ഹൊബാര്‍ട്ട്: കാലാവസ്ഥാ വ്യതിയാനത്തിലേക്കു നയിച്ച മനുഷ്യരുടെ തെറ്റായ തീരുമാനങ്ങള്‍ രേഖപ്പെടുത്താന്‍ ഓസ്‌ട്രേലിയയില്‍ ഒരു 'ബ്ലാക് ബോക്സ്' ഒരുങ്ങുന്നു. വിമാന അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനുള്ളിലെ ബ്ലാക് ബോക്സില്‍ രേഖപ്പെടുത്തിയ ഡാറ്റ വിലയിരുത്തിയാണ് അപകടത്തിന്റെ കാരണം കണ്ടെത്തുന്നത്. സമാനമായി കാലാവസ്ഥാ ദുരന്തത്തിനു കാരണമാകുന്ന മനുഷ്യന്റെ ഓരോ ചുവടുവയ്പ്പും രേഖപ്പെടുത്തുക എന്നതാണ് ഓസ്ട്രേലിയന്‍ സംസ്ഥാനമായ ടാസ്മാനിയയില്‍ നിര്‍മിക്കാനൊരുങ്ങുന്ന ബ്ലാക് ബോക്സിന്റെ ചുമതല. മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്ക് നാശം സംഭവിച്ചാലും ഈ നിര്‍ണായക വിവരങ്ങള്‍ നിലനില്‍ക്കുന്ന വിധത്തിലാണ് രേഖപ്പെടുത്താനൊരുങ്ങുന്നത്.
അടുത്ത വര്‍ഷം ആദ്യമാണ് ടാസ്മാനിയയുടെ പടിഞ്ഞാറന്‍ തീരത്ത് ഒരു സമതല മേഖലയില്‍ ബ്ലാക്ക് ബോക്‌സിന്റെ നിര്‍മാണം ആരംഭിക്കുന്നത്. തലമുറകളുടെ നാശത്തിനു കാരണമാകുന്ന കാലാവസ്ഥാ ദുരന്തങ്ങളെക്കുറിച്ചും പ്രകൃതിയിലെ മാറ്റങ്ങളെക്കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കു കൈമാറുകയെന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ക്ലെമെംഗര്‍ ബിബിഡിഒ, ടാസ്മാനിയ സര്‍വകലാശാലയിലെ ഗവേഷകരുമായി സഹകരിച്ചാണ് ബ്ലാക് ബോക്സ് നിര്‍മിക്കുന്നത്. പദ്ധതിക്കു വേണ്ടിയുള്ള വിവര ശേഖരണവും പ്രാരംഭ നടപടികളും ആരംഭിച്ചുകഴിഞ്ഞു.
ടാസ്മാനിയയില്‍ ഭൂമിശാസ്ത്രപരമായി വളരെ സ്ഥിരതയുള്ളതും സുരക്ഷിതവുമായ സ്ഥലത്താണ് ബ്ലാക്ക് ബോക്സ് നിര്‍മ്മിക്കുന്നത്. മലകളാല്‍ ചുറ്റപ്പെട്ട, പാറക്കെട്ടുകളാല്‍ നിറഞ്ഞ സ്ഥലത്ത് ഒരു കൂറ്റന്‍ പെട്ടിയുടെ മാതൃകയിലാണ് ബ്ലാക് ബോക്സ് നിര്‍മിക്കുന്നത്.
7.5 സെന്റീമീറ്റര്‍ കനത്തില്‍ സ്റ്റീലും സോളാര്‍ പാനലുകളും കൊണ്ടാണ് ബ്ലാക് ബോക്സിന്റെ നിര്‍മാണം. ഒരു ബസിന്റെ വലിപ്പത്തിലാണ് ഇതിന്റെ ഘടന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബ്ലാക് ബോക്സിന്റെ ഘടന ഒരു പ്രകൃതി ദുരന്തങ്ങള്‍ക്കും തകര്‍ക്കാനാവാത്ത വിധത്തിലാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
അന്തരീക്ഷത്തിലെ താപനിലയും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഡാറ്റകള്‍ ശേഖരിക്കുന്ന സ്റ്റോറേജ് ഡ്രൈവുകളായിരിക്കും ബോക്സിലുണ്ടാവുക.
