ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 31 ആയി; സമൂഹ വ്യാപനത്തിനു കാരണം നൈജീരിയയില്‍നിന്നെത്തിയ യാത്രക്കാരന്‍

ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 31 ആയി; സമൂഹ വ്യാപനത്തിനു കാരണം നൈജീരിയയില്‍നിന്നെത്തിയ യാത്രക്കാരന്‍

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ആറ് പേര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മൊത്തം ഒമിക്രോണ്‍ കേസുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു. അതേസമയം നൈജീരിയയില്‍നിന്ന് ദോഹ വഴി സിഡ്‌നിയിലെത്തിയ ഒരു യാത്രക്കാരനില്‍നിന്നാണ് പുതിയ വൈറസിന്റെ സമൂഹ വ്യാപനമുണ്ടായതെന്ന് ആരോഗ്യവിഭാഗം കണ്ടെത്തി.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് സംസ്ഥാനത്ത് 31 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 20 എണ്ണം പശ്ചിമ സിഡ്നിയിലെ രണ്ട് സ്‌കൂളുകളില്‍നിന്നും ഒരു ജിമ്മില്‍നിന്നുമാണ് വ്യാപിച്ചത്.

റീജന്റ്‌സ് പാര്‍ക്ക് ക്രിസ്റ്റ്യന്‍ സ്‌കൂളിലെ, അടുത്തെങ്ങും വിദേശയാത്ര നടത്താത്ത ഒരു വിദ്യാര്‍ത്ഥിക്കാണ് പ്രാദേശികമായി ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ചത്. വിദേശത്തായിരുന്ന ആരുമായും ഈ വിദ്യാര്‍ഥി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല.

നവംബര്‍ 23-ന് ദോഹയില്‍നിന്ന് വിമാനത്തില്‍ സിഡ്നിയിലെത്തിയ രോഗബാധിതനായ യാത്രക്കാരനില്‍ നിന്നാണ് പ്രാദേശികമായി 20 പേര്‍ക്ക് രോഗബാധയുണ്ടായതെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. യാത്രക്കാരന്‍ നൈജീരിയയില്‍ സമയം ചെലവഴിച്ചിരുന്നു.

നിലവില്‍ ക്വാറന്റീനില്‍ കഴിയുന്ന ഒമിക്രോണ്‍ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരില്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി 8 മണി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ ന്യൂ സൗത്ത് വെയില്‍സില്‍ 260 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്തെ ആശുപത്രികളില്‍ ആകെ 155 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 28 പേര്‍ തീവ്രപരിചരണത്തിലാണ്. അഞ്ച് പേര്‍ വെന്റിലേറ്ററിലും.

പുതിയ രോഗബാധയെ തുടര്‍ന്ന് രാജ്യത്തിനു പുറത്തുനിന്ന് വരുന്നവര്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ, ഈസ്വാറ്റിനി, മലാവി എന്നിവിടങ്ങളില്‍നിന്ന് ഓസ്ട്രേലിയയില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കര്‍ശനമായി കഴിയണം. നെഗറ്റീവ് ഫലം ലഭിച്ചതിനുശേഷം മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.