മധ്യ യൂറോപ്പിലെ സുവിശേഷവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയ വിശുദ്ധ പീറ്റര്‍ കനീഷ്യസ്

മധ്യ യൂറോപ്പിലെ സുവിശേഷവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയ വിശുദ്ധ പീറ്റര്‍ കനീഷ്യസ്

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 21

ര്‍മ്മനിയിലെ നിജ്മെഗെന്‍ എന്ന സ്ഥലത്ത് 1521 ല്‍ ജനിച്ച വിശുദ്ധ പീറ്റര്‍ കനീഷ്യസ് ഈശോ സഭയിലെ പ്രമുഖനായ വൈദികനാണ്. പാഷണ്ഡതകളില്‍ നിന്ന് കത്തോലിക്കാ സഭയെ സംരക്ഷിക്കുന്നതിനായി ജീവിതം മാറ്റിവച്ച അദ്ദേഹം ജര്‍മ്മനിയുടെ രണ്ടാമത്തെ അപ്പസ്തോലന്‍ എന്നാണ് അറിയപ്പെടുന്നത്.

പത്തൊമ്പതാം വയസില്‍ കൊളോണില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1543 ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. ജര്‍മ്മനിയില്‍ നിന്ന് ഈശോസഭയില്‍ ചേരുന്ന ആദ്യത്തെ വ്യക്തിയായിരുന്നു പീറ്റര്‍. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസില്‍ അദ്ദേഹം പുരോഹിതനായി. ബാല്യം മുതല്‍ തന്നെ ഭക്തി തീക്ഷ്ണതയില്‍ വളര്‍ന്നുവന്ന പീറ്റര്‍, പാഷണ്ഡതയേയും മത വിരോധത്തെയും അത്യധികം വെറുത്തിരുന്നു.

മധ്യ യൂറോപ്പിലെ സുവിശേഷവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ കനീഷ്യസ് ധാരാളം കോളജുകള്‍ സ്ഥാപിക്കുകയും തന്റെ മഹത്തായ രചനകള്‍ മുഖാന്തിരം കത്തോലിക്കാ സഭയ്ക്ക് ഒരു പുനര്‍ജീവന്‍ നല്‍കുകയും ചെയ്തു. കൂടാതെ ആല്‍പ്‌സ് പര്‍വ്വത പ്രദേശങ്ങളില്‍ കത്തോലിക്കാ നവോത്ഥാനത്തിനുള്ള അടിത്തറയിട്ടതും ഈ വിശുദ്ധനാണ്.

ഈ കാലത്താണ് ഹെര്‍മ്മന്‍ മെത്രാപ്പോലീത്താ സത്യസഭാ വിശ്വാസം ഉപേക്ഷിച്ചത്. ഇദ്ദേഹത്തിന്റെ സത്യവിശ്വാസ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചാള്‍സ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ അടുക്കല്‍ സഹായം തേടുന്നതിനായി സഭാധികൃതര്‍ പീറ്ററിനെയാണ് അയച്ചത്. ആ ഉദ്യമം അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി.

അക്കാലത്തെ പല സര്‍വ്വകലാശാലകളെയും പീറ്റര്‍ നവീകരണത്തിനു വിധേയമാക്കി. മാത്രമല്ല, നിരവധി പട്ടണങ്ങളെയും പ്രദേശങ്ങളെയും അദ്ദേഹം കത്തോലിക്കാ സഭയോട് ഐക്യപ്പടുത്തുകയും ചെയ്തു. പലപ്പോഴും പൊതുവേദികളില്‍ വച്ച് പാഷണ്ഡികളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവരുടെ സിദ്ധാന്തങ്ങളിലെ കപടതയെ ജനത്തിനു മുന്നില്‍ തുറന്നു കാട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണ ചാതുര്യം അനേകരുടെ മാനസാന്തരത്തിന് കാരണമായി.

1547-ല്‍ നടന്ന ട്രെന്റ് സൂനഹദോസിന്റെ പല സമ്മേളനങ്ങളിലും പങ്കെടുത്ത പീറ്റര്‍, സൂനഹദോസിന്റെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായി നിയമിതനായി. അതനുസരിച്ച് അദ്ദേഹം ജര്‍മ്മനി, പോളണ്ട്, ഓസ്ട്രിയാ, ബൊഹീമിയ മുതലായ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി.

തിരക്കു പിടിച്ച ജീവിതത്തിനിടയിലും വിശുദ്ധന്‍ അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ക്രിസ്തീയ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയ വേദോപദേശ പുസ്തകം അനേക നൂറ്റാണ്ട് പാഠ്യ പുസ്തകമായിരുന്നു. പന്ത്രണ്ടു ഭാഷകളിലായി അതിന്റെ ഇരുനൂറോളം പതിപ്പുകളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഏതാണ്ട് 1400 ഓളം കത്തുകള്‍ സഭാ-നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ സഹായിക്കുന്നതിനായി അദേഹം എഴുതിയിട്ടുണ്ട്.

മൂന്ന് മാര്‍പാപ്പാമാരുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തോട് പല കാര്യങ്ങളിലും പാപ്പാ പ്രതിനിധികളും സ്ഥാനപതികളും ഉപദേശം ആരായുക പതിവായിരുന്നു. നവോത്ഥാനത്തിന് മുന്‍പുള്ള ജര്‍മ്മനിയിലെ ആത്മീയ, പൗരോഹിത്യ ജീവിത ശൈലിയുടെ ഒരു കടുത്ത വിമര്‍ശകനായിരുന്നു വിശുദ്ധന്‍.

1597 ഡിസംബര്‍ 21 ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രിബോര്‍ഗില്‍ വെച്ച് പീറ്റര്‍ കനീഷ്യസ് മരണമടഞ്ഞു. 1925 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ ബവുദാകാരിയൂസ്

2. നിക്കോമേഡിയായിലെ ഗ്ലിസേരിയൂസ്

3. സ്പാനിഷ് നവാരയിലെ ഹോണരാത്തൂസ്

1. അന്തിയോക്യയിലെ അന്‌സ്താസിയൂസ് ജൂനിയര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26