കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം: കുറഞ്ഞ ശമ്പളം 23,000 രൂപ, ഡി എ 137% ; 2021 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യം

 കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം: കുറഞ്ഞ ശമ്പളം 23,000 രൂപ, ഡി എ 137% ; 2021 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമാകുന്നു. പുതുക്കിയ ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന പുതിയ കേഡര്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ ആനുകൂല്യവും ലഭിക്കും.

പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ അതേ ശമ്പള സ്‌കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കും. കുറഞ്ഞ ശമ്പളം 23,000 രൂപ ആക്കി ഉയര്‍ത്തുമെന്ന് മന്ത്രി അറിയിച്ചു. 2022 ജനുവരി മാസം മുതല്‍ പുതുക്കിയ ശമ്പളം നല്‍കിത്തുടങ്ങും.

ശമ്പളത്തിന് 2021 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഈ കുടിശ്ശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ നല്‍കും. 137 % ഡി എ അനുവദിക്കും. എച്ച് ആര്‍എ നാല് ശതമാനം കുറഞ്ഞത് 1200 രൂപ, കൂടിയത് 5000 രൂപ. കൂടാതെ പ്രസവ അവധി 180 ദിവസം എന്നത് ഒന്നര വര്‍ഷമാക്കി. ആറ് മാസത്തിന് ശേഷം പ്രതിമാസം 5000 രൂപ നല്‍കും. 500 കി.മി വരെയുള്ള ദീര്‍ഘദൂര ബസുകള്‍ക്കായി ഡ്രൈവര്‍ കം കണ്ടകടര്‍ കേഡര്‍ നടപ്പാക്കും. അതിനുമുകളിലുള്ള സര്‍വ്വീസുകള്‍ക്ക് ക്രൂ ചേഞ്ച് ഉറപ്പാക്കും.

500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തും. ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്ന അധിക ബാധ്യതകള്‍ മറികടക്കാന്‍ വരുമാനം വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം 45 വയസിനു മുകളിലുള്ള ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷം വരെ പകുതി ശമ്പളത്തോടെ അവധി നല്‍കാനും പദ്ധതിയുണ്ട്. പെന്‍ഷന്‍ വര്‍ധനയുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും കെ സ്വിഫ്റ്റ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.