അവശ്യ മേഖലയ്ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ

അവശ്യ മേഖലയ്ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ്  നിര്‍ബന്ധമാക്കി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ

പെര്‍ത്ത്: തൊഴിലാളികള്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപിച്ച് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നത്. ഇതുപ്രകാരം സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് മൂന്നാമത്തെ ഡോസ് വാക്സിന്‍ ലഭ്യമാക്കുമെന്നു പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന്‍ അറിയിച്ചു.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മാസ്‌ക് നിര്‍ബന്ധമാക്കിയതായും പ്രീമിയര്‍ ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ബൂസ്റ്റര്‍ ഡോസ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ. നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത എല്ലാ തൊഴിലാളികളും ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ എടുക്കേണ്ടതുണ്ട്.

ആരോഗ്യം, വയോജന പരിചരണം, ഖനനം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആദ്യം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയക്കാരില്‍ മൂന്നിലൊന്ന് പേര്‍ക്ക് ഇതിനകം ബൂസ്റ്റര്‍ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് പ്രീമിയര്‍ പറഞ്ഞു. ഒമിക്രോണ്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് എത്രയും വേഗം എല്ലാവരും മൂന്നാമത്തെ ഡോസ് സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

അതിനിടെ, ടാസ്മാനിയയില്‍നിന്നും നോര്‍ത്തേണ്‍ ടെറിട്ടറിയില്‍നിന്നുമുള്ള യാത്രക്കാര്‍ക്ക് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്കുള്ള പ്രവേശനം നിരോധിച്ചു. ബോക്സിങ് ദിനമായ 26 മുതല്‍ അതിര്‍ത്തി നിയമങ്ങളില്‍ മാറ്റം വരും.

നോര്‍ത്തേണ്‍ ടെറിട്ടറിയും ടാസ്മാനിയയും രോഗവ്യാപനമുള്ള സംസ്ഥാനങ്ങളായതിനാല്‍ അവിടെനിന്നുള്ള യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രമേ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്കു പ്രവേശനം അനുവദിക്കൂ. ഈ സംസ്ഥാനങ്ങളിലേക്കു പോയവര്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലേക്ക് ഉടന്‍ മടങ്ങിവരണമെന്ന് പ്രീമിയര്‍ പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് ആശങ്കപ്പെടുത്തുന്നതായി മാര്‍ക്ക് മക്ഗോവന്‍ പറഞ്ഞു.

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് കാര്യമായ ആശങ്ക സൃഷ്ടിക്കുന്നതായി പ്രീമിയര്‍ പറഞ്ഞു. രണ്ട് ഡോസുകളേക്കാള്‍ മൂന്ന് ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കുന്നത് ഒമിക്രോണിനെ ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമാണെന്ന ആരോഗ്യ വിദഗ്ധരുടെ ഉപദേശം ലഭിച്ചതിനെതുടര്‍ന്നാണ് അവശ്യ വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരി അഞ്ചിന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറക്കാനാണു നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 12 വയസും അതില്‍ കൂടുതലുമുള്ള 80 ശതമാനത്തിലധികം ജനങ്ങള്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച സാഹചര്യത്തിലാണ് ദീര്‍ഘകാലമായി കാത്തിരുന്ന പ്രഖ്യാപനം വന്നത്. അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ ചില നിയന്ത്രണങ്ങളും കൊണ്ടുവരും. വാക്‌സിനെടുക്കാത്തവരെ പൊതുസ്ഥലങ്ങളില്‍നിന്ന് ഒഴിവാക്കും. ഇന്‍ഡോറില്‍ മാസ്‌ക് നിര്‍ബന്ധമാക്കും.

സംസ്ഥാനത്ത് നാല് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി മാര്‍ക്ക് മക്ഗോവന്‍ പറഞ്ഞു. രണ്ടു പേര്‍ ആഫ്രിക്കയില്‍നിന്ന് വന്ന് ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

ഞായറാഴ്ച ബ്രിസ്ബനില്‍ നിന്ന് പെര്‍ത്തിലെത്തിയ ദമ്പതികളാണ് മറ്റു രണ്ടു പേര്‍.

സംസ്ഥാനത്തെ ഇരട്ട ഡോസ് വാക്‌സിനേഷന്‍ നിരക്ക് 82.7 ശതമാനമാണ്. 12 വയസും അതില്‍ കൂടുതലുമുള്ള പടിഞ്ഞാറന്‍ ഓസ്ട്രേലിയക്കാരില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്നും മക്ഗോവന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.