ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി ഹിന്ദുക്കളാണെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാദം തള്ളി സിബിസിഐ. ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ അഭിമാനമുള്ള ഇന്ത്യക്കാരാണെന്നും എന്നാല്‍ ഹിന്ദുക്കളല്ലെന്നും സിബിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ക്രൈസ്തവ സമൂഹം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും രാഷ്ട്ര നിര്‍മാണത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത് തുടരുകയും ചെയ്യും.
ഇന്ത്യയ്ക്ക് 'ഹിന്ദുസ്ഥാന്‍', 'ഹിന്ദ്' തുടങ്ങിയ പേരുകള്‍ ഉപയോഗിക്കുന്നതിനുള്ള ഹര്‍ജി 2016 ലെ സുപ്രധാന വിധിന്യായത്തില്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്.
അതാനാല്‍ തന്നെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണെന്ന പ്രസ്താവനയെയും അതിനുള്ള ശ്രമങ്ങളെയും നിരാകരിക്കുന്നതായി സിബിസിഐ അറിയിച്ചു. ഇന്ത്യ ഒരു 'പരമാധികാര സാമൂഹിക മതേതര ജനാധിപത്യ റിപ്പബ്ലിക്' ആണ്. ഇന്ത്യയുടെ നിലവിലെ ഭരണഘടന സംരക്ഷിക്കുന്നതിന് ക്രൈസ്തവര്‍ പ്രതിജ്ഞാ ബദ്ധരാണെന്നും സിബിസിഐ പറഞ്ഞു.
1982 ല്‍ കന്യാകുമാരിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വര്‍ഗീയ അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് വേണുഗോപാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന ആര്‍.എസ്.എസിന്റെ ചരിത്രം ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
'തീവ്രവാദപരവും ആക്രമണാത്മകവുമായ മനോഭാവം സ്വീകരിക്കുന്നവരാണ് ആര്‍.എസ്.എസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുക്കളുടെ അവകാശങ്ങളായി അവര്‍ കരുതുന്നതിന്റെ ചാമ്പ്യനായി സ്വയം നിലകൊള്ളുന്നു. വര്‍ഗീയ അക്രമം പ്രകോപിപ്പിക്കുന്നതാണ് ആര്‍.എസ്.എസിന്റെ രീതി ശാസ്ത്രം.
ക്രിസ്ത്യാനികള്‍ ഈ രാജ്യത്തെ വിശ്വസ്തരായ പൗരന്മാരല്ല എന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തില്‍ വര്‍ഗീയ വികാരങ്ങള്‍ ഉണര്‍ത്തുയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്' എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നും ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.