ആലപ്പുഴ: ഭോപ്പാലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളികളായ ദേശീയ കയാക്കിങ് താരങ്ങള്‍ മരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡ് ഇത്തിപ്പറമ്പില്‍ വീട്ടില്‍ അജിത്ത് രവി രഞ്ജിനി ദമ്പതികളുടെ മകന്‍ ഐ.എ അനന്തകൃഷ്ണന്‍ (അനന്തു -19), കൈനകരി തോട്ടുവാത്തല പഴയാറ്റില്‍ രഘുനാഥ് ജീജാമോള്‍ ദമ്പതികളുടെ മകന്‍ വിഷ്ണു രഘുനാഥ് (ഉണ്ണി - 26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് ഭോപ്പാല്‍ നേവല്‍ ബേസിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ ഇരുവരും മരണപ്പെട്ടു എന്നായിരുന്നു നാവികസേനയില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ലഭിച്ച വിവരം.
മൂന്ന് മാസം മുമ്പാണ് അനന്തകൃഷ്ണന്‍ നേവിയില്‍ പെറ്റി ഓഫീസറായി നിയമിതനായത്. 2024 ലെ കനോയിങ്-കയാക്കിങ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ പുരുഷന്മാരുടെ അയ്യായിരം മീറ്റര്‍ സിംഗില്‍ വിഭാഗം കനോയിംഗില്‍ അനന്തകൃഷ്ണനായിരുന്നു ചാമ്പ്യന്‍. കേരളം ചരിത്രത്തില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്. ഈ നേട്ടമാണ് നാവികസേനയിലേക്ക് അനന്തകൃഷ്ണന് വഴിതെളിച്ചത്.
ഭോപ്പാലില്‍ ഒരു മാസം മുമ്പ് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അടക്കം സ്വര്‍ണ മെഡല്‍ നേടിയ വിഷ്ണു രഘുനാഥ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി നാവികസേനാ ഉദ്യോഗസ്ഥനാണ്.
മാത്രമല്ല വിഷ്ണു നെഹ്റുട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മുന്‍ തുഴച്ചില്‍ താരം കൂടിയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഞാറാഴ്ച രാവിലെ 8:15 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. നാവിക സേനയുടെ ആദരവ് അര്‍പ്പിച്ച ശേഷം ഉച്ചയോടെ മൃതദേഹങ്ങള്‍ ആലപ്പുഴയിലെ വീടുകളിലെത്തിക്കും.
ആലപ്പുഴ സായിയില്‍ തുഴച്ചില്‍ താരമായ അര്‍ജ്ജുനാണ് അനന്തകൃഷ്ണന്റെ സഹോദരന്‍. വിഷ്ണുവിന്റെ സഹോദരി ലക്ഷ്മി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.