ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ അംഗീകാരം ടെസ്‌ല സി.ഇ.ഒയും ബഹിരാകാശ സംരംഭകനുമായ ഇലോണ്‍ മസ്‌കിന്. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കാളായ ടെസ്‌ലയുടേതിന് പുറമെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ആയ സ്പെയ്സ് എക്സിന്റെയും ബ്രയിന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ന്യൂറാലിങ്കിന്റെയും തലവനാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. ലോകോത്തര കാര്‍ നിര്‍മ്മാതാക്കളായ ഫോഡിനെയും ജനറല്‍ മോട്ടോഴ്സിനെയും പിന്തള്ളി കാര്‍ വിപണിയില്‍ ടെസ്‌ല ഈ വര്‍ഷം ഒന്നാമതെത്തിയിരുന്നു. പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ പ്രത്യേകതകളോടെ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നതിനാലും മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ വിതരണ ശൃഖല കെട്ടിപ്പടുത്തതുമാണ് ടെസ്‌ലയുടെ വിജയമായി കരുതുന്നത്.
അതേസമയം ഇലോണ്‍ മസ്‌കിനെ 2021-ലെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആക്കാനുള്ള ടൈം മാഗസിന്റെ തീരുമാനത്തില്‍ പരക്കെ വിമര്‍ശനവും ഉയരുന്നുണ്ട്. നികുതി അടയ്ക്കുന്നതിനോടുള്ള അദ്ദേഹത്തിന്റെ മനോഭാവം, യൂണിയനുകളോടുള്ള എതിര്‍പ്പ് തുടങ്ങിയ കാരണങ്ങളാലാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ നികുതിയോടുള്ള എതിര്‍പ്പ് കാരണം മസ്‌ക് യുഎസില്‍ ഒരു വിവാദ വ്യക്തിയാണ്. അതിനാലാണ് ഈ അംഗീകാരം നിശിത വിമര്‍ശനത്തിന് ഇടയാക്കിയത്. 2014-നും 2018-നും ഇടയില്‍ മസ്‌കിന്റെ മൊത്തം സ്വത്തിലുണ്ടായ ഗണ്യമായ വര്‍ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ നികുതിയാണ് സര്‍ക്കാരിനു നല്‍കുന്നത്.
2020-ല്‍ കോവിഡിന്റെ ഭീഷണികളെ ഗൗരവത്തിലെടുക്കാതെയുള്ള ട്വീറ്റുകളിലൂടെയും മസ്‌ക് വിവാദത്തിലായിരുന്നു.
അടുത്തിടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മസ്‌ക് മാറിയിരുന്നു. ഒക്ടോബറില്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയുടെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിന് മുകളില്‍ കുതിച്ചുയര്‍ന്നു. കൂടാതെ സ്പേസ് എക്സ് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുമായി ചേര്‍ന്ന് ഒരു ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പരീക്ഷണമടക്കം വിവിധ ദൗത്യങ്ങള്‍ ആരംഭിച്ചു.
പോയ വര്‍ഷം വാര്‍ത്തയില്‍ ഇടം പിടിക്കുകയോ ആളുകളുടെ ജീവിതത്തെ നല്ല രീതിയിലോ മോശമായ സ്വാധീനിച്ച വ്യക്തിളെയാണ് ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കാറുള്ളത്. മാര്‍പാപ്പമാര്‍, ഗ്രേറ്റ തന്‍ബെര്‍ഗ്, ഹിറ്റ്ലര്‍, സ്റ്റാലിന്‍ എന്നിവര്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും അംഗീകാരം പങ്കിടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.