ഇന്ന് ലോക എയ്ഡ്‌സ് ദിനം: കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ രോഗവ്യാപനം കൂടുന്നു; സര്‍ക്കാര്‍ കണക്ക് തെറ്റ്

 ഇന്ന് ലോക എയ്ഡ്‌സ് ദിനം: കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ രോഗവ്യാപനം കൂടുന്നു; സര്‍ക്കാര്‍ കണക്ക് തെറ്റ്

കൊച്ചി: ഇന്ന് ലോക എയ്ഡ്‌സ് ദിനം... മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എയ്ഡ്‌സ് വ്യാപനതോത് കുറവാണെങ്കിലും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന കണക്ക് കൃത്യമല്ലെന്ന് ഈ രംഗത്ത് സേവനം ചെയ്യുന്ന സന്നദ്ധ സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2019 ല്‍ 34,748 പേരാണ് കേരളത്തില്‍ ആകെയുണ്ടായിരുന്ന എയ്ഡ്‌സ് രോഗികള്‍. എന്നാല്‍ ആരോഗ്യ വകുപ്പ് ഇപ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്ത് അണുബാധിതരായി 2021 ഒക്ടോബര്‍ വരെ 25,775 പേരാണുള്ളത്. ഈ കണക്ക് തെറ്റാണന്നാണ് സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പറയുന്നത്. ഇത് സര്‍ക്കാരിന്റെ ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരുടെ മാത്രം എണ്ണമാണ്.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം രോഗികള്‍ സര്‍ക്കാര്‍ കണക്കിന്റെ ഇരട്ടിയോളം വരും. യുവാക്കള്‍ക്കിടയിലാണ് എയ്ഡ്‌സ് രോഗബാധ ഇപ്പോള്‍ കൂടുതലായി കണ്ടു വരുന്നതെന്നും വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് മഹാരാഷ്ട്രയിലും ബിഹാറിലുമാണ് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളുള്ളത്. ദേശീയ ശരാശരിയുടെ 12 ശതമാനം വീതമാണിത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ 10 ശതമാനമാണ് എയ്ഡ്‌സ് രോഗികള്‍. രാജ്യത്തെ ആകെ എയ്ഡ്‌സ് രോഗികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് കേരളത്തിലുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.

2025 ഓടെ എയ്ഡ്‌സ് അണുബാധ ഇല്ലാതാക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.2019 ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് മരണങ്ങള്‍ നടക്കുന്നത് ആന്ധ്രയിലാണ്. ഇവിടെ 11,430 പേര്‍ മരണമടഞ്ഞിട്ടുണ്ട്. ദേശീയ തലത്തില്‍ ആകെ 58,960 മരണങ്ങളാണ് എയ്ഡ്‌സ് മൂലം നടന്നതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 2010 നും 2019 നും ഇടയ്ക്കാണ് ഈ മരണങ്ങളില്‍ കൂടുതലും നടന്നത്.

മയക്കുമരുന്ന് കുത്തി വെക്കുന്നവരില്‍ വന്‍തോതില്‍ എയ്ഡ്‌സ് പകര്‍ച്ചയുണ്ടാകുന്നു എന്നതാണ് യുവാക്കള്‍ക്കിടയിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കിടയിലും വലിയ തോതില്‍ എയ്ഡ്‌സ് പകര്‍ച്ചയ്ക്ക് കാരണമാകുന്നത്. കേരളത്തില്‍ കഴിഞ്ഞ എതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും ക്രമാതീതമായ വര്‍ദ്ധിച്ചു വരികയാണ്. മയക്കുമരുന്ന് ഉപയോഗത്തിനു പിന്നിലെ മറ്റൊരു ദുരന്തമായി മാറുകയാണ് എയ്ഡ്‌സ് വ്യാപനം.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.