്തുന്നതാണ് എന്നും സാരഥി  ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് കാലത്ത് വിവിധ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ച്ചവച്ച പൊതു പ്രവർത്തകരെയും ഹെൽത്ത് വർക്കേഴ്സിനെയും ഡോക്ടർ പല്പു അവാർഡ് നൽകി  ആദരിക്കുമെന്ന്  സാരഥി പ്രസിഡന്റ് സജീവ് നാരായണൻ അറിയിച്ചു.
കോവിഡിന്  മുൻപ്, കോവിഡ് കാലഘട്ടം, കോവിഡിന് ശേഷം എന്നീ മൂന്ന് കാലഘട്ടത്തെ കോർത്തിണക്കി  സാരഥി കലാകാരന്മാർ ഒരുക്കുന്ന "അവസ്ഥാന്തരം" തിയറ്ററിക്കൽ ഡ്രാമ പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കുമെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.

10, 12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ശ്രീ ശാരദാംബ എക്സലൻസ് അവാർഡ് വിതരണം,  മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് റിക്കാർഡ് നേടിയ കലാമണ്ഡലം ധനുഷ്യ സന്യാലിൻ്റെ നേതൃത്വത്തിൽ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചശുദ്ധി, കുണ്ഡലിനിപ്പാട്ട് എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന നൃത്തശില്പം,  വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടനകൾ ഒരുക്കുന്ന  കലാപരിപാടികൾ,  പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് ഡയറക്ടറുമായ ഇഷാൻ ദേവ്, പിന്നണി ഗായിക അഖില ആനന്ദ് എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.

പത്രസമ്മേളനത്തിൽ സാരഥി പ്രസിഡൻ്റ് സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ബിജു സി.വി, പ്രോഗ്രാം ജനറൽ കൺവീനർ ബിജു ഗംഗാധരൻ, ട്രസ്റ്റ് ചെയർമാൻ  സുരേഷ് കെ. ട്രഷറർ രജീഷ്  മുല്ലക്കൽ, വൈസ്സ് പ്രസിഡന്റ് ജയകുമാർ എൻ.എസ്, അഡ്വൈസറി അംഗങ്ങളായ സുരേഷ് കെ.പി, സി.എസ് ബാബു എന്നിവർ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.