ഏറ്റവും വലിയ സമ്മാനം

ഏറ്റവും വലിയ സമ്മാനം

ശാലോം ശുശ്രൂഷകനായ സിബി പുല്ലൻപ്ലാവിൽ പങ്കുവച്ച ഒരനുഭവം കുറിക്കാം.

ഇടവകത്തിരുനാൾ നടക്കുന്ന സമയം.പള്ളിയിൽ പോകുന്നതിനു മുമ്പ് മൂത്ത മകൻ വന്ന് സിബിയോട് ചോദിച്ചു: "പപ്പ...ആഘോഷിക്കാൻ എനിക്കല്‌പം പണം വേണമായിരുന്നു?""നിനക്കെത്ര വേണം?""500 രൂപ"
മനസില്ലാമനസോടെയാണെങ്കിലും മൂത്ത മകന് അദ്ദേഹം അഞ്ഞൂറു രൂപ നൽകി. ഇതു കണ്ടു നിന്ന രണ്ടാമത്തെ മകൻ: "തിരുനാൾ ആഘോഷിക്കാൻ എനിക്കും വേണം പണം." "നിനക്കെത്രയാ വേണ്ടത്?""പപ്പയ്ക്ക് ഇഷ്ടമുള്ളത് തന്നാൽ മതി." അദ്ദേഹം അവന് 400 രൂപ നൽകി. അതിനുശേഷം ഇവയെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇളയവനോട് ചോദിച്ചു:"നിനക്കൊന്നും വേണ്ടേ?""പപ്പ .... എനിക്ക് പൈസയൊന്നുംവേണ്ട"മകന്റെ മറുപടി കേട്ട അദ്ദേഹം വിടർന്ന മിഴികളോടെ ചോദിച്ചു: "അതെന്താ നിനക്ക് മാത്രം പണം വേണ്ടാത്തത്? ചേട്ടന്മാർക്ക് രണ്ടു പേർക്കും പണം കൊടുക്കുന്നത് നീ കണ്ടതല്ലെ?"പപ്പയെ കെട്ടിപ്പിടിച്ചു കൊണ്ട് ആ ആറാം ക്ലാസുകാരൻ പറഞ്ഞു: "പപ്പ എന്റെ കൂടെയുണ്ടല്ലോ ....അതു മതി. ആവശ്യമുള്ളതെല്ലാം പപ്പ വാങ്ങിത്തരുമെന്ന് എനിക്കുറപ്പാണ് ..." ആ മറുപടി അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. അന്നത്തെ തിരുനാളിൽ ഏറ്റവും കൂടുതൽ കളിപ്പാട്ടങ്ങളും സാധനങ്ങളും ലഭിച്ചത് ആ ഇളയ മകനായിരുന്നു.

ക്രിസ്മസ് ദിനത്തിൽ ഈ സംഭവം നമ്മെ ചിന്തിപ്പിക്കണം.ഒരു വ്യക്തിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്തു.ആ ക്രിസ്തുവിനെ ദൈവം നമുക്ക് സ്വന്തമായ് നൽകിയതിന്റെ ഓർമയാണ് ക്രിസ്തുമസ്. നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിനേക്കാൾ പ്രാധാന്യം മറ്റു പലതിനും നൽകുന്നതു കൊണ്ടാണ് സന്തോഷവും സമാധാനവും നമുക്ക് നഷ്ടമാകുന്നത്. ഈയവസരത്തിൽ മിഴികൾ പൂട്ടി ദൈവദൂതന്റെയും മാലാഖമാരുടെയും സ്വരം ശ്രവിക്കാം: "ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. പെട്ടെന്ന്‌, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്‌ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ പറഞ്ഞു: അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!" (ലൂക്കാ 2 : 11-14)

നമുക്കായ് ജനിച്ച നമ്മുടെ കൂടെയായിരിക്കാൻ പിറന്ന ഇമ്മാനുവേലിനെ നമുക്ക് സ്വന്തമാക്കാം. ക്രിസ്തുമസിന് ക്രിസ്തുവിനെ മറക്കാതിരിക്കാം.

ഏവർക്കും ക്രിസ്മസ് മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26