തൃശൂര്‍: ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്റെ ഭൗതിക ശരീരം പുത്തൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പ്രദീപിന്റെ ഏഴു വയസുള്ള മകന്‍ ദക്ഷിണ്‍ ദേവാണ് ചിതയ്ക്ക് തീകൊളുത്തിയത്.
പൂത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ധീര സൈനികന്‍ എ. പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാടൊന്നാകെയെത്തി. കോയമ്പത്തൂര്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡു മാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി പൂത്തൂര്‍ സ്‌കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ചു. ഇതിനുശേഷം പ്രദീപിന്റെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ചടങ്ങുകള്‍ വൈകിട്ട് 5.30ന് ആരംഭിച്ചു. വിലാപയാത്ര കടന്നുപോയപ്പോള്‍ ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ദേശീയ പതാകയുമായി നിരവധിപേരാണ് കാത്തു നിന്നത്.
ഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ മൃതദേഹത്തെ അനുഗമിച്ചു. മൃതദേഹം സുലൂരിലെത്തിച്ചപ്പോള്‍ തൃശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ അവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മുരളീധരനും പ്രതാപനും വിലാപയാത്രയെ അനുഗമിച്ചു.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004 ലാണ് പ്രദീപ് വ്യോമ സേനയില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. 2018 ല്‍ കേരളം പ്രളയത്തെ നേരിട്ടപ്പോള്‍ പ്രദീപിന്റെ നേതൃത്വത്തില്‍ സേന സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചത്.
തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്. കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. ഏഴു വയസുകാരന്‍ ദക്ഷിണ്‍ ദേവ്, രണ്ടു വയസുള്ള ദേവ പ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കള്‍.
ഊട്ടിയ്ക്കടുത്ത് കുനൂരില്‍ ബുധനാഴ്ചയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, പ്രദീപ് എന്നിവരടക്കം 14 പേരില്‍ 13 പേരും മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.