ചെന്നൈ: കൂനൂരില്‍ വ്യോമസേനാ ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും. ബെംഗളൂരുവിലെ എയര്‍ഫോഴ്സ് കമാന്‍ഡ് ആശുപത്രിയിലേക്കാണ് വരുണ്‍ സിംഗിനെ മാറ്റുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് ഇപ്പോള്‍ കഴിയുന്നത്. നിലവില്‍ വെല്ലിംഗ്ടണിലുള്ള ആശുപത്രിയിലാണ് വരുണ്‍ സിംഗുള്ളത്.
വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു. ബിപിന്‍ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരില്‍ ലാന്‍ഡിംഗിന് മിനിറ്റുകള്‍ക്ക് മുമ്പ് വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകര്‍ന്നത്.
അതേസമയം ഹെലികോപ്ടറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ജനറല്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്‍ സി മുരളി പറഞ്ഞു. ബിപിന്‍ റാവത്ത് തന്റെ പേര് പറഞ്ഞതായും ഹിന്ദിയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ദുര്‍ഘടമായ പ്രദേശമായിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ക്ക് പ്രദേശത്ത് എത്താന്‍ താമസമുണ്ടായി. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു.
കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലികോപ്ടറില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കി. വെല്ലിംഗ്ടണ്‍ എടിസിയുമായി സമ്പര്‍ക്കത്തില്‍ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നല്‍കിയ സന്ദേശം. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ അന്വേഷണ സംഘം കണ്ടെത്തി.
അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.