ഇരുപത്തിമൂന്ന് വേദികളിലായി ഒന്നര മാസക്കാലം നീണ്ടു നിന്ന പ്രയാണം; ഓസ്ട്രേലിയയുടെ മനം കീഴടക്കി തച്ചന്റെ മടക്കം

ഇരുപത്തിമൂന്ന് വേദികളിലായി ഒന്നര മാസക്കാലം നീണ്ടു നിന്ന പ്രയാണം; ഓസ്ട്രേലിയയുടെ മനം കീഴടക്കി തച്ചന്റെ മടക്കം

മെൽബൺ: കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്സിന്റെ നാടകാവിഷ്കാരമായ “തച്ചൻ” ഓസ്‌ട്രേലിയൻ പര്യടനം വിജയകരമായി പൂർത്തിയാക്കി. നിറഞ്ഞ സദസുകളിൽ പ്രേക്ഷകരുടെ കയ്യടിയോടെ അരങ്ങേറിയ നാടകം മലയാള നാടകത്തിനായി വിദേശമണ്ണിൽ പുതിയൊരു അധ്യായം തുറന്നു.

ഫാദർ നിബിൻ (ജോസഫ്) കൊച്ചുവീട്ടിലിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കലാസംഘം സെപ്റ്റംബർ അവസാനം ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ അതൊരു പുതിയ സാംസ്കാരിക ചരിത്രത്തിന്റെ തുടക്കമായിരുന്നു.


മെൽബൺ സെന്റ് അൽഫോൺസ കത്തീഡ്രൽ വികാരി ഫാ. മാത്യു അരീപ്ലാക്കലും ഫാ. ജിജിയും ചേർന്ന് സംവിധായകൻ രാജേഷ് ഇരുളത്തെ ആദരിക്കുന്നു

ഒക്ടോബർ മൂന്നിന് മെൽബൺ വെസ്റ്റ് ഡിയർ പാർക്കിൽ 'തച്ചൻ' ആദ്യമായി അരങ്ങേറിയപ്പോൾ അത് വിദേശ മണ്ണിൽ കേരളത്തിലെ ഒരു പ്രൊഫഷണൽ നാടക സമിതി ഫുൾ സെറ്റോടെ നടത്തുന്ന പര്യടനത്തിന്റെ മംഗളകരമായ തുടക്കമായി. അവിടെ നിന്ന് ഓസ്‌ട്രേലിയൻ മലയാളികളുടെ ഹൃദയങ്ങളിലേക്ക് പടർന്നു കയറിയ ഈ കലാവിരുന്ന് വിക്ടോറിയയിലെ റീജിയണൽ നഗരങ്ങൾ, സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയിൽസ്‌, ക്വീൻസ്ലാൻഡ്, മെൽബൺ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളെയെല്ലാം ആവേശം കൊള്ളിച്ചു.


നാടകത്തിൽ നിന്നുള്ള ദൃശ്യം

നവംബർ ഏഴിന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ തലസ്ഥാനമായ പെർത്തിൽ രണ്ട് ഷോകളോടെ ഈ കലായാത്രയ്ക്ക് സമാപനമായപ്പോൾ ഇരുപത്തിമൂന്ന് വേദികളിലായി പതിനായിരത്തിലധികം കലാസ്നേഹികളാണ് 'തച്ചന്' സാക്ഷ്യം വഹിച്ചത്. ന്യൂകാസ്റ്റലിൽ ആയിരത്തിലധികം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന വേദിയിൽ 'തച്ചൻ' അരങ്ങേറിയത് ഈ പര്യടനത്തിലെ സുവർണ നിമിഷമാണ്.

രാജേഷ് ഇരുളത്തിന്റെ സംവിധാന മികവും ഹേമന്ത് കുമാറിന്റെ ആഴമുള്ള കഥ, തിരക്കഥ, സംഭാഷണങ്ങളുമാണ് ഈ നാടകത്തിന്റെ ആത്മാവ്. ഫാദർ ജോസഫ് കൊച്ചുവീട്ടിൽ നിർമ്മാണം നിർവഹിച്ചപ്പോൾ ജോസെഫ് എന്ന കേന്ദ്ര കഥാപാത്രത്തെ അജിത് കുമാർ അനശ്വരമാക്കി.


തച്ചൻ നാടക ടീം മെൽബൺ സെന്റ് അൽഫോൺസ കത്തീഡ്രൽ ഇടവകാം​ഗങ്ങൾക്കൊപ്പം

അങ്കമാലിക്കടുത്ത് കോക്കുന്നിൽ മെൽബൺ സിറോമലബാർ രൂപത നിർമിക്കുന്ന സെമിനാരിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ഈ പര്യടനത്തിന് കരുത്തേകിയത് പോൾസ് ട്രാവൽ സൊല്യൂഷൻസ്, നസ്രാണി കെയർ എന്നീ മുഖ്യ സ്പോൺസർമാരാണ്.


മെൽബൺ സിറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ, വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ചാൻസലർ സിജീഷ് പുല്ലൻകുന്നേൽ, പ്രൊക്യൂറേറ്റർ ഡോക്ടർ ജോൺസൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ രൂപതയിലെ വൈദികരും പാരിഷ് മിഷൻ കൂട്ടായ്മകളും നടത്തിയ കഠിന പ്രയത്നമാണ് ഈ സ്വപ്ന പര്യടനം സാധ്യമാക്കിയത്.



നാടക ടീം അം​ഗങ്ങൾ പെർത്ത് ഇടവക വികാരി ഫാ. അജിത്ത് ചെറിയേക്കരയോടും അസിസ്റ്റന്റ് വികാരി ബിബിൻ വേലംപറമ്പിലിനും മറ്റ് പ്രവർത്തകരോടുമൊപ്പം

ഒരു ദൃശ്യവിസ്മയം എന്നതിലുപരി കുടുംബബന്ധങ്ങളുടെ അമൂല്യമായ ശക്തി വിളിച്ചോതുന്ന ഒരു നവ്യാനുഭവമായി 'തച്ചൻ' മാറിയെന്ന് പ്രേക്ഷക പ്രതികരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഓസ്‌ട്രേലിയൻ മലയാളികളുടെ മനസിൽ അവിസ്മരണീയമായ ഒരു ഓർമ്മ കൊത്തിവെച്ചാണ് 'തച്ചനും' അണിയറ ശില്പികളും മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.