നിർബന്ധിത മത പരിവർത്തന നിയമം കർണാടക നിയമസഭാ പാസ്സാക്കി; നിയമ പരമായി നേരിടുമെന്ന് ക്രൈസ്തവ സംഘടനകൾ

നിർബന്ധിത മത പരിവർത്തന നിയമം കർണാടക നിയമസഭാ പാസ്സാക്കി; നിയമ പരമായി നേരിടുമെന്ന് ക്രൈസ്തവ സംഘടനകൾ

ബെംഗളൂരു: മതപരിവര്‍ത്തന വിരുദ്ധ ബില്‍ എന്നറിയിപ്പെടുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍ കര്‍ണാടക നിയമസഭ പാസാക്കി. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടുകൂടിയാണ് ബില്‍ പാസാക്കിയത്. ജനതാദള്‍ എസും ബില്ലിനെ എതിര്‍ത്തു.

ബില്ലിനെ ക്രൂരവും മനുഷ്യത്വവരുദ്ധവുമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമമാണെന്നും ആരോപിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് മതപരിവര്‍ത്തന വിരുദ്ധ ബില്‍ കര്‍ണാടകയിലും കൊണ്ടുവന്നത്. ബില്‍ നിയമമാകണമെങ്കില്‍ നിയമനിര്‍മാണ കൗണ്‍സിലില്‍ കൂടി പാസാകേണ്ടതുണ്ട്. ഇവിടെ ബിജെപിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ബില്‍ പാസാക്കിയേക്കും.

കര്‍ണാടകയില്‍ നടപ്പാക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയുള്ള മതംമാറ്റവും കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. നിയമവകുപ്പ് തയ്യാറാക്കിയ നിയമത്തിന്റെ കരടിലാണ് ഇക്കാര്യമുള്ളത്. മതപരിവര്‍ത്തനം ലക്ഷ്യമാക്കി നടത്തുന്ന വിവാഹങ്ങള്‍ അസാധുവാകുമെന്നും കരടില്‍ പറയുന്നു.

മതസംഘടനകള്‍ നടത്തുന്ന സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാമെന്നോ തൊഴില്‍ നല്‍കാമെന്നോ മികച്ച ജീവിത സാഹചര്യങ്ങളൊരുക്കാമെന്നോ വാഗ്ദാനം ചെയ്ത് മതത്തിലേക്ക് ആകര്‍ഷിക്കുന്നതും കുറ്റകരമാകും.

കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2021 എന്ന പേരിലാണ് നിയമം. ഇത് തിങ്കളാഴ്ച നിയമസഭയുടെ മേശപ്പുറത്തുവെക്കുമെന്നാണ് സൂചന. മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കാനും തെറ്റിദ്ധരിപ്പിച്ചും നിര്‍ബന്ധം ചെലുത്തിയും സ്വാധീനം ചെലുത്തിയും സമ്മര്‍ദ്ദമുപയോഗിച്ചും കപട മാര്‍ഗങ്ങളുപയോഗിച്ചും വിവാഹത്തെ ഉപയോഗിച്ചും മതം മാറ്റുന്നതിനെ തടയുന്നതുമാണ് നിയമമെന്ന് കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതംമാറ്റത്തിന് വിധേയരാകുന്നവരുടെ രക്ഷിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ രക്തബന്ധത്തിലോ വിവാഹബന്ധത്തിലോ ഉള്ളവര്‍ക്കോ കേസ് നല്‍കാമെന്ന് കരടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടിക വിഭാഗത്തില്‍പെടുന്നവരെയോ മതം മാറ്റിയാല്‍ മൂന്നുമുതല്‍ പത്തുവര്‍ഷംവരെ തടവും 50,000 രൂപ പിഴയും ശിക്ഷ ലഭിക്കും. മറ്റുള്ളവരെ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷംവരെ തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാമെന്നും കരട് നിയമത്തിലുണ്ട്.

നിരവധി പേരെ ഒരുമിച്ച് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് (മാസ് കണ്‍വേര്‍ഷന്‍) പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കും. പിഴക്കു പുറമെ, മതം മാറ്റത്തിനിരയാകുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനും കോടതിക്ക് വിധിക്കാം.

കർണാടക നിയമസഭ പാസാക്കിയ മതവിശ്വാസ സംരക്ഷണ ബില്ലിനെ നിയമപരമായി നേരിടാൻ 14 ബിഷപ്പുമാരുടെ കൂട്ടായ്മ രംഗത്തിറങ്ങുമെന്നു മൈസൂരു ബിഷപ് കെ.എ.വില്യംസ് അറിയിച്ചു. ഒട്ടേറെ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ സമൂഹം ആരെയും മതപരിവർത്തനത്തിനു നിർബന്ധിക്കുന്നില്ല. നിർബന്ധിത മതംമാറ്റം തെളിഞ്ഞാൽ ശിക്ഷ നൽകാൻ നിലവിൽ നിയമവ്യവസ്ഥയുണ്ട്. ഇതിനായി പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു ആർച്ച് ബിഷപ്പും കർണാടക റീജൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായ ഡോ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിൽ ക്രൈസ്തവ കൂട്ടായ്മകളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.