കൊച്ചി: കേരള സഭയിലെ ആദ്യ സന്ന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ ധന്യ മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ പ്രഖ്യാപന ചടങ്ങുകള്‍ നടക്കും.
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതയുടെ മെത്രാനായ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മുഖ്യ കാര്‍മികത്വം വഹിക്കും. മരണപ്പെട്ട് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിക്കുകയും വിശുദ്ധയുടെ നാമകരണത്തിനായുള്ള പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെയുമാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത്.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ഡോ ഗിരേല്ലി സന്ദേശം നല്‍കും.
കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരു സ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. ദിവ്യബലിക്ക് ശേഷം മദര്‍ ഏലീശ്വയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെ.ആര്‍.എല്‍.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.
കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യകോപ്പി മദര്‍ ഷഹീല സി.ടി.സിക്ക് നല്‍കി നിര്‍വഹിക്കും. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിക്കും. തുടര്‍ന്ന് ഏലീശ്വ ചരിതം ഗാന ശില്‍പത്തിന്റെ അവതരണവും ഉണ്ടാകും.
മദര്‍ ഏലീശ്വ 1866 ഫെബ്രുവരി 13 ന് കൂനമ്മാവില്‍ സ്ഥാപിച്ച കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ (ടി.ഒ.സി.ഡി) ആണ് 1890 ല്‍ റീത്ത് അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട് കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ്സ് (സി.ടി.സി), കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മദര്‍ ഓഫ് കാര്‍മല്‍ (സി.എം.സി) എന്നി രണ്ട് സന്ന്യാസിനി സഭകള്‍ രൂപം കൊണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.