ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; ആശങ്കയോടെ കര്‍ഷകര്‍

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; ആശങ്കയോടെ കര്‍ഷകര്‍

ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. ക്രിസ്മസ് വിപണി ലക്ഷ്യം വച്ചുള്ള കര്‍ഷകരുടെ അധ്വാനം രോഗസ്ഥിരീകരണത്തോടെ ആശങ്കയിലാണ്.

തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂട്ടിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. രോഗകാരണം എച്ച്‌ 5 എന്‍ 1 വൈറസ് ആണെന്ന് ഇപ്പോഴാണ് സ്ഥിരീകരിച്ചത്. ഭോപ്പാലിലില്‍ നിന്നും പരിശോധനാഫലം ലഭിക്കാന്‍ വൈകിയതോടെ രോഗം വ്യാപിച്ചിട്ടുണ്ട്.

നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്ന് കര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുക. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്. കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നാണ് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചത്.

പതിനൊന്ന് പഞ്ചായത്തുകളില്‍ താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. 2014, 2016 വര്‍ഷങ്ങളില്‍‍ പക്ഷിപ്പനി പിടിപെട്ട് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു. ഈവര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്ടീരിയ ബാധമൂലവും താറാവുകള്‍ ചത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.