വാഷിങ്ടണ്‍ ഡിസി: ലോകത്തിന് ക്രിസ്തുമസ് സമ്മാനമൊരുക്കി പ്രമുഖ സ്‌പേസ് ഏജന്‍സികള്‍. നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും കനേഡിയന്‍ സ്പേസ് എജന്‍സിയും സംയുക്തമായി വികസിപ്പിച്ച ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദര്‍ശിനി ക്രിസ്തുമസ് രാത്രിയില്‍ പറന്നുയരും.
പ്രപഞ്ചത്തില്‍ രൂപം കൊണ്ട ആദ്യകാല ഗാലക്സികളെ കണ്ടെത്തുന്നതിനും അവയെപ്പറ്റി പഠിക്കുന്നതിനും നമ്മുടെ ക്ഷീരപഥം പോലെയുള്ള ഗാലക്സികള്‍ എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നതിനും ജ്യോതി ശാസ്ത്രജ്ഞരെ സഹായിക്കുക എന്നതാണ് ജെയിംസ് വെബ് ദൂരദര്‍ശിനിയുടെ കര്‍ത്തവ്യം.
ഹബ്ബിള്‍ ദൂരദര്‍ശിനിയുടെ 2.4 മീറ്റര്‍ വ്യാസമുള്ള മിററിനേക്കാള്‍ വലിയ 6.5 മീറ്റര്‍ വ്യാസമുള്ള സ്വര്‍ണത്തില്‍ നിര്‍മിതമായ മിററാണ് ജെയിംസ് വെബ് ദൂരദര്‍ശിനിയിലുള്ളത്. വലിയ മിററും ഇന്‍ഫ്രാറെഡ് നിരീക്ഷണ കഴിവുകളും ജെയിംസ് വെബ് ദൂരദര്‍ശിനിയെ കൂടുതല്‍ മികവുറ്റതാക്കും. ഇതുമൂലം നക്ഷത്രങ്ങളുടെയും ജീവ സാധ്യതയുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തിന്റേയും കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണം സാധ്യമാകും.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ആരിയന്‍ 5 റോക്കറ്റില്‍ ഫ്രഞ്ച് ഗയാനയിലെ കെയ്റോയില്‍ നിന്നാവും വിക്ഷേപണം. വിക്ഷേപണം പൂര്‍ത്തിയായാലും ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിനെ നിശ്ചയിച്ച സ്ഥാനത്ത് എത്തിക്കാന്‍ സങ്കീര്‍ണമായ ഒട്ടേറെ ഘട്ടങ്ങള്‍ മറികടക്കേണ്ടതായുണ്ട്.
ഭൂമിയെ വലം വെച്ചിരുന്ന ഹബ്ബിള്‍ ദൂരദര്‍ശിനിയില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോ മീറ്റര്‍ അകലെ സെക്കന്റ് ലാഗ്റേഞ്ച് പോയിന്റിനടുത്ത് (എല്‍2) സൂര്യനെ ചുറ്റും വിധമാണ് ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുടെ സ്ഥാനം. അതുകൊണ്ടുതന്നെ ഹബ്ബിള്‍ ദൂരദര്‍ശിനിയെ പോലെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിക്കില്ല.
വിക്ഷേപിച്ച് 30 മിനിറ്റിന് ശേഷം ജെയിംസ് ടെലിസ്‌കോപ്പ് ആരിയന്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് സോളാര്‍ പാനലുകള്‍ നിവര്‍ത്തും. ഇതുവഴി ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് ലാഗ്റേഞ്ച് പോയിന്റിലേക്കുള്ള ദൈര്‍ഘ്യമേറിയ സഞ്ചാരം. സോളാര്‍ പാനലുകള്‍ തുടക്കത്തില്‍ പൂര്‍ണമായി നിവര്‍ത്തില്ല. ഒരാഴ്ച കഴിഞ്ഞാണ് പാനലുകള്‍ പൂര്‍ണമായി നിവര്‍ത്തുക. പിന്നീട് രണ്ടാഴ്ച കഴിഞ്ഞാണ് ദൂരദര്‍ശിനിയുടെ 6.5 മീറ്റര്‍ വ്യാസമുള്ള മിറര്‍ തുറക്കുക.
വിക്ഷേപിച്ച് 30 ദിവസം കഴിയുമ്പോള്‍ ദൂരദര്‍ശിനി ലാഗ്റേഞ്ച് പോയിന്റിലെത്തുകയും ഭ്രമണപഥത്തില്‍ നിലയുറപ്പിക്കുന്നതിനുള്ള ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ഇതിന് ശേഷമാണ് ശാസ്ത്രീയ പഠനങ്ങള്‍ക്കും പരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍ ഓണ്‍ ചെയ്യുന്നത്. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടക്കുക.
നക്ഷത്രങ്ങളുടെയും ബ്ലാക്ക് ഹോളുകളുടേയും ഉത്ഭവം, ഗ്രഹങ്ങളിലെ ജീവ സാന്നിധ്യം, ഗാലക്സികള്‍ ഉള്‍പ്പടെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാവും ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിന്റെ ദൗത്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.