ആഫ്രിക്കയെ വലയിലാക്കാന്‍ ചൈന; ഇക്വറ്റോറിയല്‍ ഗിനിയയില്‍ സൈനിക താവളത്തിനു നീക്കമെന്ന് യുഎസ് ഇന്റലിജന്‍സ്

ആഫ്രിക്കയെ വലയിലാക്കാന്‍ ചൈന; ഇക്വറ്റോറിയല്‍ ഗിനിയയില്‍ സൈനിക താവളത്തിനു നീക്കമെന്ന് യുഎസ് ഇന്റലിജന്‍സ്

ന്യൂയോര്‍ക്ക് /ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയയില്‍ 'സ്ഥിരമായ സൈനിക സാന്നിധ്യം' സ്ഥാപിക്കാന്‍ ചൈനയുടെ നീക്കം. ഇതു സംബന്ധിച്ച യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ചൈനയ്ക്ക് ആദ്യ അടിത്തറ നല്‍കുമെന്നതിനാല്‍ ഗിനിയയിലെ താവളം വളരെ പ്രധാനമാണ്.

ചൈനീസ് യുദ്ധക്കപ്പലുകള്‍ക്ക് യുഎസിന്റെ കിഴക്കന്‍ തീരത്തിന് എതിര്‍വശത്ത് താവളം ലഭിക്കാന്‍ പുതിയ പദ്ധതിയുടെ ഫലമായി സാധ്യമാകും. വൈറ്റ് ഹൗസിനും പെന്റഗണിനും വിഷമമുണ്ടാക്കുന്നുണ്ട് ഇതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഫ്രിക്കയിലെ ചൈനയുടെ വന്‍ നിക്ഷേപ പദ്ധതികള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു, ഉഗാണ്ടയിലെ ഒരു വിമാനത്താവളം കൈക്കലാക്കാനുള്ള നീക്കത്തിലൂടെ. 200 മില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഉഗാണ്ട പരാജയപ്പെട്ടാല്‍ എന്റബെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നിയന്ത്രണം ബീജിംഗ് ഏറ്റെടുക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ചൈന അവകാശവാദം നിരസിച്ചെങ്കിലും, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചൈനയുടെ നിക്ഷേപത്തിന്റെ തോതും സ്വാധീനവും ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നു.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ഫിനര്‍ ഒക്ടോബറില്‍ ഇക്വറ്റോറിയല്‍ ഗിനിയ സന്ദര്‍ശിച്ചതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു പദ്ധതിക്കുള്ള ചൈനയുടെ നീക്കം നിരസിക്കാന്‍ പ്രസിഡന്റ് ടിയോഡോറോ ഒബിയാങ് എന്‍ഗേമ എംബാസോഗോയെ പ്രേരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.

ഇക്വറ്റോറിയല്‍ ഗിനിയയിലെ തുറമുഖ നഗരമായ ബാറ്റയില്‍ സൈനിക സൗകര്യം നിര്‍മിക്കുന്നതിനാണ്് ചൈന ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് ഊഹിക്കുന്നു. ബെയ്ജിംഗ് ബാറ്റയില്‍ ആഴത്തിലുള്ള ഒരു വാണിജ്യ തുറമുഖം നിര്‍മ്മിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ആഫ്രിക്കയ്ക്ക് ചുറ്റും 100 വാണിജ്യ തുറമുഖങ്ങളാണ് നിര്‍മ്മിച്ചത് . ചൈന പിന്തുടരുന്ന സാമ്പത്തിക, സൈനിക ലക്ഷ്യങ്ങളുടെ പരസ്പരബന്ധിതമായ സ്വഭാവം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ നാവികസേനയാണെന്ന് ഏറ്റവും പുതിയ പെന്റഗണ്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ഏകദേശം 355 കപ്പലുകളും അന്തര്‍വാഹിനികളും ചൈനയ്ക്കുണ്ട്.അറ്റ്‌ലാന്റിക് തീരത്ത് ചൈനയ്ക്ക് നാവിക സൗകര്യം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് യുഎസ് ആഫ്രിക്ക കമാന്‍ഡിന്റെ കമാന്‍ഡര്‍ ജനറല്‍ സ്റ്റീഫന്‍ ടൗണ്‍സെന്‍ഡ് ഏപ്രിലില്‍ സെനറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും ഇക്വറ്റോറിയല്‍ ഗിനിയയെ സൈനിക സൗകര്യം നിര്‍മ്മിക്കാന്‍ അനുവദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സഹകരണ വാഗ്ദാനങ്ങളിലൂടെ എംബാസോഗോ ഭരണകൂടത്തെ വശീകരിക്കാന്‍ ബിഡന്‍ ഭരണകൂടം ശ്രമിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അഭിപ്രായപ്പെട്ടു.കെനിയ, ടാന്‍സാനിയ, അംഗോള എന്നിവിടങ്ങളില്‍ സൈനിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്ന കാര്യം ചൈന പരിഗണിക്കുന്നതായി ചൈനയുടെ സൈനിക നവീകരണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ പെന്റഗണ്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവിടങ്ങളിലേക്കാള്‍ അധികമായി അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു സൗകര്യം കൂടുതല്‍ തന്ത്ര പ്രധാനമാകും. കാരണം അത് മേഖലയിലെ യുഎസ് മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിക്കുന്നു. കൂടാതെ, ഇക്വറ്റോറിയല്‍ ഗിനിയയിലെ ഒരു സൗകര്യം ആഫ്രിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്ത് ചൈനീസ് നിക്ഷേപങ്ങളെ സംരക്ഷിക്കാന്‍ സേനയെ വിന്യസിക്കുന്നതിനുള്ള സംവിധാനവുമാകും.

