ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരെ ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്തിയപ്പോള്‍, സേന നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണത്തില്‍ ചുക്കാന്‍ പിടിച്ച സൈനികോദ്യോഗസ്ഥനായിരുന്നു മേജര്‍ ജനറല്‍ ബിപിന്‍ റാവത്ത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് പാകിസ്ഥാനിലെ ബാലാകോട്ടിലെ ഭീകര ഒളിത്താവളങ്ങളിലേക്ക് സൈന്യം മിസൈലുകള്‍ തൊടുത്തുവിട്ടപ്പോള്‍, ആ സര്‍ജിക്കല്‍ സ്ട്രൈക്കിന് തന്ത്രം മെനഞ്ഞത് ബിപിന്‍ റാവത്തായിരുന്നു. ഇന്നും അഭിമാനത്തോടെ ഒര്‍മ്മിക്കുന്ന നിമിഷങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച ധീരനായ പോരാളി.
ജനറല്‍ ബിപിന്‍ റാവത്തിന്റെ തന്ത്രങ്ങളിലും നിശ്ചദാര്‍ഢ്യത്തിലും പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ളവര്‍ക്ക് തെല്ലും സന്ദേഹമുണ്ടായിരുന്നില്ല. 2019 ഫെബ്രുവരി 14 ന് ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകര ക്യാമ്പുകളിലേക്ക് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ 40 ലേറെ ഭീകരരാണ് കൊല്ലപ്പെട്ടത്.
കരസേനാ മേധാവി സ്ഥാനത്തു നിന്നുമാണ് ജനറല്‍ ബിപിന്‍ ലക്ഷ്മണ്‍ സിങ് റാവത്ത് സംയുക്ത സേനാ മേധാവി എന്ന സുപ്രധാന പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. സംയുക്ത സേനാ മേധാവി എന്ന പദവി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പരിഗണിച്ച പ്രമുഖ പേരും ബിപിന്‍ റാവത്തിന്റേതാണ്. 2020 ജനുവരി ഒന്നിനാണ് റാവത്ത് സംയുക്ത സേനാ തലവനായി ചുമതലയേറ്റെടുക്കുന്നത്.
സേനാ മേധാവിമാരുടെ ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ അവസാനത്തെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കരസേനയുടെ 27-മത് മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ബിപിന്‍ റാവത്തിനെ സേനയിലെ അദ്ദേഹത്തിന്റെ മികവ് പരിഗണിച്ച് സംയുക്ത സേനാ മേധാവി പദവിയിലേക്ക് നിയോഗിക്കുകയായിരുന്നു. രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയാണ് ജനറല്‍ ബിപിന്‍ റാവത്ത്.
ഉത്തരാഖണ്ഡിലെ പൗരിയില്‍ ഹിന്ദു ഗര്‍വാളി രാജ്പുത് കുടുംബത്തില്‍ 1958 മാര്‍ച്ച് 16 നാണ് ബിപിന്‍ റാവത്തിന്റെ ജനനം. സൈനിക കുടുംബമായിരുന്നു റാവത്തിന്റേത്. അച്ഛന്‍ ലക്ഷ്മണ്‍ സിങ് റാവത്ത് സൈന്യത്തില്‍ ലെഫ്റ്റനന്റ് ജനറല്‍ ആയിരുന്നു. മുന്‍ എംഎല്‍എ കിഷന്‍ സിങ് പാര്‍മറുടെ മകളാണ് ബിപിന്‍ റാവത്തിന്റെ അമ്മ.
ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംല സെന്റ് എഡ്വേഡ്സ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിപിന്‍ റാവത്ത്, ഉപരിപഠനത്തിനായി കഡക് വാസല നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ഡെറാഡൂണ്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലും പഠനം.
അതിന് ശേഷം കന്‍സാസിലെ അമേരിക്കന്‍ ആര്‍മി കമാന്‍ഡ് ആന്‍ര് ജനറല്‍ സ്റ്റാഫ് കോളജിലും ഉന്നത വിദ്യാഭ്യാസം നടത്തി. പ്രതിരോധ വിഷയത്തില്‍ എം ഫില്ലും, മാനേജ്മെന്റ് ആന്റ് കംപ്യൂട്ടര്‍ സ്റ്റഡീസില്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി.
1978 ല്‍ 11 ഗൂര്‍ഖ റൈഫിള്‍സ് അഞ്ചാം ബറ്റാലിയനിലാണ് ബിപിന്‍ റാവത്തിന്റെ സൈനിക ജീവിതത്തിന് തുടക്കം. ഉയര്‍ന്ന പ്രദേശങ്ങളിലും തീവ്രവാദികള്‍ക്കെതിരായ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതിലും പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്നു. കരസേനയിലെ വിവിധ പദവികള്‍ വഹിച്ച ബിപിന്‍ റാവത്ത് 2016 സെപ്തംബറിലാണ് കരസേനാ ഉപ മേധാവിയായി നിയമിക്കപ്പെടുന്നത്.
അതേവര്‍ഷം ഡിസംബര്‍ 17 ന് ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയായും നിയമിച്ചു. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരായ പ്രവീണ്‍ പക്ഷി, പി.എം ഹാരിസ് എന്നിവരെ മറികടന്ന് ബിപിന്‍ റാവത്തിനെ രാജ്യത്തിന്റെ 27-ാം കരസേനാ മേധാവിയായി നിയമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷാ, ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് എന്നിവര്‍ക്ക് ശേഷം ഗുര്‍ഖാ ബ്രിഗേഡില്‍ നിന്നും കരസേനാ മേധാവി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ബിപിന്‍ റാവത്ത്. 1987 ലെ ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നണിയില്‍ ജനറല്‍ ബിപിന്‍ റാവത്തായിരുന്നു.
മ്യാന്മറിലെ വിഘടനവാദികളുടെ ഒളിയാക്രമണത്തില്‍ 18 സൈനികര്‍ മരിച്ചതിനെത്തുടര്‍ന്ന്, മ്യാന്മറിലെ ഭീകരക്യാമ്പുകളിലേക്ക് ആക്രമണം നടത്തിയത് ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലാണ്. പരമ വിശിഷ്ട സേവാമെഡല്‍, ഉത്തം യുദ്ധസേവാ മെഡല്‍, അതി വിശിഷ്ട സേവാമെഡല്‍, യുദ്ധ സേവാമെഡല്‍, വിശിഷ്ട സേവാമെഡല്‍ തുടങ്ങിയ സേനാ ബഹുമതികളും നല്‍കി ബിപിന്‍ റാവത്തിനെ രാജ്യം ആദരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.