ആലപ്പുഴ ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി മാറി: വിമർശനവുമായി ഹൈക്കോടതി

ആലപ്പുഴ ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി മാറി: വിമർശനവുമായി  ഹൈക്കോടതി

കൊച്ചി: ആലപ്പുഴയില്‍ എന്താണ് സംഭവിക്കുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറിയെന്ന് കോടതി പറഞ്ഞു. ജില്ലയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഗൗരവമായ പരാമര്‍ശം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

പൊലീസുമായി ബന്ധപ്പെട്ട മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ആലപ്പുഴ കൊലപാതകത്തെ സംബന്ധിച്ച പരാമര്‍ശം ഹൈക്കോടതി നടത്തിയത്. ജില്ലയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ച കോടതി ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്ന സ്ഥലമായി ആലപ്പുഴ മാറിയെന്നും നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരാമര്‍ശം നടത്തിയത്. മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സംഭവിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ചില ഗുണ്ടാ ആക്രമണങ്ങളും മറ്റും നഗരത്തിന്റെ പരിസര പ്രദേശങ്ങളിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കിടെ രണ്ട് ദാരുണ കൊലപാതകങ്ങള്‍ക്ക് ആലപ്പുഴ സാക്ഷ്യം വഹിക്കേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.

ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ സമാധാനം ഉറപ്പിക്കാന്‍ വിളിച്ച്‌ ചേര്‍ത്ത സര്‍വ്വകക്ഷി യോഗം മാറ്റിവെച്ചു. ബി.ജെ.പി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം നാളത്തേക്ക് മാറ്റിയത്. യോഗത്തിന്റെ സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു. കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ജിത്ത് ശ്രീനിവാസന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ച സമയത്തായിരുന്നു സര്‍വ്വകക്ഷിയോഗം നിശ്ചയിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ സമയം മാറ്റിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.