ന്യൂഡല്‍ഹി: 1971 ഡിസംബര്‍ 16. 'യുദ്ധം നമ്മള്‍ വിജയിച്ചു'... അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വാക്കുകള്‍ രാജ്യം കരഘോഷത്തോടെ ഏറ്റു വാങ്ങിയ ദിവസം. രാജ്യം ഐക്യത്തിന്റെയും ആവേശത്തിന്റെയും നെറുകയിലായിരുന്നു. 
സൈനിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ഇന്ത്യ നേടിയ അതുല്യ നേട്ടമായിരുന്നു ആ വിജയം. പാകിസ്ഥാനെ മുട്ടുകുത്തിച്ച 1971 ലെ ഇന്ത്യാ-പാക് യുദ്ധ വിജയത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്. വെടിയൊച്ചകള്‍ മുഴങ്ങിയ ആ 13 ദിവസം കൊണ്ട്  ലോകം ഇന്ത്യയെ തിരിച്ചറിഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തില്‍ പരാജയം സമ്മതിച്ച ജര്‍മ്മനിയെ പോലെ ഇന്ത്യക്ക് മുന്നില്‍ പാക് പട്ടാളത്തിന് സറണ്ടര്‍ പരേഡ് നടത്തേണ്ടി വന്നതും ചരിത്രം.
ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ തെരഞ്ഞെടുപ്പ് അംഗീകരിക്കാതെ പാക് പട്ടാള നേതൃത്വം കിഴക്കന്‍ പാക്കിസ്ഥാന്‍ എന്നറിയപ്പെട്ട ബംഗ്ലാദേശില്‍ നടപ്പാക്കിയ കൊടും ക്രൂരതകളാണ് പിന്നീട് ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധമായി മാറിയത്. ഷെയ്ഖ് മുജീബുര്‍ റഹ്മാനെ പാക് പട്ടാളം തടവിലാക്കി. കിഴക്കന്‍ പാക്കിസ്ഥാന്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് നടന്നത് പാക് പട്ടാളത്തിന്റെ കൂട്ടക്കുരുതിയായിരുന്നു. 
പതിനായിരക്കണക്കിന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു. ജീവന് വേണ്ടി ഇന്ത്യയിലേക്ക് അന്ന് പലായനം ചെയ്തത് ലക്ഷക്കണക്കിന് പേരായിരുന്നു. അഭയാര്‍ത്ഥി പ്രവാഹം താങ്ങാവുന്നതിലും അപ്പുറമായി. ഇന്ത്യയുടെ തിരിച്ചടി മുന്നില്‍ കണ്ട പാക്കിസ്ഥാന്‍ 1971 ഡിസംബര്‍ മൂന്നിന് ശ്രീനഗര്‍, പത്താന്‍കോട്ട്, ആഗ്ര ഉള്‍പ്പടെയുള്ള ഇന്ത്യയുടെ 11 വ്യോമതാവളങ്ങളില്‍ ബോംബിട്ടു. രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ഇന്ദിരാഗാന്ധി യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പാക് വ്യോമാതിര്‍ത്തിയില്‍ കടന്ന് തലങ്ങും വിലങ്ങും പ്രഹരം നടത്തി. ടാങ്കറുകള്‍ അടക്കമുള്ള പാകിസ്ഥാന്റെ യുദ്ധോപകരണങ്ങളും പട്ടാളക്കാരും അഗ്നി ഗോളമായി കത്തിയമര്‍ന്നു. പിന്നീട് ശക്തമായ ചെറുത്തു നില്‍പ്പിനുപോലും പാക് സേനയ്ക്കായില്ല. 
അവസാനം 92,000ത്തോളം വരുന്ന പാക് സൈനികര്‍ ഇന്ത്യന്‍ സേനയുടെ കരുത്തിനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു. യുദ്ധത്തില്‍ ഇന്ത്യ വിജയം കണ്ടപ്പോള്‍ പാകിസ്ഥാന്‍ വിഭജിക്കപ്പെട്ട് ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം ജന്മം കൊണ്ടു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.