ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം യുകെയില്‍

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം യുകെയില്‍

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു.കെയില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്.

'ഒമിക്രോണ്‍ ബാധിച്ച് നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവരിലൊരാള്‍ക്ക് മരണം സംഭവിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ കരുതുന്നപോലെ നിസാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ലണ്ടനില്‍ കോവിഡ് കേസുകളില്‍ 44 ശതമാനം ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയില്‍ ഒമിക്രോണ്‍ വ്യാപനം വളരെ കൂടുതലാണ്. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുകെയില്‍ പരമാവധി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക ലക്ഷ്യമിട്ടുള്ള കാമ്പയിന്‍ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് പടിഞ്ഞാറല്‍ ലണ്ടനിലെ ഒരു വാക്‌സിനേഷന്‍ ക്ലിനിക്ക് സന്ദര്‍ശിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.

ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച പത്ത് പേരാണ് ആശുപത്രികളില്‍ കഴിയുന്നതെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

യുകെയില്‍ തിങ്കളാഴ്ച 54,661 പുതിയ കോവിഡ് കേസുകളും 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ബൂസ്റ്റര്‍ ഡോസുകള്‍ 70 ശതമാനം മുതല്‍ 75 ശതമാനം വരെ സംരക്ഷണം നല്‍കുമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നത്. ബ്രിട്ടനില്‍ 30 വയസ് കഴിഞ്ഞവര്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. 30നും 39നും ഇടയില്‍ പ്രായമുള്ള 75 ലക്ഷം ആളുകളാണ് രാജ്യത്തുള്ളത്. ഇവരില്‍ 35 ലക്ഷം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുക. മുപ്പത് വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനായി ഓണ്‍ലൈന്‍ മുഖേനെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഒമിക്രോണ്‍ വ്യാപനം സംഭവിച്ചാല്‍ ഏപ്രില്‍ മാസത്തിനുള്ളില്‍ 25,000 മുതല്‍ 75,000 ആളുകള്‍വരെ ആളുകള്‍ യുകെയില്‍ മരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.