കരയിലെയും കടലിലെയും താപനില, സമുദ്രത്തിലെ അമ്ലീകരണം, അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ്, ജീവജാലങ്ങളുടെ വംശനാശം, പ്രകൃതിയിലെ മാറ്റങ്ങള്‍, വിഭവ ശോഷണം, ജനസംഖ്യ, സൈനിക ചെലവ്, ഊര്‍ജ ഉപഭോഗം തുടങ്ങിയ കാര്യങ്ങള്‍ ശേഖരിക്കും. ഇതുകൂടാതെ ഒരു പ്രത്യേക അല്‍ഗോരിതം ഉപയോഗിച്ച് വിവിധ വെബ്സൈറ്റുകള്‍ തെരഞ്ഞ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിലും സമൂഹ മാധ്യങ്ങളിലും പങ്കുവയ്ക്കുന്ന വിവരങ്ങള്‍, വാര്‍ത്തകള്‍, തലക്കെട്ടുകള്‍ എന്നിവ ശേഖരിക്കും.
മാള്‍ട്ട, നോര്‍വേ, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളെയും ബ്ലാക് ബോക്സിനായി പരിഗണിച്ചിരുന്നു. എന്നാല്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ടാസ്മാനിയെയ തിരഞ്ഞെടുക്കാന്‍ കാരണം.
നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ ബ്ലാക് ബോക്സ് കണ്ടെത്തുന്നവര്‍ക്ക് അതില്‍ അടങ്ങിയിരിക്കുന്ന സന്ദേശങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞാല്‍, മുമ്പ് ഉണ്ടായിരുന്ന നാഗരികതയുടെ പതനത്തിന് കാരണമായത് എന്തൊക്കെയാണെന്നതു സംബന്ധിച്ച ഉള്‍കാഴ്ച ലഭിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. മനുഷ്യന്റെ വിനാശത്തിലേക്കു നയിച്ച കാലാവസ്ഥാ ദുരന്തങ്ങള്‍ക്കു കാരണമാകുന്ന നിര്‍ണായക വിവരങ്ങള്‍ ഭാവിയില്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകമാകും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഈ നൂറ്റാണ്ടിലെ ശരാശരി താപനില 2.7 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാനുള്ള സാധ്യത നേരത്തെ യു.എന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചാല്‍പോലും കോടിക്കണക്കിനു ജനങ്ങളെ അത് സാരമായി ബാധിക്കും. മനുഷ്യരുടെ അതിജീവനത്തെപ്പോലും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ഘട്ടത്തിലാണ് ബ്ലാക്ക് ബോക്സിന്റെ നിര്‍മാണത്തിനു പ്രസക്തിയേറുന്നത്.
30 മുതല്‍ 50 വര്‍ഷം വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള സംഭരണശേഷി നിലവില്‍ ഈ ബ്ലാക്ക് ബോക്സിനുണ്ട്. സംഭരണശേഷി വര്‍ധിപ്പിക്കാനും ഗവേഷകര്‍ക്കു പദ്ധതിയുണ്ട്. എന്നാല്‍ ഘടന എങ്ങനെ പരിപാലിക്കുമെന്നതു സംബന്ധിച്ച് വ്യക്തമല്ല. പതിറ്റാണ്ടുകള്‍ക്കു ശേഷവും ഡ്രൈവുകള്‍ എങ്ങനെ നിലനിര്‍ത്താം, ഒരു സംസ്‌കാരത്തിന്റെ പതനത്തിന് മുമ്പ് അതിന്റെ സോളാര്‍ പാനലുകള്‍ എങ്ങനെ മാറ്റി സ്ഥാപിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായത് സംഭവിച്ചാലും ഈ ബ്ലാക് ബോകസ് അതിജീവിക്കുമെന്ന് പദ്ധതിയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോനാഥന്‍ നീബോണ്‍ അഭിപ്രായപ്പെടുന്നു.
ബോക്‌സില്‍ തുടര്‍ച്ചയായി വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഉണ്ടായിരിക്കും. മേല്‍ക്കൂരയിലെ സോളാര്‍ പാനലുകള്‍ ഉപയോഗിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. വൈദ്യുതി തടസപ്പെടാതിരിക്കാന്‍ ബാറ്ററികളുമുണ്ട്. പ്രകൃതി ദുരന്തങ്ങളുണ്ടായാലും ഇവയ്ക്കു നാശം സംഭവിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26