2017-ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജിബൂട്ടിയില്‍ ചൈന ഔദ്യോഗികമായി തങ്ങളുടെ ആദ്യത്തെ വിദേശ സൈനിക താവളം തുറന്നു. അന്തര്‍വാഹിനികളും വിമാനവാഹിനികളും പോലുള്ള കപ്പലുകളെ ഉള്‍ക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ പിന്നീട് വിപുലീകരിച്ചു.

ഭരണകൂട അട്ടിമറിക്കു പിന്നിലും ചൈന

ഇതിനിടെ, ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിന് പിന്നില്‍ ചൈനീസ് തന്ത്രവും പിന്തുണയുമെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ ഗവേഷണ ഏജന്‍സികളുടെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി.. ദരിദ്രരാജ്യങ്ങളിലെ സൈന്യത്തെ രഹസ്യമായി സഹായിക്കുന്ന കുതന്ത്രമാണ് ചൈനയുടേത്. വിവിധ രാജ്യങ്ങളിലെ സൈനിക മേധാവികള്‍ക്ക് അന്താരാഷ്ട്ര സൗകര്യങ്ങളും സമ്പത്തും നല്‍കിക്കൊണ്ട് വിലയ്ക്കെടുത്താണ് ചൈനീസ് സൈന്യം നീക്കം നടത്തുന്നത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിലവില്‍ വ്യാപകമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു ചൈന.ഇവിടെ നിത്യോപയോഗ സാധനങ്ങളുടെ വമ്പന്‍ മാര്‍ക്കറ്റുകള്‍ നിയന്ത്രിക്കുന്നതും ബീജിംഗാണ്. വന്‍ തോതില്‍ പണമൊഴുക്കിയാണ് ചൈനയുടെ ചൂഷണം. പല ദരിദ്രരാജ്യങ്ങളും സമീപകാലത്തൊന്നും തിരിച്ചടയ്ക്കാന്‍ സാധിക്കാത്തവിധം സാമ്പത്തിക സഹായമാണ് ചൈനയില്‍ നിന്നും സ്വീകരിച്ചിട്ടുള്ളത്.

വന്‍ തോതില്‍ വനവിഭവങ്ങളും ധാതുക്കളും ഖനനം ചെയ്യുന്നതടക്കം മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈന സജീവമാണ്. സുഡാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സൈന്യത്തെ സഹായിക്കുന്നു ചൈന. ജനാധിപത്യം പുന:സ്ഥാപിക്കാന്‍ സുഡാനടക്കം പലയിടത്തും ജനകീയ പ്രക്ഷോഭം തുടരുകയാണ്.

ഇസ്ലാമിക ഭീകരത ശക്തമായ മേഖലകളില്‍ ആഫ്രിക്കന്‍ ഭരണകൂടങ്ങളെ യൂറോപ്യന്‍ രാജ്യങ്ങള്‍ വേണ്ടത്ര സഹായിക്കുന്നില്ല. കൊറോണ പ്രതിസന്ധിയിലും പാശ്ചാത്യ രാജ്യങ്ങള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ അവഗണിക്കുകയാണ്. അവരുടെ ഒരു പ്രതിസന്ധികളും പരിഹരിക്കാന്‍ സാധിക്കുന്നില്ല. പല സമയത്തും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ ജനകീയ കലാപങ്ങളുണ്ടാകുന്നതിന്റെ പിന്നില്‍ ഭീകര സംഘടനകളാണ്.ഇത്തരം സാഹചര്യത്തില്‍ സൈന്യമാണ് പിടിമുറുക്കുന്നത്. ഇവിടെയാണ് സൈനികരില്‍ ഭരണമോഹം വളര്‍ത്തി ചൈന കളംപിടിക്കാന്‍ ശ്രമിക്കുന്നത്. വന്‍ തോതില്‍ ആയുധങ്ങളും വാഹനങ്ങളും നല്‍കുന്ന കരാറുകളിലും ചൈന ഒപ്പിട്ടിട്ടുണ്ട്- രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.