വിമാനത്തില്‍ നിന്നു ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി തൊടുത്ത് ഇന്ത്യ

വിമാനത്തില്‍ നിന്നു   ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി തൊടുത്ത് ഇന്ത്യ

ഭുവനേശ്വര്‍:വിമാനത്തില്‍ നിന്നു വിക്ഷേപിക്കാവുന്ന ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഭുവനേശ്വറിനു സമീപം ചാന്ദിപൂരില്‍ റഷ്യന്‍ നിര്‍മ്മിത എസ് യു 30 എംകെഐ പോര്‍വിമാനത്തില്‍ നിന്നായിരുന്നു ബ്രഹ്‌മോസ് വ്യോമ പതിപ്പിന്റെ വിജയക്കുതിപ്പ്. ശാസ്ത്രസാങ്കേതിക രംഗത്തെ ഈ നിര്‍ണ്ണായക നേട്ടം പ്രതിരോധ സേന ആഘോഘിച്ചു തുടങ്ങിയതിനിടെയാണ് കൂനൂരിലെ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരണത്തിനു കീഴടങ്ങിയ വാര്‍ത്ത എത്തിയത്.

ബ്രഹ്‌മോസ് വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലായിട്ടാണ് 450 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ കഴിവുള്ള വ്യോമപതിപ്പിന്റെ വിക്ഷേപണം ഡിആര്‍ഡിഒ വിലയിരുത്തുന്നത്. വ്യോമ പതിപ്പിലെ റാംജെറ്റ് എന്‍ജിന്റെ പ്രധാന ഭാഗമായ എയര്‍ഫ്രെയിം തദ്ദേശീയമായി വികസിപ്പിച്ചത് നിര്‍ണ്ണായക നേട്ടമായി. മികച്ച വിപണന സാധ്യതയുള്ള മിസൈല്‍ കൂടിയാണിത്. ചാന്ദിപൂര്‍ ആസ്ഥാനമായുള്ള ഐടിആറില്‍ നിന്ന് ലംബമായി വിക്ഷേപിച്ച ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ (വിഎല്‍-എസ്ആര്‍എസ്എഎം) ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ വിക്ഷേപണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഈ പരീക്ഷണ വിജയത്തില്‍ ഉള്‍പ്പെട്ട ഡിആര്‍ഡിഒ, ബ്രഹ്‌മോസ് സാങ്കേതിക വിദഗ്ധരെയും ഇന്ത്യന്‍ വ്യോമ സേനാംഗളെയും അഭിനന്ദിച്ചു.

ഈ വര്‍ഷം ജൂലൈയില്‍ ബ്രഹ്‌മോസിന്റെ വ്യോമ പതിപ്പ് പരീക്ഷിച്ചെങ്കിലും ഉദ്ദേശിച്ച വിജയമുണ്ടായില്ല. പരീക്ഷണ ടേയ്ക്ക് ഓഫിന് പിന്നാലെ തകര്‍ന്നു. പരാജയം പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും ബ്രഹ്‌മോസ് എയ്റോസ്പേസ് കോര്‍പ്പറേഷന്റെയും സംയുക്ത സംഘം വിശകലനം ചെയ്തു. പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാറായിരുന്നു പരാജയ കാരണം.

മൂന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാനായായിരുന്നു സാധാരണ നിലയില്‍ ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിച്ചിരുന്നത്. നിലവില്‍ സൂപ്പര്‍ സോണിക് സാങ്കേതികത ഉപയോഗിച്ച് അതില്‍ കൂടുതല്‍ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ ബ്രഹ്‌മോസ് ഉപയോഗിച്ച് ശ്രമിക്കുന്നു. ഇന്ത്യയിലെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) റഷ്യയുടെ എന്‍പിഒ മഷിനോസ്‌ട്രോയീനിയയും (എന്‍പിഎം) സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ ബ്രഹ്‌മപുത്ര, റഷ്യയിലെ മോസ്‌ക്വ എന്നീ രണ്ട് നദികളില്‍ നിന്നാണ് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ശ്രേണിക്ക് ഈ പേര് ലഭിച്ചത്.സൂപ്പര്‍ സോണിക് കടന്ന് ഹൈപ്പര്‍സോണിക്ക് മിസൈലിന്റെയും പണിപ്പുരയിലാണ് ഇന്ത്യ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.