പൂവാറിലെ ഡി.ജെ പാര്‍ട്ടിക്ക് ലഹരി എത്തിയത് ബെംഗളൂരുവില്‍ നിന്ന്; സംഘാടകര്‍ പിടിയിലായതറിഞ്ഞ് മോഡലുകള്‍ മുങ്ങി

പൂവാറിലെ ഡി.ജെ പാര്‍ട്ടിക്ക് ലഹരി എത്തിയത് ബെംഗളൂരുവില്‍ നിന്ന്; സംഘാടകര്‍ പിടിയിലായതറിഞ്ഞ് മോഡലുകള്‍ മുങ്ങി

തിരുവനന്തപുരം: പൂവാര്‍ പട്ടണക്കാട് റിസോര്‍ട്ടില്‍ നടന്ന ഡി.ജെ പാര്‍ട്ടിക്ക് ലഹരി എത്തിയത് ബെംഗളൂരുവില്‍ നിന്നെന്ന് വിവരം. ഇതേത്തുടര്‍ന്ന് ലഹരി നല്‍കിയ ബെംഗളൂരു സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ലഹരി പാര്‍ട്ടിയുടെ സംഘാടകന്‍ അക്ഷയ് മോഹന്റെ അടുത്ത സുഹൃത്തുക്കളായ ബെംഗളൂരു സ്വദേശികളാണ് എം.ഡി.എം.എ അടക്കമുള്ള മാരക ലഹരി കൈമാറിയതെന്നാണ് വിവരം.

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൂന്ന് മൊബൈല്‍ ഫോണുകളും കോടതിയുടെ അനുമതിയോടെ സൈബര്‍ പരിശോധനയ്ക്കു ഹാജരാക്കും. പ്രതികളുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. പാര്‍ട്ടി ഹാളില്‍ വച്ച് ഫോണിലൂടെ നടന്ന പണമിടപാടുകളും അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ച നിര്‍വാണയുടെ പ്രധാനി ഉത്തരേന്ത്യന്‍ വിനോദ സഞ്ചാരകേന്ദ്രമായ കുളു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സംഗീത പാര്‍ട്ടി സംഘടിപ്പിക്കുകയും അതിന്റെ മറവില്‍ സിന്തറ്റിക് മയക്കു മരുന്നുകള്‍ വില്‍ക്കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. മ്യൂസിക് ഫെസ്റ്റും ഫാഷന്‍ ഷോയും പൊലീസിന്റെയും എക്‌സൈസിന്റെയും ശ്രദ്ധതിരിക്കാന്‍ വേണ്ടിയായിരുന്നു. പാര്‍ട്ടിക്കിടെ റെയ്ഡ് ഉണ്ടായാലും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഇവര്‍ എടുത്തിരുന്നു. ഡാന്‍സ് ഹാളില്‍ പല സ്ഥലത്തായി ലഹരി വില്‍പ്പനക്കാര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരെന്ന വ്യാജേന നിലയുറപ്പിക്കും.

പങ്കെടുക്കുന്നവരില്‍ നിന്നും ലഹരി ആവശ്യമുള്ളവരെ ഇവരാണ് കണ്ടെത്തുക. ഒന്നോ രണ്ടോ കൈമറിഞ്ഞാകും ലഹരി ആവശ്യമുള്ളവരിലേക്ക് എത്തുക. പൊലീസോ എക്‌സൈസോ എത്തുന്നുണ്ടോ എന്നറിയാന്‍ ഹാളിനു പുറത്ത് കാവലിന് ആളെ നിര്‍ത്തിയിരിക്കും. കൂടാതെ പാര്‍ട്ടിക്ക് എത്തുന്നവരെയും നിരീക്ഷിക്കും. സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയശേഷമാകും മയക്കുമരുന്ന് ഇറക്കുക. പണം വാങ്ങുന്ന ആളായിരിക്കില്ല മയക്കുമരുന്ന് നല്‍കുന്നത്. പണം കൈമാറി അല്‍പസമയത്തിനുള്ളില്‍ മറ്റൊരാള്‍ മയക്കുമരുന്ന് നല്‍കും. സുരക്ഷിത സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചിട്ടാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.

സ്ത്രീകള്‍ അടക്കം വിതരണക്കാരായി ഉണ്ടാകും. ഈ സമയങ്ങളില്‍ പരിശോധന നടത്തിയാല്‍ കണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. ശനിയാഴ്ചത്തെ പാര്‍ട്ടി കഴിഞ്ഞ ശേഷം സംഘാടകര്‍ ലഹരി ഉപയോഗിച്ച് വിശ്രമിക്കുമ്പോഴാണ് പൂവാറില്‍ പരിശോധന നടന്നത്. ഇതുകൊണ്ടാണ് മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.